ജിദ്ദ – ഹിസ്ബുല്ലക്കും ഹമാസിനും കനത്ത തിരിച്ചടി നല്‍കി ഏതാനും മാസങ്ങള്‍ക്കിടെ ഇസ്രായില്‍ നടത്തിയ കൃത്യമായ വ്യോമാക്രമണങ്ങളിലൂടെ വധിച്ചത് ആറു ഹിസ്ബുല്ല, ഹമാസ് നേതാക്കളെ. ഏറ്റവും ഒടുവില്‍ ഹിസ്ബുല്ലയിലെ രണ്ടാമത്തെ നേതാവ് ആയ ഇബ്രാഹിം അഖീലിനെ ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് വെള്ളിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ സൈന്യം വധിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം ഇസ്രായില്‍ സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തതിലൂടെ ഹിസ്ബുല്ല പോരാളികള്‍ അടക്കം 37 പേരെ കൊല്ലപ്പെടുകയും മൂവായിരത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ ഞെട്ടലില്‍ നിന്ന് ഹിസ്ബുല്ല മുക്തമാകുന്നതിനു മുമ്പാണ് രണ്ടാമത്തെ നേതാവിനെ ഇസ്രായില്‍ വ്യോമാക്രമണത്തിലൂടെ വധിച്ചത്.
ഹിസ്ബുല്ലക്കു കീഴിലെ ഏറ്റവും ഉയര്‍ന്ന സൈനിക അതോറിറ്റിയായ ജിഹാദി കൗണ്‍സില്‍ അംഗമായ ഇബ്രാഹിം അഖീല്‍, തഹ്‌സീന്‍, അബ്ദുല്‍ഖാദിര്‍ എന്നീ ഓമനപ്പേരുകളാണ് ഉപയോഗിച്ചിരുന്നത്. 1983 ഏപ്രിലില്‍ ബെയ്‌റൂത്ത് അമേരിക്കന്‍ എംബസിക്കു നേരെ ട്രക്ക് ബോംബ് സ്‌ഫോടനം നടത്തിയതില്‍ ഇബ്രാഹിം അഖീലിന് പങ്കുള്ളതായി അമേരിക്ക ആരോപിച്ചിരുന്നു. ഈ ആക്രമണത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു ആറു മാസത്തിനു ശേഷം യു.എസ് മറീന്‍ ബാരക്കില്‍ സ്‌ഫോടനം നടത്തി 241 അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയ സംഭവത്തിലും ഇബ്രാഹിം അഖീലിന് പങ്കുള്ളതായി അമേരിക്ക ആരോപിക്കുന്നു.
ഹിസ്ബുല്ലയിലെ മുതിര്‍ന്ന സൈനിക കമാണ്ടറായ ഫുവാദ് ശുക്‌റിനെ ജൂലൈ 30 ന് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് നടത്തിയ വ്യോമാക്രമണത്തിലൂടെ ഇസ്രായില്‍ വധിച്ചു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ വലംകൈ ആയി ഫുവാദ് ശുക്‌റിനെ ഇസ്രായില്‍ സൈന്യം വിശേശിപ്പിച്ചു. നാലു ദശകത്തിലേറെ മുമ്പ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ലെബനോനില്‍ ഹിസ്ബുല്ല സ്ഥാപിച്ചതു മുതല്‍ ഹിസ്ബുല്ലയിലെ മുതിര്‍ന്ന സൈനിക നേതാവായിരുന്നു ഫുവാദ് ശുക്ര്‍. 1983 ല്‍ അമേരിക്കന്‍ മറീന്‍ ബാരക്ക് സ്‌ഫോടനത്തില്‍ കേന്ദ്ര പങ്ക് വഹിച്ചതായി ആരോപിച്ച് ഫുവാദ് ശുക്‌റിന് 2015 ല്‍ അമേരിക്ക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ജൂലൈ മൂന്നിന് ഇസ്രായില്‍ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ല നേതാവ് മുഹമ്മദ് നാസിര്‍ കൊല്ലപ്പെട്ടത്. ദക്ഷിണ, പശ്ചിമ ലെബനോനില്‍ നിന്ന് ഇസ്രായിലിലേക്ക് ആക്രമണങ്ങള്‍ നടത്തുന്ന ഹിസ്ബുല്ല യൂനിറ്റിന് നേതൃത്വം നല്‍കിയിരുന്നത് മുഹമ്മദ് നാസിര്‍ ആണെന്ന് ഇസ്രായില്‍ സൈന്യം പറഞ്ഞു. ലെബനോന്‍, ഇസ്രായില്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്ല സൈനിക ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് മുഹമ്മദ് നാസിര്‍ ആയിരുന്നെന്ന് മുതിര്‍ന്ന ലെബനീസ് സുരക്ഷാ വൃത്തങ്ങളും പറയുന്നു.
