സൻആ – മധ്യയെമനിലെ അൽബൈദാ ഗവർണറേറ്റിൽ ഹൂത്തി ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കുന്ന ഗോത്രവർഗ സംഘർഷത്തിൽ 20 പേർ കൊല്ലപ്പെട്ടു. 34 പേർക്ക് പരുക്ക്. റദാഅ് നഗരത്തിനടുത്തുള്ള ബനീ സിയാദ് ഗ്രാമത്തിൽ അലി സഈദ്, അൽജവാബിറ കുടുംബങ്ങൾ തമ്മിലാണ് സംഘർഷം നടക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട ഗോത്രവർഗ സംഘർഷം ഇപ്പോഴും തുടരുന്നതായി പ്രാദേശിക സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു.
ഇടത്തരം, കനത്ത ആയുധങ്ങൾ ഉപയോഗിക്കുന്ന സംഘർഷം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പഴയ പ്രതികാരത്തിന്റെ തുടർച്ചയാണെന്നും സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള ഗോത്രമധ്യസ്ഥ ശ്രമങ്ങൾക്കിടയിലും ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. സംഘർഷം ഡസൻ കണക്കിന് കുടുംബങ്ങളെ പലായനം ചെയ്യാൻ നിർബന്ധിതമാക്കി. ഏതാനും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഗ്രാമത്തിലെ സ്‌കൂളുകളിലെ ക്ലാസുകൾ തടസ്സപ്പെടുത്തുകയും ചെയ്തതായി പ്രാദേശിക വൃത്തങ്ങൾ പറഞ്ഞു.



