അമ്മാൻ – ജോര്‍ദാനില്‍നിന്ന് അനധികൃത രീതിയില്‍ ഹജ് തീര്‍ഥാടകരെ പുണ്യഭൂമിയിലെത്തിച്ച കേസില്‍ മൂന്നു കമ്പനികള്‍ അടപ്പിച്ചതായി ജോര്‍ദാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഹാജിമാരെ കബളിപ്പിച്ച കേസില്‍ ഇതുവരെ 35 പേരുടെ സാക്ഷി മൊഴികള്‍ പബ്ലിക് പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ജോര്‍ദാനില്‍ നിന്ന് അനധികൃത രീതിയില്‍ ഹജിനെത്തിയ 99 പേര്‍ മരണപ്പെട്ടിരുന്നു.
പുണ്യസ്ഥലങ്ങളില്‍ താമസ, യാത്രാ സൗകര്യങ്ങളും മറ്റു പരിചരണങ്ങളും ലഭിക്കാതെയും കൊടുംചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലുമാണ് തീര്‍ഥാടകര്‍ മരണപ്പെട്ടത്. അനധികൃത രീതിയില്‍ തീര്‍ഥാടകരെ സൗദിയിലേക്ക് അയച്ച കമ്പനികള്‍ക്കെതിരെ ഇതുവരെ 54 പേര്‍ പരാതികളുമായി രംഗത്തെത്തിയതായി ജോര്‍ദാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഔദ്യോഗിക ഹജ് മിഷനു കീഴില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കാത്തവരെയും നിയമാനുസൃത രീതിയില്‍ ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ സാമ്പത്തിക ശേഷിയില്ലാത്തവരെയും ഹജ് നിര്‍വഹിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുമെന്ന് അവകാശപ്പെട്ട് ടൂറിസം കമ്പനികളും മറ്റും ഹജിന് ഏറെ മുമ്പ് വിസിറ്റ് വിസയില്‍ പുണ്യഭൂമിയിലെത്തിച്ച ശേഷം കൈയൊഴിയുകയായിരുന്നു.
ഹജ് തീര്‍ഥാടകരെ ഈ രീതിയില്‍ കബളിപ്പിച്ച നിരവധി ടൂറിസം കമ്പനികള്‍ക്കെതിരെ ഈജിപ്തും കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. തീര്‍ഥാടകരെ കബളിപ്പിച്ച നൂറു കണക്കിന് ഏജന്റുമാരെ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇത്തവണത്തെ ഹജിന് കൊടുംചൂടു മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാല്‍ 1,300 ലേറെ പേര്‍ മരണപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ 85 ശതമാനത്തോളം അനധികൃത ഹാജിമാരായിരുന്നു.