ജൂണ്‍ 12 നുണ്ടായ ഇസ്രായില്‍ ആക്രമണത്തിലാണ് ഹിസ്ബുല്ലയിലെ മുതിര്‍ന്ന ഫീല്‍ഡ് കമാണ്ടര്‍ താലിബ് അബ്ദുല്ല കൊല്ലപ്പെട്ടത്. ദക്ഷിണ ലെബനോനില്‍ ഹിസ്ബുല്ലയുടെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്റര്‍ ലക്ഷ്യമിട്ടാണ് തങ്ങള്‍ വ്യോമാക്രമണം നടത്തിയതെന്ന് താലിബ് അബ്ദുല്ല വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായില്‍ പറഞ്ഞു. താബില് അബ്ദുല്ലയുടെ വധത്തിന് തിരിച്ചടിയെന്നോണം ഹിസ്ബുല്ല ഇസ്രായിലിലേക്ക് നിരവധി മിസൈലുകള്‍ തൊടുത്തുവിട്ടു.
ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് കമാണ്ടറായിരുന്ന മുഹമ്മദ് അല്‍ദീഫിനെ ജൂലൈ 13 ന് ഖാന്‍ യൂനിസ് ഏരിയയില്‍ വ്യോമാക്രമണം നടത്തിയാണ് ഇസ്രായില്‍ വധിച്ചത്. നേരത്തെ ഇസ്രായില്‍ നടത്തിയ ഏഴു വധശ്രമങ്ങളില്‍ നിന്ന് മുഹമ്മദ് അല്‍ദീഫ് രക്ഷപ്പെട്ടിരുന്നു. ഒക്‌ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായിലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായിരുന്നു മുഹമ്മദ് അല്‍ദീഫ് എന്നാണ് കരുതുന്നത്. മുഹമ്മദ് അല്‍ദീഫ് കൊല്ലപ്പെട്ടതായി ഹമാസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ജൂലൈ 31 ന് പുലര്‍ച്ചെ തെഹ്‌റാനിലെ താമസസ്ഥത്തു വെച്ചാണ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടത്. തെഹ്‌റാനിലെ ഔദ്യോഗിക താമസസ്ഥലത്തു കഴിയുന്നതിനിടെ ഹനിയ്യയെ മിസൈല്‍ ആക്രമണത്തിലൂടെയാണ് ഇസ്രായില്‍ വകവരുത്തിയത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രായില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ജനുവരി രണ്ടിന് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഹമാസ് ഓഫീസ് ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റക്കല്‍ ബ്യൂറോ ഡെപ്യൂട്ടി മേധാവി സ്വാലിഹ് അല്‍ആറൂരിയും കൊല്ലപ്പെട്ടു. ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് സ്ഥാപകനായിരുന്നു സ്വാലിഹ് അല്‍ആറൂരി.
ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് അല്‍ജാമൂസ് ഏരിയയില്‍ പത്തു നില കെട്ടിടത്തില്‍ ഹിസ്ബുല്ലക്കു കീഴിലെ റദ്‌വാന്‍ യൂനിറ്റ് അംഗങ്ങള്‍ക്കൊപ്പം യോഗം ചേരുന്നതിനിടെയാണ് ഇബ്രാഹിം അഖീലിനെ ലക്ഷ്യമിട്ട് ഇസ്രായില്‍ വെള്ളിയാഴ്ച വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെടുകയും 66 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം ഏതാനും പേരെ കാണാതായിട്ടുമുണ്ട്.