സൻആ- യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി വീണ്ടും രംഗത്ത്. തലാലിനെ കുഴിച്ചുമൂടിയ ടാങ്കിന്റെ ചിത്രം പങ്കുവെച്ചാണ് തലാലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സുദീർഘമായ വരികളാണ് ഫത്താഹ് മഹ്ദി കുറിച്ചിരിക്കുന്നത്.
മറക്കാനാവാത്ത ടാങ്ക് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യെമൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയാണ് ഈ ടാങ്ക് എന്നും മഹ്ദി തന്റെ കുറിപ്പിൽ വിശദീകരിക്കുന്നു.
നിമിഷ പ്രിയക്ക് കോടതി വിധിച്ച വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ഫത്താഹ് മഹ്ദി അറ്റോര്‍ണി ജനറലിനോട് അപേക്ഷിച്ചു. സഹോദരന്റെ രക്തത്തിന് പ്രതികാരം ചെയ്യുക എന്ന നീതിപൂര്‍വകമായ ആവശ്യത്തില്‍നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ല. കുറ്റവാളിയെ നിരപരാധിയും ഇരയെ കുറ്റവാളിയുമാക്കാനുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ പലരും മത്സരിക്കുകയാണെന്നും ഫത്താഹ് മഹ്ദി പറഞ്ഞു.
തലാലിന്റെ കൊലപാതകത്തെയും കേസിന്റെ നാള്‍വഴികളെയും ഏഴു വര്‍ഷമായി തങ്ങള്‍ ഓരോ നിമിഷവും അനുഭവിക്കുന്ന കഠിനമായ ഹൃദയവേദനയും അബ്ദുല്‍ഫത്താഹ് മഹ്ദി ഹൃദയഭേദകമായി വിവരിച്ചു. തലാലിനെ കൊലപ്പെടുത്തി മൃതദേഹം തുണ്ടംതുണ്ടമാക്കി ഉപേക്ഷിച്ച വാട്ടര്‍ ടാങ്കിന്റെ ഫോട്ടോയാണ് മഹദി പ്രസിദ്ധീകരിച്ചത്.
അബ്ദുല്‍ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
മറക്കാനാവാത്ത ടാങ്ക്!
യെമന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരമായ കുറ്റകൃത്യത്തിന്റെ നിശബ്ദ സാക്ഷിയായ ടാങ്ക്! നമ്മുടെ ജീവിതത്തില്‍ ഒട്ടേറെ, കുറ്റകൃത്യങ്ങളെ കുറിച്ച് നമ്മള്‍ കേള്‍ക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വാര്‍ത്തകളില്‍ നമ്മള്‍ വായിക്കുന്നു, അല്ലെങ്കില്‍ സിനിമകളില്‍ കാണുന്നു. എന്നാല്‍ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്ത ഒരു കുറ്റകൃത്യമുണ്ട്. നമ്മൾ ഇക്കാലം വരെ കണ്ടതിൽ വെച്ച് ഏറ്റവും ക്രൂരമായതാണ് അത്. ഹൃദയങ്ങളെ നടുക്കുന്ന, മനുഷ്യത്വത്തെ തകര്‍ക്കുന്ന, രക്തം ചിന്തിയ ഒരു കുറ്റകൃത്യം. വഴിയരികിലല്ല, മറിച്ച് ഇരുട്ടില്‍… ഭൂമിക്കടിയില്‍. യാദൃശ്ചികമായി കണ്ടെത്തിയ ഒരു കുറ്റകൃത്യമല്ല. മറിച്ച്, ദൈവീക കല്‍പ്പന പ്രകാരമാണ് ഈ കുറ്റകൃത്യം കണ്ടെത്തിയത്. നിശബ്ദമായി കിടന്നിരുന്ന ടാങ്കിന്റെ മൂടി ഉയര്‍ത്തി, ശരീരം അതിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ചതു മുതല്‍ അത് ഞരങ്ങുകയായിരുന്നു.
