മോസ്‌കോ – റഷ്യന്‍ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്ന ബൂഷെഹര്‍ ആണവ റിയാക്ടറിനു നേരെയുള്ള വ്യോമാക്രമണം ഇസ്രായില്‍ ഉടന്‍ നിര്‍ത്തണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇസ്രായിലും ഇറാനും തമ്മിലുള്ള യുദ്ധത്തില്‍ നേരിട്ടുള്ള സൈനിക ഇടപെടലിനെതിരെ അമേരിക്കക്കുള്ള മുന്നറിയിപ്പ് റഷ്യ ആവര്‍ത്തിച്ചു. ബൂഷെഹര്‍, ഇസ്ഫഹാന്‍, നതാന്‍സ് എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളില്‍ സൈന്യം ബോംബാക്രമണം നടത്തിയതായും മറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതായും ഇസ്രായില്‍ സൈനിക വക്താവ് നേരത്തെ പറഞ്ഞു.
ഗള്‍ഫ് തീരത്ത് സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏക പ്രവര്‍ത്തനക്ഷമമായ ആണവ നിലയമാണ് ബൂഷെഹര്‍ പ്ലാന്റ്. ആണവ വ്യാപന സാധ്യത കുറക്കുന്നതിന് ഉപഭോഗത്തിന് ശേഷം മോസ്‌കോ തിരിച്ചുപിടിക്കുന്ന റഷ്യന്‍ ഇന്ധനമാണ് ഇവിടെ ഉപയോഗിക്കുന്നത്. ബൂഷെഹര്‍ പ്ലാന്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുരക്ഷാ ഭീഷണികളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഇറാനിലെ റഷ്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അമേരിക്കന്‍ സൈനിക ഇടപെടല്‍ അപകടകരമായ നിലക്ക് സംഘര്‍ഷം മൂര്‍ഛിക്കാന്‍ ഇടയാക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യം വെക്കരുതെന്നും സംയമനം പാലിക്കണമെന്നും റഷ്യ അമേരിക്കയോട് ആവശ്യപ്പെട്ടു.
അമേരിക്കയുടെ ഇടപെടല്‍ അഭൂതപൂര്‍വമായ തലത്തിലേക്ക് പിരിമുറുക്കം വര്‍ധിപ്പിക്കുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇക്കണോമിക് ഫോറത്തില്‍ പറഞ്ഞു. ഇറാനിലെ ബൂഷെഹര്‍ ആണവ നിലയത്തില്‍ നിന്ന് റഷ്യ 600 വിദഗ്ധരെ പിന്‍വലിക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ വ്യക്തമാക്കി. ഞങ്ങള്‍ ബൂഷഹര്‍ വിട്ടുപോകില്ല, ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗത്തെ ഞങ്ങള്‍ തുടര്‍ന്നും പിന്തുണക്കും – പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ ബന്ധപ്പെട്ടു. സംഘര്‍ഷത്തില്‍ റഷ്യ മധ്യസ്ഥ വഹിക്കുന്നതിന് ചൈന പിന്തുണ അറിയിച്ചു.
ബൂഷെഹര്‍ പ്ലാന്റ് ലക്ഷ്യമിടുന്നത് 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിന് സമാനമായ ആണവ ദുരന്തത്തിലേക്ക് നയിച്ചേക്കുമെന്ന് റഷ്യയുടെ റോസാറ്റം സ്റ്റേറ്റ് ആറ്റമിക് എനര്‍ജി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഏതാനും ഡസന്‍ വിദഗ്ധരെ ബൂശഹര്‍ ആണവ നിലയത്തില്‍ നിന്ന് റഷ്യ നേരത്തെ ഒഴിപ്പിച്ചിരുന്നു. നിലവില്‍ ഇവിടെ നിന്ന് റഷ്യന്‍ വിദഗ്ധരെ ഒഴിപ്പിക്കേണ്ട ആവശ്യമില്ലെന്നും റോസാറ്റം സ്റ്റേറ്റ് ആറ്റമിക് എനര്‍ജി കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പറഞ്ഞു.