ജിദ്ദ – ദക്ഷിണ ലെബനോനിലെ ബിന്‍ത് ജബൈലില്‍ മൂന്നു ലെബനീസ് സൈനികര്‍ കൂടി ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലെബനീസ് സൈന്യം അറിയിച്ചു. ഇസ്രായില്‍ ആക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുന്നതിനിടെയാണ് ലെബനീസ് സൈനികരെ ലക്ഷ്യമിട്ട് ഇസ്രായില്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ലെബനീസ് സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ്.
പുതിയ സംഭവത്തോടെ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ലെബനീസ് സൈനികരുടെ എണ്ണം ആറായി ഉയര്‍ന്നു. കഴിഞ്ഞ ഞായറാഴ്ച ദക്ഷിണ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ മൂന്നു ലെബനീസ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ഇസ്രായില്‍ ക്ഷമാപണം നടത്തിയിരുന്നു.
കഴിഞ്ഞ മാസാവസാനം മുതല്‍ ദക്ഷിണ, കിഴക്കന്‍ ലെബനോനിലും ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്തും ഇസ്രായില്‍ വ്യോമാക്രമണങ്ങള്‍ തുടരുകയാണ്. ഇസ്രായിലിനു നേരെ മിസൈലുകള്‍ തൊടുത്തുവിടുന്നത് ഹിസ്ബുല്ല പോരാളികളും തുടരുന്നു. ലെബനീസ് സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതിനെതിരെ ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലാന്റിന് അമേരിക്കന്‍ പ്രതിരോധ മന്ത്രി ലോയിഡ് ഓസ്റ്റിന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. ഇസ്രായിലി സൈന്യത്തിന്റെ ആക്രമണത്തില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടതില്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
അതിനിടെ, സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലും പടിഞ്ഞാറന്‍ നഗരമായ ഹുംസിനു സമീപം സൈനിക കേന്ദ്രത്തിലും ഇന്ന് പുലര്‍ച്ചെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. സിറിയയില്‍ ഇറാനുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ വര്‍ഷങ്ങളായി ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ ഹമാസ് മിന്നലാക്രമണം നടത്തിയ ശേഷം സിറിയയില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.