ഒരു മൃതദേഹം വെക്കാന്‍ രൂപകല്‍പ്പന ചെയ്തത് ആയിരുന്നില്ല ഈ ടാങ്ക്. വെള്ളം ഒഴിക്കാതെ, രക്തം ഒഴിച്ച ടാങ്കായിരുന്നു അത്. വെള്ളം നിറക്കുക എന്ന ദൗത്യം കവര്‍ന്നെടുക്കപ്പെട്ട് ഒരു പൈശാചിക ശവക്കുഴിയായി അത് രൂപാന്തരപ്പെട്ടു. അവിടെ സമകാലീന കാലത്തെ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങളിലൊന്നിനെ ഇന്ത്യന്‍ കൊലയാളി അടക്കം ചെയ്തു. മയക്കുമരുന്ന് നല്‍കി കൊലപ്പെടുത്തല്‍, കഴുത്തറുക്കല്‍, ശരീരം വികൃതമാക്കല്‍, ബാഗുകളിലും പ്ലാസ്റ്റിക് കീസുകളിലും ശരീരഭാഗങ്ങള്‍ ഒളിപ്പിച്ചുവെക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ അവർ ചെയ്തു. മൃതദേഹ ഭാഗങ്ങള്‍ ബാഗുകകളിലാക്കി ഉപയോഗത്തിലില്ലാത്ത ഭൂഗര്‍ഭ ടാങ്കിന്റെ അടിയില്‍ നിക്ഷേപിച്ചു. പിന്നീട് അത് ശ്രദ്ധാപൂര്‍വ്വം അടച്ചു.
എല്ലാ ആധുനിക കുറ്റകൃത്യങ്ങളെയും മറികടക്കുന്ന ഒരു കുറ്റകൃത്യം… കരുണയില്ലാത്തവര്‍ മാത്രമേ അത് ചെയ്യൂ.
എല്ലാ അര്‍ഥത്തിലും മറ്റൊരു കുറ്റകൃവുമായും സമാനതകളില്ലാത്തതും, യെമനും മേഖലക്കും അറിയാവുന്ന ഏതൊരു പ്രവൃത്തിയുമായും താരതമ്യപ്പെടുത്താനാവാത്തതുമായ ക്രൂരമായ കുറ്റകൃത്യം. ആകാശത്തെയും ഭൂമിയെയും പരമകാരുണികന്റെ സിംഹാസനത്തെയും വിറപ്പിച്ച, ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയുടെയും ഹൃദയം ഭയത്താല്‍ വിറപ്പിച്ച ഒരു കുറ്റകൃത്യം.
ഇത് വെറും ഒരു കൊലപാതകമല്ല, നിഷ്ഠൂരതയുടെയും ക്രൂരതയുടെയും പരിധികള്‍ മറികടന്ന ക്രൂരവും പൈശാചികവുമായ പ്രവൃത്തി. സുബോധമുള്ള മനസ്സിനോ ജീവനുള്ള ഹൃദയത്തിനോ ഇത്തരമൊരു കുറ്റകൃത്യം സംഭവിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല.
ഇത് 2017 ല്‍ സംഭവിച്ച, എന്റെ സഹോദരന്‍ തലാലിന്റെ കൊലപാതകവും ശരീരം വെട്ടിമുറിക്കലുമാണ്.
ആ ഇന്ത്യന്‍ നഴ്സ് ചെയ്തത് ഒരു നിമിഷത്തെ കോപമോ ക്ഷണികമായ ഭ്രാന്തോ ആയിരുന്നില്ല. മറിച്ച്, അത് മുന്‍കൂട്ടി തയാറാക്കിയ കൊലപാതകമായിരുന്നു. മയക്കുമരുന്ന് നല്‍കി, കഴുത്തറുത്തു, ശരീരം വികൃതമാക്കി.
ഒരു മനുഷ്യനെ കഷണങ്ങളാക്കി മുറിച്ച്, പ്ലാസ്റ്റിക് കീസുകളിലും ബാഗുകളിലും സൂക്ഷിച്ച് പിന്നീട് ഒരു വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ചു. കുറ്റകൃത്യത്തിന്റെ തെളിവുകള്‍ മറക്കാന്‍ ടാങ്ക് ഇരുമ്പ് ഷീറ്റുകളും സിമന്റും കൊണ്ട് മൂടുക! ഭയത്താൽ വിറക്കാത്ത ഈ ഹൃദയം എന്താണ്? ഇത് എങ്ങനെയുള്ള മനസ്സാക്ഷിയാണ്. ഇത്തരം ഒരു കുറ്റകൃത്യം ചെയ്യുന്ന ഒരാള്‍ മനുഷ്യനാകാന്‍ സാധ്യതയില്ല.
