ജിദ്ദ: ഉത്തര ഗാസയിൽ പ്രവർത്തനക്ഷമമായ അവസാന ആശുപത്രികളിലൊന്നായ കമാല്‍ അദ്‌വാന്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറി ആശുപത്രിയുടെ വലിയൊരു ഭാഗം അഗ്നിക്കിരയാക്കുകയും രോഗികളെയും ആശുപത്രി ജീവനക്കാരെയും നിർബന്ധിച്ച് ഒഴിപ്പിക്കുകയും ചെയ്ത ഇസ്രായിൽ നടപടിയെ സൗദി അറേബ്യയും ഗള്‍ഫ് സഹകരണ കൗണ്‍സിലും അറബ്, മുസ്‌ലിം രാജ്യങ്ങളും ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും അടിസ്ഥാന ധാര്‍മികതയുടേയും ലംഘനമാണ് ഈ സംഭവമെന്ന് സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ആഴ്ചകളായി ഇസ്രായില്‍ സൈന്യത്തിന്റെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദം നേരിടുന്ന ബെയ്ത് ലാഹിയയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി ജീവനക്കാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഗാസ ആരോഗ്യ മന്ത്രാലയം പറഞ്ഞു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും നഗ്നമായി ലംഘിച്ച് ഗാസയില്‍ സാധാരണക്കാര്‍ക്കും സിവിലിയന്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇസ്രായില്‍ തുടരുന്ന ഭീകരമായ കുറ്റകൃത്യങ്ങളെ മുസ്‌ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അല്‍ഈസ അപലപിച്ചു. കമാല്‍ അദ്‌വാന്‍ ആശുപത്രി അഗ്നിക്കിരയാക്കിയതിനെ ഗള്‍ഫ് സഹകരണ കൗണ്‍സിലും ഒ.ഐ.സിയും അറബ് പാര്‍ലമെന്റും അറബ്, മുസ്‌ലിം രാജ്യങ്ങളും ശക്തമായി അപലപിച്ചു.
ഹമാസ് പോരാളികളെ ലക്ഷ്യമിട്ടാണ് കമാല്‍ അദ്‌വാന്‍ ആശുപത്രി പരിസരത്ത് സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതെന്നാണ് ഇസ്രായില്‍ വാദം. കമാല്‍ അദ്‌വാന്‍ ആശുപത്രി ഹമാസിന്റെ ഭീകര കേന്ദ്രമാണെന്നും ഇസ്രായില്‍ പറയുന്നു. എന്നാൽ, ഈ ആശുപത്രിയില്‍ ഹമാസ് പോരാളികളുണ്ടെന്ന ഇസ്രായില്‍ സൈന്യത്തിന്റെ പ്രസ്താവനകളെ ഹമാസ് ശക്തിയായി നിഷേധിച്ചു. അല്‍ഖസ്സാം ബ്രിഗേഡ്‌സ് അടക്കം ഒരു ഫലസ്തീന്‍ സായുധ ഗ്രൂപ്പിനു കീഴിലെയും പോരാളികള്‍ ആശുപത്രിയിലില്ല. ആശുപത്രിയുടെ കവാടങ്ങള്‍ യു.എന്‍, അന്താരാഷ്ട്ര ഏജന്‍സികള്‍ അടക്കം എല്ലാവര്‍ക്കും മുന്നില്‍ തുറന്നിട്ട നിലയിലായിരുന്നു. ആശുപത്രി ഒഴിപ്പിച്ച് ആശുപത്രി വിഭാഗങ്ങള്‍ അഗ്നിക്കിരയാക്കിയ ഇസ്രായില്‍ സൈന്യത്തിന്റെ നീചമായ കുറ്റകൃത്യങ്ങള്‍ ന്യായീകരിക്കാനാണ് ഇത്തരം കള്ളങ്ങള്‍ ഇസ്രായില്‍ സൈന്യം പ്രചരിപ്പിക്കുന്നതെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ആശുപത്രിയിലെ സര്‍ജറി, ലബോറട്ടറി, സ്‌റ്റോര്‍ വിഭാഗങ്ങള്‍ ഇസ്രായില്‍ സൈന്യം അഗ്നിക്കിരയാക്കിയതായി ഗാസ ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി യൂസുഫ് അബൂരീശ് പറഞ്ഞു. കമാല്‍ അദ്‌വാന്‍, ഇന്തോനേഷ്യന്‍, അല്‍ഔദ ആശുപത്രികള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആവര്‍ത്തിച്ച് ആക്രമണങ്ങള്‍ നടത്തുന്നതായി ഫലസ്തീനില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കമാല്‍ അദ്‌വാന്‍ ആശുപത്രിയിലുണ്ടായിരുന്നവരോട് സമീപത്ത് അഭയാര്‍ഥി കുടുംബങ്ങള്‍ കഴിയുന്ന സ്‌കൂളിലേക്ക് പോകാന്‍ ഇസ്രായില്‍ സൈന്യം ഉത്തരവിട്ടു. ഇക്കൂട്ടത്തില്‍ 75 പേര്‍ രോഗികളും കൂട്ടിരിപ്പുകാരും 185 പേര്‍ ആശുപത്രി ജീവനക്കാരുമായിരുന്നെന്നും യൂസുഫ് അബൂരീശ് പറഞ്ഞു. ആശുപത്രി മുറ്റത്ത് ഒരുമിച്ചുകൂട്ടിയ ശേഷം കൊടും തണുപ്പില്‍ വസ്ത്രങ്ങളഴിക്കാന്‍ ഇവരെ ഇസ്രായില്‍ സൈന്യം നിര്‍ബന്ധിച്ചു. ചിലരെ ഇതിനകം ഏറെക്കുറെ പ്രവര്‍ത്തനം നിലച്ച ഉത്തര ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്ക് അയച്ചു. മറ്റു ചിലരെ ഇസ്രായില്‍ സൈന്യം ഏങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ല. ശിശുരോഗ വിദഗ്ധനായ ഡോക്ടര്‍ അടക്കം കമാല്‍ അദ്‌വാനിലെ അഞ്ചു ജീവനക്കാര്‍ ഇസ്രായില്‍ സൈനികര്‍ നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി വ്യാഴാഴ്ച ഗാസ ആരോഗ്യ മന്ത്രായ അധികൃതര്‍ പറഞ്ഞിരുന്നു.
ഉത്തര ഗാസയില്‍ ഇസ്രായില്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ യു.എന്‍ അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. വടക്കന്‍ ഗാസയിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഗാസ നിവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ യു.എന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണത്തിലൂടെ ഉത്തര ഗാസയില്‍ ശേഷിച്ച അവസാനത്തെ ആശുപത്രിയും പ്രവര്‍ത്തനരഹിതമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു.