വാഷിംഗ്ടണ്‍ – ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള കരാര്‍ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കി.
ഇസ്രായിലികള്‍ എന്റെ വ്യവസ്ഥകള്‍ അംഗീകരിച്ചു. ഹമാസും അത് അംഗീകരിക്കേണ്ട സമയമായി – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ പറഞ്ഞു. അത് സ്വീകരിക്കാത്തതിന്റെ അനന്തരഫലങ്ങളെ കുറിച്ച് ഞാന്‍ ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ല! – ട്രംപ് പറഞ്ഞു.
ഗാസയില്‍ സമഗ്രമായ കരാറിലെത്താന്‍ മധ്യസ്ഥരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഹമാസ് അറിയിച്ചതിനു പിന്നാലെ ഗാസ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉടന്‍ കരാറില്‍ എത്തിച്ചേരാനാകുമെന്ന് യു.എസ് പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിര്‍ത്തലിനുള്ള മുന്‍ യു.എസ് നിര്‍ദേശം തങ്ങള്‍ അംഗീകരിച്ചിരുന്നെങ്കിലും ഇസ്രായിലിന്റെ ഭാഗത്തു നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നും ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള ചര്‍ച്ചക്ക് തയാറാണെന്നും ഹമാസ് പറഞ്ഞു. യുദ്ധം നിര്‍ത്താന്‍ മധ്യസ്ഥര്‍ നടത്തുന്ന ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുന്നതായും ഹമാസ് കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങള്‍ക്ക് ലഭിച്ച വിവരമനുസരിച്ച്, കരാര്‍ നടപ്പാക്കുന്നതിന്റെ ആദ്യ ദിവസം തന്നെ ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ഇസ്രായിലി ബന്ദികളെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണമെന്ന് പുതിയ നിര്‍ദേശം വ്യവസ്ഥ ചെയ്യുന്നു. പകരം ദീര്‍ഘകാല തടവ് അനുഭവിക്കുന്ന നൂറുകണക്കിന് ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ വിട്ടയക്കും. ഗാസ സിറ്റി പിടിച്ചടക്കാനുള്ള സൈനിക നടപടി ഇസ്രായില്‍ നിര്‍ത്തി ഇരുപക്ഷവും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചാ പ്രക്രിയ ആരംഭിക്കണമെന്നും നിര്‍ദേശം ആവശ്യപ്പെടുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ, ട്രംപ് ഈ പ്രക്രിയ വ്യക്തിപരമായി കൈകാര്യം ചെയ്യുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുമെന്ന് ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ചില ആശയങ്ങള്‍ ലഭിച്ചതായി ഹമാസ് സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് മധ്യസ്ഥര്‍ വഴി ചില ആശയങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചു. ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ സഹായിക്കുന്ന ഏതൊരു നീക്കത്തെയും ഹമാസ് സ്വാഗതം ചെയ്യുന്നു – ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാനുള്ള വ്യക്തമായ പ്രഖ്യാപനത്തിനും ഗാസ മുനമ്പില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങുന്നതിനും ഗാസയുടെ ഭരണത്തിന് കക്ഷികള്‍ക്കതീതമായി സ്വതന്ത്രരായ ഫലസ്തീനികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നതിനും പകരമായി എല്ലാ ബന്ദികളെയും മോചിപ്പിക്കുന്നതിനെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചക്ക് തയാറാണ് – ഹമാസ് പറഞ്ഞു.
അംഗീകരിച്ച ശേഷം കരാറുകള്‍ തള്ളിക്കളയുകയോ റദ്ദാക്കുകയോ ചെയ്ത മുന്‍ അനുഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍, ഇസ്രായില്‍ അംഗീകരിക്കുന്ന കാര്യങ്ങള്‍ പാലിക്കുമെന്ന് പരസ്യമായും വ്യക്തമായും ഉറപ്പുനല്‍കണം. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ നിര്‍ദേശത്തെ അടിസ്ഥാനമാക്കി മധ്യസ്ഥര്‍ സമര്‍പ്പിച്ച വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാര്‍ 2025 ഓഗസ്റ്റ് 18 ന് കയ്റോയില്‍ വെച്ച് ഹമാസ് അംഗീകരിച്ചിരുന്നു. എന്നാല്‍ ഇസ്രായില്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നു മാത്രമല്ല, കൂട്ടക്കൊലകളും വംശീയ ഉന്മൂലനവും തുടരുകയാണ്. അതിനാല്‍, നമ്മുടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമഗ്ര കരാറായി ഈ ആശയങ്ങള്‍ വികസിപ്പിക്കുന്നതിന് മധ്യസ്ഥരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയാണ് – ഹമാസ് പറഞ്ഞു.
ഗാസയിലെ വെടിനിര്‍ത്തലിനായി മിഡില്‍ ഈസ്റ്റിലേക്കുള്ള യു.എസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് കഴിഞ്ഞയാഴ്ച ഹമാസിന് പുതിയ നിര്‍ദേശം സമര്‍പ്പിച്ചതായി ആക്‌സിയോസ് വാര്‍ത്താ വെബ്സൈറ്റ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാനുള്ള കരാര്‍ വിറ്റ്‌കോഫിന്റെ പുതിയ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നു. ഗാസ നഗരം പിടിച്ചെടുക്കാന്‍ പദ്ധതിയിട്ട് ഇസ്രായില്‍ വലിയ തോതിലുള്ള ആക്രമണം ആരംഭിക്കുന്നതിനു മുമ്പ് നയതന്ത്ര പരിഹാരം കണ്ടെത്താനാണ് വിറ്റ്‌കോഫിന്റെ പുതിയ നിര്‍ദേശത്തിന്റെ ലക്ഷ്യമെന്നും വെബ്‌സൈറ്റ് കൂട്ടിച്ചേര്‍ത്തു. ഹമാസ് എല്ലാ ബന്ദികളെയും വിട്ടയച്ചാല്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കുമെന്ന് വിറ്റ്‌കോഫ് മധ്യസ്ഥര്‍ വഴി ഹമാസിനെ അറിയിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. സമഗ്രമായ കരാറിലെത്താന്‍ ഹമാസ് തയാറാണെന്ന് മധ്യസ്ഥര്‍ വിറ്റ്‌കോഫിനെ അറിയിച്ചിട്ടുണ്ട്.