അയാളുടെ ഹൃദയത്തില്‍ ഒരു തുള്ളി കാരുണ്യമോ മനസ്സാക്ഷിയുടെ അവശിഷ്ടമോ ഉണ്ടാകാന്‍ സാധ്യതയില്ല.
കുറ്റവാളിയിൽ ഒരു തരത്തിലുമുള്ള മാനുഷിക മൂല്യങ്ങളില്ല. ഇതേവരെ നമ്മള്‍ കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായ ഒരു ക്രൂരതയും മൃഗീയതയുമാണ് അവർ പ്രകടിപ്പിച്ചത്. മനുഷ്യത്വവുമായി യാതൊരു ബന്ധവുമില്ലാത്ത, കരുണയും അലിവും നഷ്ടപ്പെട്ട, മരിച്ച ഹൃദയവും, കളങ്കപ്പെട്ട ആത്മാവും, രക്തം പുരണ്ട കൈകളും ഉള്ള ഒരു ജീവിയെ നമ്മള്‍ കാണുന്നതു പോലെയായിരുന്നു അത്.
ഓ ദൈവമേ, ഈ കുറ്റകൃത്യം എന്താണ്? ഈ തണുത്തതും നിശബ്ദവുമായ ടാങ്കില്‍ ഒരു മനുഷ്യനെ അടക്കം ചെയ്തു… ഈ ഇരുണ്ട ടാങ്കില്‍, എന്റെ സഹോദരനെ അടക്കം ചെയ്തു, എന്റെ ഒരു ഭാഗം അടക്കം ചെയ്തു! ഒരിക്കലും വെള്ളം നിറച്ചിട്ടില്ലാത്ത, മറിച്ച് മനുഷ്യ ഭീകരതയുടെ ഏറ്റവും ഭയാനകമായ അധ്യായങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ച ഒരു ടാങ്ക്. വെള്ളത്തിന് പകരം രക്തം ഒഴിച്ച ടാങ്ക്. ഉള്ളില്‍ ജീവന്‍ നിലനിര്‍ത്താത്ത, എന്നാല്‍ ഏറ്റവും ഭയാനകമായ രൂപങ്ങളില്‍ മരണത്തെ സ്വീകരിച്ച ടാങ്ക്. കേള്‍ക്കാനാവാത്ത നിലവിളികള്‍ കുഴിച്ചിട്ട ടാങ്ക്, അതിന്റെ ചുവരുകളില്‍ കുറ്റകൃത്യത്തിന്റെ അടയാളങ്ങള്‍, ശരീരഭാഗങ്ങള്‍. അവസാന ശ്വാസങ്ങള്‍, കരുണയില്ലാത്ത ഇരുട്ടില്‍ ശ്വാസം മുട്ടിച്ചു.
ഒരു മനുഷ്യനെ മയക്കുമരുന്ന് നല്‍കി, കഴുത്തറുത്ത്, തുണ്ടംതുണ്ടമായി മുറിച്ചുകളഞ്ഞത് നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. പിന്നെ അവശേഷിച്ച ശരീരഭാഗങ്ങള്‍ കീസുകളിലും ബാഗുകളിലുമായി കൊണ്ടുപോയി. ഒന്നുമില്ലാത്തതുപോലെ ഈ ടാങ്കിലേക്ക് എറിഞ്ഞു? പിന്നെ കുറ്റകൃത്യം സിമന്റ് കൊണ്ട് മൂടി, അതിന് മുകളില്‍ ഇരുമ്പ് ഷീറ്റിട്ട് ബന്ധിച്ചു. കൊലയാളി കുറ്റകൃത്യം മറച്ചുവെക്കാന്‍ മാത്രമല്ല, സത്യത്തിന്റെ ശബ്ദം എന്നെന്നേക്കുമായി അവനോടൊപ്പം കുഴിച്ചുമൂടാന്‍ ആഗ്രഹിച്ചു. എന്തൊരു പൈശാചിക മനസ്സാണിത്?. ഒരു നിരപരാധിയായ മനുഷ്യന്റെ ഛിന്നഭിന്നമായ ശരീരം ഭൂഗര്‍ഭ ടാങ്കിനുള്ളില്‍ ഉപേക്ഷിച്ച കൈ ഏത് തരത്തിലുള്ളതാണ്?. മൂടി മുറുക്കി, സിമന്റ് ഒഴിച്ച്, താന്‍ ചെയ്തതിന് ഒരു വിലയുമില്ലെന്ന മട്ടില്‍ അതിന് മുകളില്‍ നിസ്സംഗതയോടെ നില്‍ക്കാന്‍ കഴിഞ്ഞ ഈ ഹൃദയം എന്തായിരുന്നു? ഇതൊരു മനുഷ്യനാണോ? ഇത് മാംസവും രക്തവുമുള്ള ഒരു ജീവിയാണോ?
