ജിദ്ദ – യെമനില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഔദ്യോഗികമായി ആരംഭിച്ചതായി യെമന്‍ ഗവണ്‍മെന്റിനു കീഴിലെ പബ്ലിക് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ അറിയിച്ചു. മധ്യ പൗരസ്ത്യദേശത്ത് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നിലവില്‍വരുന്ന ആദ്യ രാജ്യമായി യെമന്‍ മാറി. യെമനില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിച്ചതായി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് രാജ്യത്ത് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആക്ടിവേറ്റ് ചെയ്തതായി പബ്ലിക് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ അറിയിച്ചത്. അതേസമയം, രാജ്യത്ത് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം വിലക്കാന്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് വൈകാതെ ഹൂത്തികള്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
സന്‍ആ ആസ്ഥാനമായി ഭരണം നടത്തുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും അന്താരാഷ്ട്ര അംഗീകാരമുള്ള, ഏദന്‍ ആസ്ഥാനമായി ഭരണം നടത്തുന്ന നിയമാനുസൃത ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളും അടക്കം യെമനിലെങ്ങും സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലഭിക്കുമെന്ന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. കമ്പനി ഉടമയായ അമേരിക്കന്‍ കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് തന്റെ പേഴ്‌സണല്‍ പേജില്‍ ഈ ട്വീറ്റ് പങ്കുവെച്ചു. ‘യെമനില്‍ സ്റ്റാര്‍ലിങ്ക് സേവനം ഔദ്യോഗികമായി ആക്ടിവേറ്റ് ചെയ്തു.
യെമനില്‍ ഇന്റര്‍നെറ്റിന്റെ ഭാവി നിങ്ങളുടെ കൈകളിലാണ്. സമാനതകളില്ലാത്ത ഇന്റര്‍നെറ്റ് അനുഭവത്തിനായി തയാറാകൂ’ – സ്റ്റാര്‍ ലിങ്ക് കമ്പനി പ്രഖ്യാപനത്തിനു പിന്നാലെ പബ്ലിക് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ ഫെയ്‌സ്ബുക്കിലെ ഔദ്യോഗിക പേജില്‍ പറഞ്ഞു.
ഈ സേവനം വിദൂര പ്രദേശങ്ങളിലും നഗരങ്ങളിലും വേഗമാര്‍ന്നതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനം നല്‍കും. ഇത് രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വികസനം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും കോര്‍പറേഷന്‍ പറഞ്ഞു.
സ്റ്റാര്‍ലിങ്ക് കമ്പനിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം യെമനില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന ഔദ്യോഗിക ഏജന്‍സിയായി താല്‍ക്കാലിക തലസ്ഥാനമായ ഏദനില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് ടെലികമ്മ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍ മാറും.
സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ വഴി ഇന്റര്‍നെറ്റിലേക്ക് പൂര്‍ണ ആക്‌സസ് ലഭിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി മാറിയതില്‍ യെമനെ അമേരിക്കന്‍ എംബസി അഭിനന്ദിച്ചു. സാങ്കേതികവിദ്യക്ക് എങ്ങിനെ പുതിയ അവസരങ്ങള്‍ തുറക്കാനും പുരോഗതി കൈവരിക്കാനും കഴിയുമെന്ന് ഈ നേട്ടം തെളിയിക്കുന്നതായും യു.എസ് എംബസി ട്വീറ്റില്‍ പറഞ്ഞു.
അതേസമയം, യെമനില്‍ എവിടെയും സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം തടയാന്‍ ആവശ്യമായ മുഴുവന്‍ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കുമെന്ന് ഹൂത്തികള്‍ പറഞ്ഞു. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ സ്റ്റാര്‍ലിങ്കിന് സര്‍ക്കാര്‍ അനുമതി നല്‍കിയത് യെമന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ്. ഇത് ദേശീയ സുരക്ഷക്ക് വലിയ ഭീഷണിയാണ്. ഇത് സാമൂഹിക ഘടനയെ ദോഷകരമായി ബാധിക്കും. ഒരു വിദേശ കമ്പനി രാജ്യത്തുടനീളം ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത് യെമന്‍ ദേശീയ സുരക്ഷക്ക് നേരിട്ട് ഭീഷണിയാണ്. വിദേശ ശക്തികളുടെ നേട്ടത്തിനായി രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഹാനിവരുത്താനുള്ള കൂലിപ്പടയാളികളുടെ (ഔദ്യോഗിക യെമന്‍ ഗവണ്‍മെന്റ്) സന്നദ്ധതയും അവരുടെ അശ്രദ്ധയുമാണ് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം പ്രവര്‍ത്തിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ അനുമതി. ഇതിനെ അമേരിക്കന്‍ എംബസി സ്വാഗതം ചെയ്തത് ഇക്കാര്യമാണ് വ്യക്തമാക്കുന്നത്.
പൗരന്മാരുടെ സ്വകാര്യതയും ഡാറ്റകളും സംരക്ഷിക്കാനുള്ള ശേഷി സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇല്ലാതാക്കും. സ്റ്റാര്‍ലിങ്ക് കമ്പനിയുമായി പൗരന്മാര്‍ ഇടപാടുകള്‍ നടത്തരുത്. ഈ വെല്ലുവിളി നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും യെമനില്‍ ഇന്റര്‍നെറ്റ് സേവനം കുത്തകയാക്കിവെക്കുകയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്ന ഹൂത്തി ഗവണ്‍മെന്റിലെ കമ്മ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പ്രസ്താവന പറഞ്ഞു.
യെമനില്‍ ഹൂത്തികളുടെ നിയന്ത്രണത്തില്‍ നിന്ന് ഇന്റര്‍നെറ്റ് സേവനത്തെ വേര്‍പ്പെടുത്താനും ഉക്രൈനിയന്‍ അനുഭവത്തിന് സമാനമായി സൈനിക ആശയവിനിമയങ്ങള്‍ സുരക്ഷിതമാക്കാനും വിദൂര വിദ്യാഭ്യാസത്തിനായി ഇലക്‌ട്രോണിക് വിന്‍ഡോകള്‍ തുറക്കാനും ഹൂത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ റെഗുലര്‍ വിദ്യാഭ്യാസത്തില്‍ ചേരാന്‍ പ്രാപ്തരാക്കാനും ലക്ഷ്യമിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഗ്രൂപ്പില്‍ നിന്ന് ലൈസന്‍സ് നേടുന്ന കാര്യം പഠിക്കാന്‍ യെമന്‍ പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിച്ചയുടന്‍ തന്റെ ഗവണ്‍മെന്റിനോട് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് റശാദ് അല്‍അലീമി ആവശ്യപ്പെട്ടിരുന്നു.