ദമാസ്‌കസ്: സിറിയൻ പ്രതിപക്ഷ സേനയുടെ ശക്തമായ മുന്നേറ്റത്തിനിടെ നൂറു കണക്കിന് സിറിയൻ സൈനികർ അയൽ രാജ്യമായ ഇറാഖിലേക്ക് രക്ഷപ്പെട്ടു.
സിറിയ, ഇറാഖ് അതിർത്തിയിലെ അതിർത്തി പ്രവേശന കവാടത്തിൽ ഇറാഖി സൈനികർക്ക് തങ്ങളുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും കൈമാറിയാണ് സിറിയൻ സൈനികർ ഇറാഖിലേക്ക് കടന്നത്. അൽഖാഇം, അൽബൂകമാൽ അതിർത്തി പോസ്റ്റ് വഴി നൂറു കണക്കിന് സിറിയൻ സൈനികർ ഇറാഖിൽ പ്രവേശിച്ചതായി പശ്ചിമ ഇറാഖിലെ അൽഅൻബാർ ഗവർണറേറ്റ് വൃത്തങ്ങൾ പറഞ്ഞു. ഇക്കൂട്ടത്തിൽ പരുക്കേറ്റ ചില സൈനികരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടായിരം സിറിയൻ സൈനികർ ഇതിനകം ഇറാഖിൽ പ്രവേശിച്ചതായി ഇറാഖ് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പി റിപോർട്ട് ചെയ്തു.


സിറിയൻ പ്രസിഡന്റ് ബശാർ അൽഅസദ് ശനിയാഴ്ച രാത്രി പത്തു മണിക്ക് ദമാസ്‌കസ് എയർപോർട്ട് വഴി രാജ്യം വിട്ടതായി സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറഞ്ഞു. ബശാർ അൽഅസദിന്റെ ഭാര്യ അസ്മാ (49) യും മൂന്നു മക്കളും ദിവസങ്ങൾക്കു മുമ്പ് റഷ്യയിലേക്ക് രക്ഷപ്പെട്ടതായി ജർമൻ മാധ്യമങ്ങളും റിപോർട്ട് ചെയ്തു.