അക്രമിയുടെ ഹൃദയം കല്ലായിരുന്നെങ്കില്‍, കുറ്റകൃത്യത്തിന്റെ ഭീകരതയാല്‍ അത് പൊട്ടിപ്പിളരുമായിരുന്നു… പക്ഷേ, -ദൈവമാണ് സത്യം- അത് കല്ലല്ല. ആ ഹൃദയം തണുത്തതും കടുപ്പമേറിയതും ഇരുണ്ടതുമാണ്. ഈ ടാങ്കില്‍, ഒരു ശരീരം മാത്രമല്ല, മാനവികത മുഴുവനും അതോടൊപ്പം കുഴിച്ചിടപ്പെട്ടു. ഈ ടാങ്കിനു മേല്‍ സിമന്റ് മിശ്രിതം ഒഴിക്കുക മാത്രമല്ല, എല്ലാ വിശദാംശങ്ങളോടെയും ക്രൂരത ഒഴിക്കുകയും ചെയ്തു. ഈ ടാങ്കില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചിത്രം ഒരു സാധാരണ ചിത്രമല്ല. ഉണങ്ങാത്ത ഒരു മുറിവിന്റെ ചിത്രമാണിത്. ഖബറില്ലാത്ത, കരുണക്കു വേണ്ടിയുള്ള പ്രാര്‍ഥനയില്ലാത്ത, ശവസംസ്‌കാരമില്ലാത്ത ഒരു ശവക്കുഴിയുടെ ചിത്രമാണിത്. ഒമ്പത് വര്‍ഷമായി നമ്മെ തുറിച്ചുനോക്കുന്ന നിശബ്ദ വേദനയുടെ ചിത്രമാണിത്.
നീതിയുണ്ടോയെന്ന് ഈ ചിത്രം നമ്മോട് ചോദിക്കുന്നു. ഭൂമിയിലെ നീതി… എന്നാല്‍ ആകാശത്തെ നീതി പിന്നീട് വരും. അല്ലാഹുവാണ് സത്യം, ആ ടാങ്കിന്റെ ആഴങ്ങളില്‍ നിന്ന്, ഭൂമിയുടെ ഇരുട്ടില്‍ നിന്ന്, എന്റെ ഹൃദയമിടിപ്പ് കീറുന്ന വേദനയോടെ അവന്‍ എന്നെ വിളിക്കുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിയുന്നു. എന്നെ ഉപേക്ഷിക്കരുത്… എനിക്ക് നീതി നല്‍കൂ. അവന്റെ അന്തസ്സ് പുനഃസ്ഥാപിക്കണമെന്നും, അവന്റെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും.
നുണകള്‍ക്കും അപവാദങ്ങള്‍ക്കും ഇടയില്‍ അവന്റെ രക്തം നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്നും തന്റെ ഖബറില്‍ നിന്ന് അപേക്ഷിക്കുന്നു. അതെ, ഞങ്ങള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല. ഒരു വാഗ്ദാനവും ഉടമ്പടിയും… ഞങ്ങള്‍ നിന്നെ ഒരിക്കലും ഉപേക്ഷിക്കില്ല, ഞങ്ങള്‍ നിന്നെ ഒരിക്കലും മറക്കില്ല. നീ ഞങ്ങളുടെ ന്യായമായ കേസാണ്. വഴി എത്ര കയ്‌പേറിയതാണ്!
