കറാച്ചി- ജയിലിനകത്ത് വെച്ച് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹം പരന്നതോടെ അദ്ദേഹത്തിന്റെ ആയിരകണക്കിന് അനുയായികൾ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടി. ഇന്ന് ഉച്ചയോടെയാണ് ഇംറാൻ ഖാൻ കൊല്ലപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അഴിമതി കേസിൽ രണ്ട് വർഷത്തിലേറെയായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി റാവൽപിണ്ടിയിൽ തടവിലാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പി.ടി.ഐ) അംഗങ്ങൾ ജയിലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞയാഴ്ച ഖാനെ സന്ദർശിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്റെ സഹോദരിമാർക്ക് പോലീസിന്റെ ക്രൂരമായ മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നു.
ബലൂചിസ്ഥാനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നുമുള്ള നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഖാൻ കൊല്ലപ്പെട്ടിരിക്കാമെന്ന അവകാശവാദങ്ങളുമായി രംഗത്തെത്തി. ഒരു മാസത്തോളമായി ഇംറാൻ ഖാനെ ആർക്കും സന്ദർശിക്കാൻ സാധിച്ചിട്ടില്ല.
“അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളിൽ ഞങ്ങൾ സമാധാനപരമായി പ്രതിഷേധിച്ചു. ഞങ്ങൾ റോഡുകൾ തടയുകയോ പൊതുജനങ്ങളുടെ ചലനം തടസ്സപ്പെടുത്തുകയോ നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുകയോ ചെയ്തില്ല. മുന്നറിയിപ്പോ പ്രകോപനമോ ഇല്ലാതെ, പ്രദേശത്തെ തെരുവുവിളക്കുകൾ പെട്ടെന്ന് ഓഫാക്കിയ ശേഷം, പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ ക്രൂരവും ആസൂത്രിതവുമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് അദ്ദേഹത്തിന്റെ സഹോദരി നൊറീൻ നിയാസി പഞ്ചാബ് പോലീസ് മേധാവി ഉസ്മാൻ അൻവറിന് അയച്ച കത്തിൽ ആരോപിച്ചു.
ഖാന്റെ സഹോദരിമാർക്ക് കൂടിക്കാഴ്ച നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പിടിഐ ജയിലിന് പുറത്ത് മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി തത്സമയം സംപ്രേഷണം ചെയ്യുകയും ഒടുവിൽ മജ്‌ലിസ് വഹ്ദത്ത്-ഇ-മുസ്‌ലിമീൻ നേതാവ് അല്ലാമ രാജ നാസിറിന്റെ അഭ്യർഥന മാനിച്ച് അവസാനിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇംറാൻ ഖാനുമായുള്ള കൂടിക്കാഴ്ചകൾ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അനുവദിക്കുന്നില്ല. അഡിയാല ജയിലിലെ ഉയർന്ന സുരക്ഷയുള്ള സെല്ലിൽ ഇമ്രാൻ ഖാനെ ഏകാന്തതടവിൽ പാർപ്പിച്ചിരിക്കുകയാണ്. ജൂൺ അവസാനം കോടതിയിൽ ഹാജരാകുന്നതിനിടെയാണ് അദ്ദേഹം അവസാനമായി പരസ്യമായി പ്രത്യക്ഷപ്പെട്ടത്.



