തെല്‍അവീവ് – അധിനിവിഷ്ട വെസ്റ്റ് ബാങ്ക് ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് അംഗീകാരം നല്‍കുന്നത് ഗാസ മുനമ്പിലെ വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി.
ഇപ്പോള്‍ ഞങ്ങള്‍ക്ക് (അമേരിക്കക്ക്) പിന്തുണക്കാന്‍ കഴിയുന്ന ഒന്നല്ല ഇതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഇക്കാര്യത്തില്‍ നെസെറ്റിന് മുന്നിലുള്ള ഏതെങ്കിലും ബില്ലുകള്‍ അംഗീകരിക്കുന്നത് വെടിനിര്‍ത്തലിന് ഭീഷണി സൃഷ്ടിക്കുമെന്നും പ്രതികൂല ഫലങ്ങള്‍ നല്‍കുമെന്നും റൂബിയോ പറഞ്ഞു.
വെസ്റ്റ് ബാങ്കും വെസ്റ്റ് ബാങ്കിലെ അനധികൃത ജൂതകുടിയേറ്റ കോളനികളും ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള രണ്ടു ബില്ലുകള്‍ക്ക് ഇസ്രായിലി നെസെറ്റ് ബുധനാഴ്ച പ്രാഥമിക അംഗീകാരം നല്‍കിയിരുന്നു. സൗദി അറേബ്യ, ജോര്‍ദാന്‍, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി, ജിബൂത്തി, ഒമാന്‍, ഫലസ്തീന്‍, ഖത്തര്‍, കുവൈത്ത്, ലിബിയ, മലേഷ്യ, ഈജിപ്ത്, നൈജീരിയ, ഗാംബിയ, അറബ് ലീഗ്, ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ എന്നീ രാജ്യങ്ങളും സംഘടനകളും നെസറ്റ് നീക്കത്തെ സംയുക്ത പ്രസ്താവനയിലൂടെ രൂക്ഷമായ ഭാഷയില്‍ അപലപിച്ചു.