കുറ്റകൃത്യം നടന്ന നിമിഷം മുതല്‍ ഈ നിമിഷം വരെ, പോലീസ് സ്റ്റേഷനുകള്‍, അന്വേഷണ വകുപ്പുകള്‍, പ്രോസിക്യൂഷന്‍ ഓഫീസുകള്‍, വിവിധ വിഭാഗങ്ങളിലെയും തലങ്ങളിലെയും കോടതികള്‍ എന്നിവയിലൂടെ തെക്ക്, വടക്ക്, ഒരു ഗവര്‍ണറേറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ടിരുന്ന വ്യവഹാരങ്ങളുടെ വേദനാജനകമായ ഒരു യാത്ര ഞങ്ങള്‍ ആരംഭിച്ചു. ഞങ്ങള്‍ അടക്കാനാവാത്ത വേദന പേറുന്നു.
കുറ്റകൃത്യത്തിന്റെ ഹൃദയഭേദകമായ വിശദാംശങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്നു, എല്ലാ ദിവസവും ഞങ്ങളുടെ ആത്മാവില്‍ കുറ്റകൃത്യത്തിന്റെ ഒരു ചിത്രം കുഴിച്ചുമൂടുന്നു. ഏത് ചിത്രം?. കുറ്റകൃത്യത്തിന് ശേഷമുള്ള ചിത്രം… മൃതദേഹം പുറത്തെടുക്കല്‍… ഞങ്ങളെ വിട്ടുപോകാത്ത, എന്നാല്‍ ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം, വര്‍ഷങ്ങളോളം ഞങ്ങളുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം… ഒമ്പത് വര്‍ഷമായി, ഞങ്ങള്‍ ആ നിമിഷവുമായി ജീവിച്ചു. ഒരു മനുഷ്യ ഹൃദയത്തിനും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത നിമിഷം. കേസിന്റെ ഭാരമേറിയ പേപ്പറുകള്‍ ഞങ്ങളുടെ പക്കലുണ്ട്.
കുറ്റകൃത്യം നടന്ന സ്ഥലം, മോര്‍ച്ചറി റെഫ്രിജറേറ്ററുകള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ എന്നിവക്കിടയില്‍ ചിതറിക്കിടക്കുന്ന ഞങ്ങളുടെ സഹോദരന്റെ ഛിന്നഭിന്നമായ അവശിഷ്ടങ്ങളുടെ ചിത്രങ്ങള്‍ ആദ്യ നിമിഷം മുതല്‍ ഞങ്ങള്‍ കണ്ടതുപോലെ, ഞങ്ങളുടെ കണ്ണുകള്‍ക്ക് മുന്നില്‍ ഇപ്പോഴുമുണ്ട്. സംഭവത്തിന്റെ ഭീകരതയെ പ്രതിഫലിപ്പിക്കുന്ന വേദനാജനകമായ ചിത്രങ്ങളും വീഡിയോകളും കേസ് ഫയലില്‍ നിറഞ്ഞിരിക്കുന്നു.
യാത്രയിലും അല്ലാത്തപ്പോഴും അടക്കം ഒരിക്കലും ഞങ്ങളെ വിട്ടുപോകാത്ത ചിത്രം…
എന്തൊരു ദുരന്തം… എന്തൊരു പരീക്ഷണമാണിത്.
നിങ്ങളുടെ ജീവിതം, ഉപ്പ്, രക്തം എന്നിവ പങ്കിട്ട ഒരാളെ, നിങ്ങളുടെ സഹോദരനെ, നിങ്ങളുടെ ഹൃദയത്തിന്റെ ഒരു കഷണം… അവന്റെ മാംസം കടലാസിലും ബാഗുകളിലും ഒരു തണുത്ത സ്യൂട്ട്‌കേസിലും ചിതറിക്കിടക്കുന്നത് കാണുന്നത്! ആ ഞെട്ടലില്‍ നിന്ന് ഞാന്‍ കരകയറിയില്ല…ആത്മാവിനെ കീറിമുറിക്കുന്ന ഞെട്ടലില്‍ നിന്ന് ഞാന്‍ എങ്ങിനെ കരകയറും?. ജീവന്‍ മരിച്ച നിമിഷം, ഹൃദയം ചോരയൊലിക്കുന്ന നിമിഷം, കണ്ണുകള്‍ രക്തം വാര്‍ന്നു കരയുന്ന നിമിഷം.
