ഗാസ – ഇസ്രായില്‍ യുദ്ധത്തില്‍ ഗാസയിലെ ചില ഡിസ്ട്രിക്ടുകള്‍ പൂര്‍ണമായും തുടച്ചുനീക്കപ്പെട്ടതായും ഗാസയിലെ വിശാലമായ പ്രദേശങ്ങളില്‍ 6.1 കോടി ടണ്‍ അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി വ്യക്തമാക്കി.
മാനുഷിക സഹായങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കിടയില്‍ ഗാസയിലെ മുഴുവന്‍ കുടുംബങ്ങളും ഇപ്പോഴും വെള്ളത്തിനും പാര്‍പ്പിടത്തിനുമായി അവശിഷ്ടങ്ങള്‍ക്കിടയില്‍ അലഞ്ഞുനടക്കുകയാണ്. ഉപരോധം തുടരുന്നുണ്ടെങ്കിലും തങ്ങളുടെ ടീമുകള്‍ ദുരിതബാധിതര്‍ക്ക് ജീവന്‍ രക്ഷാസഹായം നല്‍കുന്നത് തുടരുന്നു. കടുത്ത സാഹചര്യങ്ങള്‍ക്കിടയിലും മുനമ്പില്‍ മാനുഷിക പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള പ്രതിബദ്ധത യു.എന്‍ റിലീഫ് ഏജന്‍സി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയും ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി അടക്കമുള്ള യു.എന്‍ ഏജന്‍സികളും നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സുരക്ഷിതമാക്കാനും അധിനിവേശ ശക്തി എന്ന നിലയില്‍ ഇസ്രായില്‍ ബാധ്യസ്ഥമാണെന്ന് ബുധനാഴ്ച അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചു. ഗാസ മുനമ്പിലെ സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നത് ഉറപ്പാക്കാന്‍ ഇസ്രായില്‍ ബാധ്യസ്ഥമാണെന്നും പട്ടിണിയെ യുദ്ധമുറയായി ഉപയോഗിക്കരുതെന്നും 11 ജഡ്ജിമാരുടെ പാനല്‍ കൂട്ടിച്ചേര്‍ത്തു. യു.എന്‍ റിലീഫ് ഏജന്‍സി ജീവനക്കാരില്‍ വലിയൊരു ശതമാനവും ഭീകര ഗ്രൂപ്പുകളിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് ഏജന്‍സിയുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്ന ഇസ്രായിലിന്റെ അവകാശവാദങ്ങളെ ശരിവെക്കുന്ന തെളിവുകള്‍ കോടതി കണ്ടെത്തിയിട്ടില്ലെന്ന്, ഗാസയില്‍ സഹായങ്ങള്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായിലിന്റെ ബാധ്യതകള്‍ നിര്‍വചിക്കുന്ന വിധി (ഉപദേശക അഭിപ്രായം) പ്രഖ്യാപിക്കാന്‍ ഹേഗില്‍ നടന്ന സെഷനില്‍ കോടതി ചീഫ് ജസ്റ്റിസ് യുജി ഇവാസാവ വ്യക്തമാക്കി.
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സുവ്യക്തമായ വിധിയെ ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി ദുരിതാശ്വാസ, പ്രവര്‍ത്തന ഏജന്‍സി കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി സ്വാഗതം ചെയ്തു. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇസ്രായിലിന് ബാധകമായ നിയമപരമായ ബാധ്യതകള്‍ വിധി വ്യക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയും യു.എന്‍ റിലീഫ് ഏജന്‍സി അടക്കമുള്ള യു.എന്‍ സ്ഥാപനങ്ങളും നടപ്പാക്കുന്ന ദുരിതാശ്വാസ പദ്ധതികള്‍ അംഗീകരിക്കാന്‍ ഇസ്രായിലിനെ നിര്‍ബന്ധിക്കല്‍, യു.എന്‍ റിലീഫ് ഏജന്‍സിയിലെ നുഴഞ്ഞുകയറ്റം, ഏജന്‍സിയുടെ നിഷ്പക്ഷതയില്ലായ്മ എന്നീ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിക്കല്‍, യു.എന്‍ റിലീഫ് ഏജന്‍സിയുടെ സ്ഥാപനങ്ങള്‍ തകര്‍ക്കല്‍, അവ ദുരുപയോഗം ചെയ്യല്‍, ജീവനക്കാരുടെ കൊലപാതകം, കസ്റ്റഡിയില്‍ വെക്കുന്നതിനിടെ റിലീഫ് പ്രവര്‍ത്തകരോട് മോശമായി പെരുമാറല്‍ എന്നിവക്ക് ഉത്തരവാദിത്തം ആവശ്യപ്പെടല്‍ എന്നിവ അടക്കം കോടതി വിധി ഇസ്രായില്‍ പാലിക്കേണ്ട ബാധ്യതകള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശവുമായി സവിശേഷവും സുസ്ഥിരവുമായ ബന്ധമുള്ള പ്രാഥമിക റിലീഫ് ഏജന്‍സിയാണ് യു.എന്‍ റിലീഫ് ഏജന്‍സി. ഗാസയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, യു.എന്‍ റിലീഫ് ഏജന്‍സിയെ തടസ്സപ്പെടുത്തുന്നതിനു പകരം അതിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുകയാണ് വേണ്ടത്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യമെന്ന നിലയില്‍ യു.എന്‍ റിലീഫ് ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും സദുദ്ദേശ്യത്തോടെ നല്‍കേണ്ടത് ഇസ്രായിലിന്റെ നിയമപരമായ ബാധ്യതകളില്‍ ഉള്‍പ്പെടുന്നു. ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്നും ഗാസയിലേക്ക് വലിയ അളവില്‍ ഭക്ഷണവും ജീവന്‍രക്ഷാ വസ്തുക്കളും എത്തിക്കാന്‍ തയാറാക്കിവെച്ചിട്ടുണ്ട്. മാനുഷിക പ്രതികരണം ഉടനടി വികസിപ്പിക്കാനും സാധാരണക്കാരുടെ ദുരിതം ലഘൂകരിക്കാനും ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും യു.എന്‍ റിലീഫ് ഏജന്‍സിക്കുണ്ടെന്നും ഫിലിപ്പ് ലസാരിനി പറഞ്ഞു.



