മോസ്കോ: റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകൾ തൊടുത്തുവിടാൻ യുക്രൈന് യു.എസ് അനുമതി നൽകിയതിനു പിന്നാലെ ആണവാക്രമണ മുന്നറിയിപ്പുമായി റഷ്യ. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിന് മറുപടിയായി ആണവായുധം പ്രയോഗിക്കാം എന്ന പ്രധാന നയം മാറ്റത്തിന് റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ അനുമതി നൽകി. ആണവശക്തി ആയ ഒരു രാജ്യത്തിന്റെ പിന്തുണയോടെ ആണവശക്തിയല്ലാത്ത ഒരു രാജ്യം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായാണ് പരിഗണിക്കുകയെന്നും റഷ്യയുടെ പുതിയ നയം വ്യക്തമാക്കുന്നു.
യു.എസ്, ബ്രിട്ടീഷ്, ഫ്രഞ്ച് മിസൈലുകൾ റഷ്യയ്ക്കെതിരെ പ്രയോഗിക്കാൻ യുക്രൈന് യുഎസ് അനുമതി നൽകിയാൽ ഇത് നാറ്റോ സഖ്യരാജ്യങ്ങൾക്ക് നേരിട്ട് പങ്കുള്ള സംയുക്ത ആക്രമണമായി പരിഗണിക്കുമെന്ന് റഷ്യ ഏതാനും മാസങ്ങളായി മുന്നറിയിപ്പ് നൽകി വരികയായിരുന്നു. ഇതിനിടെയാണ് പുതിയ ആണവ നയംമാറ്റം പ്രഖ്യാപിച്ചത്.
പുതിയ നയം അനുസരിച്ച് റഷ്യയ്ക്കോ സഖ്യരാജ്യമായ ബലാറസിനൊ എതിരെ കര, വ്യോമ, നാവിക ആക്രമണങ്ങളുണ്ടായാൽ മറുപടിയായി ലോകത്ത് ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള റഷ്യയ്ക്ക് ആണവായുധം പ്രയോഗിക്കാം. ആണവനയം മാറ്റിയതിലൂടെ ആണവായുധം എതിരാളികൾക്കെതിരെ പ്രയോഗിക്കുന്നതിന് നിശ്ചയിക്കപ്പെട്ടിരുന്ന കർശന വ്യവസ്ഥകൾ ഇളവ് ചെയ്തിരിക്കുകയാണ് റഷ്യ.
അതിനിടെ, യുദ്ധത്തിലാദ്യമായി യുക്രൈൻ യു.എസ് നിർമിത എടിഎസിഎംഎസ് മിസൈൽ റഷ്യയിലേക്ക് തൊടുത്തുവിട്ടതായി യുക്രൈൻ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഈ റിപോർട്ട് വാർത്ത ഏജൻസികൾ സ്ഥിരീകരിച്ചിട്ടില്ല. റഷ്യ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപോർട്ട്.
യുക്രൈനിലെ യുദ്ധം അതിന്റെ അവസാനത്തേയും, ഏറ്റവും അപകടകരവുമായ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതായാണ് റഷ്യയിയുടേയും പാശ്ചാത്യ രാജ്യങ്ങളിലേയും ചില ഉന്നതർ വിലയിരുത്തുന്നത്.