ജീവിതം ആന്തരിക മരണമായി മാറിയ നിമിഷം, ആത്മാവ് വേദനയില്‍ ഉരുകുന്ന നിമിഷം. മൃതദേഹത്തിന്റെ ദുര്‍ഗന്ധം നാസാരന്ധ്രങ്ങളെ കീഴടക്കാന്‍ തുടങ്ങിയ നിമിഷങ്ങള്‍ എത്ര കനത്തതായിരുന്നു.
ഇരുട്ടിന്റെ ആഴങ്ങളില്‍ നിന്ന്, ഭൂമിയുടെ വയറ്റില്‍ നിന്ന്, ഉപേക്ഷിക്കപ്പെട്ട ടാങ്കിന്റെ അടിയില്‍ നിന്ന് ഉയര്‍ന്നുവന്നത്… കൊലയാളി സിമന്റും ഇരുമ്പും ഉപയോഗിച്ച് കുഴിച്ചിടാന്‍ ശ്രമിച്ച സത്യത്തിന്റെ ഗന്ധം… പക്ഷേ, വിഫലമായി. ഗന്ധം ഉയര്‍ന്നുവന്നു, കുറ്റകൃത്യം തുറന്നുകാട്ടി, നമ്മുടെ മുഖത്ത് നോക്കി അലറി. ഇതാ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടു, ഇവിടെ തലാലിനെ കുഴിച്ചിട്ടു! പിന്നെ… കുറ്റവാളിയെ അന്വേഷിക്കാന്‍ തുടങ്ങി.
കണ്ണുനീര്‍ അടക്കിപ്പിടിച്ച് വേദന സഹിച്ച് ഞങ്ങള്‍ നടത്തിയ കഠിനവും വേദനാജനകവും ദീര്‍ഘവുമായ യാത്ര.
കൊലയാളി ഓടിരക്ഷപ്പെട്ടു. വാതിലുകള്‍ക്ക് പിന്നില്‍ ഒളിച്ചു, സ്ഥലം മാറി, വേഷംമാറി, അഭിനയിച്ചു, തന്ത്രപരമായി പെരുമാറി. എന്നാല്‍ ദൈവം പീഡിതരുടെ രക്തം പ്രതികാരം ചെയ്യാതെ വിടുന്നില്ല. അവളുടെ അറസ്റ്റിന് ഒന്നിനു പുറകെ ഒന്നായി കഥകളുണ്ട്. നീണ്ട രക്തസ്രാവത്തിന്റെയും വേദനാജനകമായ കാത്തിരിപ്പിന്റെയും കത്തുന്ന കനല്‍കട്ട പോലെയുള്ള ക്ഷമയുടെയും കഥ. കൊലയാളി തന്റെ കുറ്റകൃത്യം വിശദമായി, തെളിവുകളുടെ അടിസ്ഥാനത്തില്‍, പ്രോസിക്യൂഷന് മുമ്പാകെ, കോടതിയുടെ മുമ്പാകെ സമ്മതിച്ചു.
കേസിന് സൂര്യനെ പോലെ തെളിച്ചം ഉണ്ടായിരുന്നിട്ടും ഇത് ഞങ്ങള്‍ക്ക് നീതി നല്‍കിയില്ല. കൊലയാളിയുടെ രാജ്യം ഇടപെട്ടു, വിദേശ മന്ത്രാലയത്തെയും എംബസിയെയും ദൈവഭക്തിയില്ലാത്ത അഭിഭാഷകരെയും ഉപയോഗിച്ച് സമ്മര്‍ദം ചെലുത്താനും, നിതീ വൈകിപ്പിക്കാനും, നീതിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും, മാനസികമായും സാമ്പത്തികമായും ഞങ്ങളെ തളര്‍ത്താനും ശ്രമിച്ചു. ഞങ്ങളുടെ ആവശ്യത്തില്‍ നിന്നോ ന്യായമായ കേസില്‍ നിന്നോ ഞങ്ങള്‍ ഒരു ഇഞ്ച് പോലും പിന്നോട്ട് പോയില്ല. അവര്‍ തെറ്റായിരുന്നു, ഞങ്ങള്‍ ശരിയാണ്. അതെ, ഞങ്ങള്‍ പറഞ്ഞത് ശരിയാണ്, ഞങ്ങള്‍ പറഞ്ഞത് ശരിയാണ്, ‘അന്യായമായി കൊല്ലപ്പെടുന്നവന് – നാം അവന്റെ അവകാശിക്ക് അധികാരം നല്‍കിയിട്ടുണ്ട്, പക്ഷേ അയാള്‍ ജീവന്‍ എടുക്കുന്നതില്‍ പരിധികള്‍ കവിയരുത്. തീര്‍ച്ചയായും, അദ്ദേഹത്തിന് സഹായമുണ്ട് എന്ന സര്‍വ്വശക്തനായ ദൈവത്തിന്റെ വാക്കുകളുടെ പ്രകാശം ഞങ്ങള്‍ക്കൊപ്പമുണ്ട്.
