ധാക്ക – വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കും അനുയായികൾക്കും വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണൽ.
വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ നേരത്തേ വിധിച്ചിരുന്നു. കൂട്ടക്കൊല, പീഡനം തുടങ്ങി 5 കുറ്റകൃത്യങ്ങൾ ചുമത്തിയാണ് വിചാരണ നടന്നത്. 2024 ജൂലായിലുണ്ടായ പ്രക്ഷോഭത്തെത്തുടർന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച് നാടുവിട്ട ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്ക്ക് മേല്‍ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. പ്രക്ഷോഭകാരികള്‍ക്ക് മേല്‍ മാരകായുധങ്ങള്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടു. വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പിനെ കുറിച്ച് ഹസീനയ്ക്ക് അറിവുണ്ടായിരുന്നു എന്നും കോടതി വിലയിരുത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പ്രതിഷേക്കാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു.
പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തല്‍ നടത്തിയതിനു തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
വിധി വരുന്നതിന് തൊട്ടുമുമ്പായി താൻ നിരപരാധിയാണെന്നും അവാമി ലീഗിനെ തളർത്താൻ കഴിയില്ലെന്നും സൂചിപ്പിക്കുന്ന വിഡിയോ സന്ദേശം ഹസീന അനുയായികൾക്കായി പുറത്തുവിട്ടിരുന്നു. ബംഗ്ലാദേശ് ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുഹമ്മദ് യൂനുസ് അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ അതത്ര എളുപ്പമല്ലെന്നും അവർ വിഡിയോ സന്ദേശത്തിൽ ഉറപ്പിച്ചു പറയുകയും ചെയ്തു.



