ഖാർത്തൂം– പടിഞ്ഞാറൻ സുഡാനിലെ മറ പർവത പ്രദേശത്ത് വൻ ഉരുൾപൊട്ടൽ. ഒരു ഗ്രാമം പൂർണമായും മണ്ണിനടിയിലായി. ആയിരത്തിലേറെ ആളുകൾ മരിച്ചതായും ഒരാൾ മാത്രം രക്ഷപ്പെട്ടു അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയെ തുടർന്ന് ഞായറാഴ്ചയാണ് ഉരുൾപൊട്ടൽ ഉണ്ടായതെന്ന് അബ്ദുൽവാഹിദ് അൽനൂർ നയിക്കുന്ന ലിബറേഷൻ ആർമി മൂവ്മെന്റ് കൂട്ടിച്ചേർത്തു. ദാർഫുർ പ്രവിശ്യയിൽ മലയിടിച്ചിലുണ്ടായ പ്രദേശം നിയന്ത്രിക്കുന്ന സുഡാൻ ലിബറേഷൻ ആർമി ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയോടും ആഗോള സന്നദ്ധ സംഘടനകളോടും അഭ്യർഥിച്ചു.
സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധത്തിൽ നിന്ന് നോർത്ത് ദാർഫുർ സംസ്ഥാനത്തു നിന്ന് പലായനം ചെയ്ത താമസക്കാർ മറ പർവത മേഖലയിൽ അഭയം തേടുകയായിരുന്നു. രണ്ടു വർഷമായി തുടരുന്ന ആഭ്യന്തര യുദ്ധം ജനസംഖ്യയുടെ പകുതിയിലധികം പേരെയും പട്ടിണിയിലാക്കിയിരുന്നു. ഇവിടെയാണ് ഇപ്പോൾ ഉരുൾപ്പൊട്ടലുമുണ്ടായിരിക്കുന്നത്.
2023 ഏപ്രിൽ പകുതി മുതൽ, സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള യുദ്ധത്തിൽ സുഡാൻ തകർന്നിരിക്കുകയാണ്. രാജ്യത്തെ ഇപ്പോൾ ഗുരുതരമായ മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഐക്യരാഷ്ട്രസഭ ആധുനിക ചരിത്രത്തിലെ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധിയായി ഇതിനെ കണക്കാക്കുന്നു. ഉരുൾപൊട്ടലിൽ അടിയന്തരമായി പ്രതികരിക്കാൻ സുഡാൻ പ്രധാനമന്ത്രി കാമിൽ ഇദ്രീസും സന്നദ്ധ സംഘടനകളോട് ആവശ്യപ്പെട്ടു. ദുരിതബാധിതരുടെ സ്ഥിതി സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും വലിയ തോതിലുള്ള മാനുഷിക ഇടപെടൽ ആവശ്യമാണെന്നും ഇദ്രീസ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങൾ അടങ്ങിയ പ്രവിശ്യയിലെ പല പ്രദേശങ്ങളും പട്ടിണിയാണ്. ഇവയിൽ ഭൂരിഭാഗവും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ നിയന്ത്രണത്തിലാണ്. അബ്ദുൽഫത്താഹ് അൽബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും അദ്ദേഹത്തിന്റെ മുൻ സഖ്യകക്ഷിയായ മുഹമ്മദ് ഹംദാൻ ദഗലോയുടെ നേതൃത്വത്തിലുള്ള റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള രൂക്ഷമായ യുദ്ധം പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും 1.4 കോടിയിലേറെ ആളുകളെ നാടുകടത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് സുഡാൻ അഭിമുഖീകരിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ചു.
ആഭ്യന്തരയുദ്ധം സുഡാനെ പരസ്പരം പോരടിക്കുന്ന രണ്ടു ചേരികളായി വിഭജിച്ചു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളുടെ ഭൂരിഭാഗവും സൈന്യം നിയന്ത്രിക്കുകയും ഈ വർഷം ഖാർത്തൂമിന്റെ നിയന്ത്രണം വീണ്ടെടുക്കുകയും ചെയ്തു. ദാർഫുറിന്റെയും തെക്കൻ സുഡാന്റെ ചില ഭാഗങ്ങളുടെയും നിയന്ത്രണം റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനാണ്. 2024 മെയ് മുതൽ, റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് നോർത്ത് ദാർഫുർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽഫാഷർ ഉപരോധിക്കുന്നുണ്ട്.