ഈ വാക്യം അന്നും ഇന്നും ഇരുട്ടില്‍ ഞങ്ങളുടെ പാതയെ പ്രകാശിപ്പിച്ച വെളിച്ചമായിരുന്നു. വൈകിയാലും ജുഡീഷ്യറി ഞങ്ങളെ നിരാശരാക്കിയില്ല. എന്നാല്‍ നീണ്ട നടപടിക്രമങ്ങള്‍ ഞങ്ങളെ തളര്‍ത്തി. ന്യായമായ ഒരു ഔദ്യോഗിക നിലപാടിന്റെ അഭാവത്തില്‍ ഒറ്റക്ക് നില്‍ക്കുന്നത് ഞങ്ങളുടെ വേദന കൂടുതല്‍ വഷളാക്കി.
മറുവശത്ത്, കാര്യങ്ങള്‍ വിചിത്രമാണ്. കുറ്റം സംശയാതീതമായി തെളിഞ്ഞ ഒരു കുറ്റവാളിയെ സംരക്ഷിക്കാന്‍ കൊലപാതകിയുടെ രാജ്യത്തിന്റെ ഭരണകൂടം തങ്ങളുടെ എംബസിയെ അണിനിരത്തി, മാധ്യമങ്ങളെ അണിനിരത്തി, എല്ലാ സമ്മര്‍ദ മാര്‍ഗങ്ങളും വിന്യസിച്ചു. രക്തത്തിന്റെ ഇരകളായ ഞങ്ങള്‍ നിശബ്ദത മാത്രമേ കണ്ടുള്ളൂ!
ഞങ്ങളുടെ ഹൃദയങ്ങളില്‍ രക്തം പൊടിഞ്ഞു… നീതിനടപ്പായി കാണാന്‍ ഞങ്ങള്‍ ഒമ്പത് വര്‍ഷമായി കാത്തിരിക്കുന്നു! ശരീഅത്ത് നിയമം അനുസരിച്ച് ശിക്ഷ നടപ്പാക്കുന്ന നിമിഷത്തിനായി രാവും പകലും പ്രവര്‍ത്തിച്ച് ഒമ്പത് വര്‍ഷം ഞങ്ങള്‍ കാത്തിരുന്നു. പ്രതികാര നിമിഷം. ന്യായവിധിയുടെ നിമിഷം. സത്യം വിജയിച്ചിരിക്കുന്നു എന്ന് നമുക്ക് പറയാന്‍ കഴിയുന്ന നിമിഷം. നീണ്ട ക്ഷമക്കും കാത്തിരിപ്പിനും ശേഷം, ഏറെക്കാലമായി കാത്തിരുന്ന തീരുമാനം വന്നു.
കൊലപാതകിയുടെ വധശിക്ഷ 2025 ജൂലൈ 16 ന് ആയിരിക്കും. പക്ഷേ എന്തൊരു ഞെട്ടല്‍… അത് മാറ്റിവെച്ചു!
അതെ, എന്തൊരു മാറ്റിവെക്കല്‍? തീയതിയില്ലാതെ, ന്യായീകരണമില്ലാതെ, കുറ്റകൃത്യം ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലെ, നീതിയെ ഇനി ഒരു അറിയിപ്പ് വരെ മാറ്റിവെച്ചു എന്ന വാക്യത്തില്‍ സംഗ്രഹിക്കാവുന്ന മട്ടിലുള്ള മാറ്റിവെക്കല്‍. ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ സാങ്കല്‍പ്പിക വീരകൃത്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇറങ്ങിത്തിരിച്ചത് കൂടുതല്‍ ഹൃദയവേദനയുണ്ടാക്കി. വധശിക്ഷ നിര്‍ത്തിവച്ചത് തങ്ങളാണെന്ന് ഓരോരുത്തരും അവകാശപ്പെട്ടു!. ദൈവത്തിന്റെ നിയമത്തിനെതിരെ നിലകൊള്ളുന്നതില്‍ എന്ത് വീരത്വം?
