ദമാസ്കസ് – സിറിയയില്‍ നീന്തല്‍ കുളങ്ങളിലും ബീച്ചുകളിലും വനിതകള്‍ക്ക് ബുര്‍ക്കിനി നിര്‍ബന്ധമാക്കി സിറിയന്‍ ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. ബീച്ചുകളും നീന്തല്‍ കുളങ്ങളും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് നിയമങ്ങള്‍ വിശദീകരിച്ചും അനുവദനീയമായ നീന്തല്‍ വസ്ത്രങ്ങള്‍ വ്യക്തമാക്കിയും സിറിയന്‍ ടൂറിസം മന്ത്രാലയം സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചു.
പൊതു ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും കൂടുതല്‍ മാന്യമായ നീന്തല്‍ വസ്ത്രങ്ങള്‍ വേണമെന്ന് ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു. ബുര്‍ക്കിനിയോ ശരീരം കൂടുതല്‍ മൂടുന്ന ഏതെങ്കിലും വസ്ത്രമോ ആണ് സ്ത്രീകള്‍ ധരിക്കേണ്ടത്. ബീച്ചിനും മറ്റ് സ്ഥലങ്ങള്‍ക്കും ഇടയില്‍ സഞ്ചരിക്കുമ്പോള്‍ മറ്റു നിര്‍ദേശങ്ങളും ബാധകമാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്ത്രീകള്‍ നീന്തല്‍ വസ്ത്രത്തിന് മുകളില്‍ അയഞ്ഞ വസ്ത്രം ധരിക്കണം.
ബീച്ചുകളിലും സ്വിമ്മിംഗ് പൂളുകളിലും എത്തുന്ന പുരുഷന്മാര് വെള്ളത്തില്‍ നീന്താത്തപ്പോള് ഷര്‍ട്ട് ധരിക്കല്‍ നിര്‍ബന്ധമാണ്. ഹോട്ടല്‍ ലോബികള്‍, ഡൈനിംഗ് ഏരിയകള്‍ പോലുള്ള നീന്തല്‍ പ്രദേശങ്ങള്‍ക്ക് പുറത്തുള്ള പൊതു സ്ഥലങ്ങളില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം കാണുന്ന നിലക്ക് ടോപ്ലെസ് ആയി പ്രത്യക്ഷപ്പെടുന്നത് നിരോധിച്ചിട്ടുണ്ട്. ബീച്ചുകള്‍ക്കും നീന്തല്‍ കുളങ്ങള്‍ക്കും പുറത്തുള്ള പൊതുസ്ഥലങ്ങളില്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണം. തോളുകളും കാല്‍മുട്ടുകളും മൂടണം. വളരെ സുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര റേറ്റിംഗുള്ള, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും സ്വകാര്യ ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും ക്ലബ്ബുകളിലും പൊതു അഭിരുചിയുടെയും പരിഷ്കൃത പെരുമാറ്റത്തിന്റെയും പരിധിക്കുള്ളില്‍ പൊതു മര്യാദ പാലിച്ച് സാധാരണ പാശ്ചാത്യ നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവാദമുണ്ട്.
ബീച്ചില്‍ എത്തുന്നവര്‍ പൊതു മര്യാദ പാലിക്കണമെന്നും പൊതു അഭിരുചിയെ ബഹുമാനിക്കണമെന്നും മറ്റുള്ളവരുടെ വ്യക്തിപരമായ സ്വകാര്യതയെ മാനിക്കണമെന്നും മന്ത്രാലയം കര്‍ശനമായി ആവശ്യപ്പെട്ടു. സഭ്യതക്ക് നിരക്കാത്തതോ കുടുംബ മൂല്യങ്ങള്‍ക്ക് വിരുദ്ധമോ ആയി കണക്കാക്കാവുന്ന ബാഹ്യരൂപങ്ങളും പെരുമാറ്റങ്ങളും ഒഴിവാക്കണമെന്നും സിറിയന്‍ ടൂറിസം മന്ത്രാലയം ആവശ്യപ്പെട്ടു.