ജിദ്ദ – ലെബനോനില്‍ യു.എന്‍ സമാധാന സേനക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച്, ഇസ്രായിലിനുള്ള ആയുധ വില്‍പന അന്താരാഷ്ട്ര സമൂഹം നിര്‍ത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ആവശ്യപ്പെട്ടു. യു.എന്‍ സമാധാന സേനക്കു നേരെ ആക്രമണം നടത്തിയ ഇസ്രായിലി സൈന്യത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസും റഷ്യയും ചൈനയും ഇറ്റലിയും അപലപിച്ചു. ദക്ഷിണ ലെബനോനില്‍ യു.എന്‍ സമാധാന സേന ഉപയോഗിക്കുന്ന നിരീക്ഷണ പോസ്റ്റിനു നേരെ ഇസ്രായിലി സൈന്യം ഇന്ന് നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി യു.എന്‍ വൃത്തങ്ങള്‍ പറഞ്ഞു. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് യു.എന്‍ സമാധാന സൈനികര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം ആക്രമണം നടത്തുന്നത്. ഇസ്രായിലി സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരായ ദൗത്യസംഘത്തില്‍ സ്പാനിഷ് സൈനികര്‍ ആരുമില്ലെന്ന് സ്പാനിഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ലെബനോനില്‍ 650 സമാധാന സൈനികരെ സ്‌പെയിന്‍ വിന്യസിച്ചിട്ടുണ്ട്. ലെബനോനില്‍ യു.എന്‍ സമാധാന ദൗത്യത്തിന് സ്പാനിഷ് ജനറലാണ് നേതൃത്വം നല്‍കുന്നത്. ലെബനോനില്‍ യു.എന്‍ മിഷനു നേരെ ഇസ്രായില്‍ നടത്തുന്ന ആക്രമണങ്ങളെ വിമര്‍ശിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി, വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സാഞ്ചസ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ അടുത്തിടെ സംഘര്‍ഷം മൂര്‍ഛിച്ചതില്‍ സ്‌പെയിന്‍ ഇസ്രായിലിനെ വിമര്‍ശിച്ചുവരികയാണ്. 2023 ഒക്‌ടോബര്‍ മുതല്‍ ഇസ്രായിലിന് ആയുധങ്ങള്‍ വില്‍ക്കുന്നത് സ്‌പെയിന്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മേഖലയില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നത് തടയാന്‍ ലോക രാജ്യങ്ങളും ഇസ്രായിലിനുള്ള ആയുധ വില്‍പന നിര്‍ത്തിവെക്കണം. മിഡില്‍ ഈസ്റ്റില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണക്കിലെടുക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹം ഇസ്രായിലിലേക്ക് ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത് അടിയന്തിരമായി നിര്‍ത്തണമെന്ന് ഞാന്‍ കരുതുന്നു – സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു.
യു.എന്‍ സമാധാന സേനക്കു നേരെയുള്ള ആക്രമണങ്ങള്‍ സഹിക്കാവുന്നതല്ലെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും, ലാവോസില്‍ ദക്ഷിണ, കിഴക്കന്‍ ഏഷ്യന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം യു.എന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ലെബനോനില്‍ യു.എന്‍ സമാധാന സൈനികര്‍ക്കു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണം പ്രകോപനപരമാണെന്നും ഇത്തരം ശത്രുതാപരമായ നടപടികളില്‍ നിന്ന് ഇസ്രായില്‍ വിട്ടുനില്‍ക്കണമെന്നും റഷ്യന്‍ വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍ സമാധാന സേനാ കേന്ദ്രങ്ങള്‍ക്കും പോസ്റ്റുകള്‍ക്കും നേരെയുള്ള ഇസ്രായില്‍ സൈന്യത്തിന്റെ ആക്രമണത്തെ ചൈന ശക്തമായി അപലപിക്കുന്നതായും കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതായും ചൈനീസ് വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
യു.എന്‍ സമാധാന സൈനികര്‍ക്കു നേരയുണ്ടായ ആക്രമണത്തെ അപലപിച്ച ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡൊ ക്രൊസെറ്റോ ഇത് യുദ്ധക്കുറ്റമാണെന്ന് വിശേഷിപ്പിച്ചു. യു.എന്‍ സൈനികര്‍ക്കു നേരെയുള്ള ആക്രമണം അബദ്ധമോ അപകടമോ ആയിരുന്നില്ല. ഇത് ഒരു യുദ്ധക്കുറ്റമായി കണക്കാക്കാം. കൂടാതെ ഇത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനമാണ്. സംഭവത്തില്‍ പ്രതിഷേധം അറിയിക്കാന്‍ ഇസ്രായിലി പ്രതിരോധ മന്ത്രിയുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിശദീകരണം തേടി ഇറ്റലിയിലെ ഇസ്രായില്‍ അംബാസഡറെ വിളിപ്പിച്ചിട്ടുണ്ടെന്നും ഗൈഡൊ ക്രൊസെറ്റോ പറഞ്ഞു.
മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഗാസയില്‍ ഹമാസിനും ലെബനോനില്‍ ഹിസ്ബുല്ലക്കുമെതിരെ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന യുദ്ധത്തിലുടനീളം ഇറ്റലി ഇസ്രായിലിന് വളരെയധികം പിന്തുണ നല്‍കുന്നു. യു.എന്‍ സമാധാന സേന ലെബനോന്‍, ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്നാണ് ഇസ്രായില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇങ്ങിനെ ആവശ്യപ്പെടാന്‍ ഇസ്രായിലിന് അവകാശമില്ലെന്ന് ഇറ്റലി പറഞ്ഞു. യു.എന്നിനും ഇറ്റലിക്കും ഇസ്രായില്‍ ഗവണ്‍മെന്റില്‍ നിന്ന് ഉത്തരവുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രായിലി ഗവണ്‍മെന്റിനോട് പറയണമെന്ന് ഇസ്രായിലി അംബാസഡറോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗൈഡൊ ക്രൊസെറ്റോ പറഞ്ഞു.
യു.എന്‍ സമാധാന സേന (യൂനിഫില്‍) ക്കു കീഴില്‍ ദക്ഷിണ ലെബനോനില്‍ പതിനായിരത്തോളം സൈനികരുണ്ട്. സെപ്റ്റംബര്‍ 23 ന് ഹിസ്ബുല്ലയും ഇസ്രായിലും രൂക്ഷമായ ആക്രമണം ആരംഭിച്ച ശേഷം വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് യൂനിഫില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇസ്രായിലിനുള്ള ആയുധ വില്‍പന നിര്‍ത്തണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും ദിവസങ്ങള്‍ക്കു മുമ്പ് ആവശ്യപ്പെട്ടിരുന്നു. മാക്‌റോണ്‍ അന്താരാഷ്ട്ര സമൂഹത്തിന് നാണക്കേടാണെന്ന് പറഞ്ഞാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിന് തിരിച്ചടിച്ചത്.