പ്രതികാരം നിര്‍ത്തലാക്കുന്നതും നീതി നടപ്പാക്കുന്നത് നിര്‍ത്തിവെക്കുന്നതുമാണോ വീരത്വം?.
ആരാച്ചാര്‍ ഇരയായും ഇര കുറ്റവാളിയായും മാറിയിട്ടുണ്ടോ?. വിലകുറഞ്ഞ മാധ്യമങ്ങള്‍ കുറ്റവാളി നിരപരാധിയാണെന്നും കൊല്ലപ്പെട്ടയാള്‍ കുറ്റവാളിയാണെന്നും തോന്നുന്ന തരത്തില്‍ രംഗം വളച്ചൊടിക്കുന്നത് സങ്കല്‍പ്പിക്കാനാകുമോ?! തങ്ങളുടെ കശാപ്പുകാരി ഒരു ഹീനമായ കുറ്റകൃത്യം ചെയ്തുവെന്നും അവള്‍ ഒരു മനുഷ്യനെ കൊന്നു, അവനെ ഛേദിച്ചു, അവന്റെ ശരീരം വികൃതമാക്കി, ഒരു ടാങ്കില്‍ കുഴിച്ചിടാന്‍ ശ്രമിച്ചു എന്നും ഇന്ത്യന്‍ മാധ്യമങ്ങള്‍ സമ്മതിക്കുമെന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ?. സത്യം അനുകമ്പയെ കൊല്ലുന്നുവെന്ന് അവര്‍ക്കറിയാവുന്നതിനാല്‍ അവര്‍ ഒരിക്കലും അങ്ങനെ പറയില്ല.
സത്യം പറയട്ടെ.
നമ്മുടെ നീതിന്യായ വ്യവസ്ഥ നീതിയുക്തമാണ്; അത് എപ്പോഴും പ്രതീക്ഷകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ സമ്മര്‍ദങ്ങളും ഇടപെടലുകളും ഉണ്ടായിരുന്നിട്ടും, നമ്മുടെ നീതിന്യായ വ്യവസ്ഥ ഉറച്ചതും, വിവേകപൂര്‍ണവും, ഭീഷണിക്ക് വഴങ്ങാത്തതും വിട്ടുവീഴ്ചയില്ലാത്തതും ആയി നിലനിന്നു. എല്ലാ തടസ്സങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമെതിരെ ഒരു വലിയ കോട്ടയും അജയ്യവുമായി നിലനിന്ന നമ്മുടെ നീതിന്യായ വ്യവസ്ഥയോട് ഞങ്ങള്‍ നന്ദിയും കൃതജ്ഞതയും പ്രകടിപ്പിക്കുന്നു.
ഞങ്ങളുടെ അപേക്ഷ ആവര്‍ത്തിക്കുന്നു. ബഹുമാനപ്പെട്ട അറ്റോര്‍ണി ജനറല്‍, ഞങ്ങള്‍ നിങ്ങളോട് അടിയന്തിരമായും വ്യക്തമായും അഭ്യര്‍ഥിക്കുന്നു. കാലതാമസമില്ലാതെ ഒരു പുതിയ വധശിക്ഷാ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെടുന്നു. ഇതൊരു രക്തം ചിന്തല്‍ കേസാണ്, അവകാശത്തിന്റെ കേസാണ്, നീതിയുടെ കേസാണ്… പൊതുജനാഭിപ്രായത്തിന്റെ കേസാണ്. ഇത് അനിശ്ചിതമായി നിലനിര്‍ത്തരുത്. തെറ്റിദ്ധരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇരയാകരുത്. സത്യത്തിന്റെ ശബ്ദം താഴ്ത്തരുത്. ഞങ്ങള്‍ ക്ഷീണിച്ചിരിക്കുന്നു. ഞങ്ങളുടെ ആവശ്യം വ്യക്തമാണ്. ദൈവത്തിന്റെ നിയമം നടപ്പാക്കുക. പ്രതികാരത്തിന്റെ ന്യായമായ വിധി നടപ്പാക്കുക എന്നതാണ് ഞങ്ങളുടെ ആവശ്യം.