തെഹ്റാൻ- അമേരിക്കയുമായുള്ള നിലവിലെ സംഘർഷങ്ങൾക്ക് സൈനികമായോ ഉപരോധങ്ങൾ വഴിയോ പരിഹാരം കാണാനാകില്ലെന്നും നയതന്ത്ര ചർച്ചകൾ മാത്രമാണ് ഏക മാർഗമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി. വിവിധ രാജ്യങ്ങളിലെ അംബാസഡർമാരുമായും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇറാന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ സമാധാനത്തിന് സുൃലുമൃലറാണെങ്കിലും, യു.എസ് സൈനിക നടപടിക്ക് മുതിർന്നാൽ ശക്തമായി നേരിടാൻ ഇറാൻ മുൻപത്തേക്കാൾ സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാമത് സമ്മേളനത്തിനിടെ സംഘർഷങ്ങൾ ഒഴിവാക്കാനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുമായി ഏഴ് ദിവസത്തെ പ്രത്യേക പദ്ധതി ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഈ നിർദേശം അംഗീകരിക്കപ്പെടുകയാണെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ ജലപാത വീണ്ടും തുറക്കുമെന്നാണ് ഇറാന്റെ നിലപാട്. നിലവിൽ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ഇറാൻ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം, അമേരിക്ക തങ്ങളുടെ ആണവനയങ്ങളിലാണ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യു.എസിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും പരസ്പരവിരുദ്ധമായ പ്രസ്താവനകളുമാണ് സമാധാന ചർച്ചകൾക്ക് പ്രധാന തടസ്സമെന്നും എന്നാൽ ഉപരോധങ്ങൾ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള പ്രായോഗിക നടപടികളാണ് അമേരിക്കയിൽ നിന്ന് ഇറാൻ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
യു.എൻ സമ്മേളനത്തിന് ശേഷം രണ്ട് ഇറാൻ നയതന്ത്രജ്ഞരെ പുറത്താക്കിയെന്ന യു.എസ് മാധ്യമ റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രി തള്ളി. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ നയതന്ത്ര ഉദ്യോഗസ്ഥരും മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെയാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







