കയ്‌റോ – ദക്ഷിണ ഈജിപ്തില്‍ മിനി വാനും ട്രെയിലറും കൂട്ടിയിടിച്ച് പതിനാലു പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. അസ്‌യൂത്ത്, അല്‍ഖൂസിയ റോഡില്‍ അല്‍നൈല്‍ പെട്രോള്‍ ബങ്കിനു മുന്നില്‍ സിമന്റ് ലോഡ് വഹിച്ച ട്രെയിലര്‍ യാത്രക്കാര്‍ സഞ്ചരിച്ച മിനി വാനില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മിനി വാന്‍ ഏറെക്കുറെ നിശ്ശേഷം തകര്‍ന്നു. പതിമൂന്നു പേര്‍ സംഭവസ്ഥലത്തു തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാള്‍ അല്‍ഖൂസിയ സെന്‍ട്രല്‍ ആശുപത്രിയില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.
പരിക്കേറ്റയാള്‍ അല്‍ഖൂസിയ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ അല്‍ഖൂസിയ സെന്‍ട്രല്‍ ആശുപത്രി, മന്‍ഫലൂത്ത് ആശുപത്രി, ദൈറൂത്ത് ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലെ മോര്‍ച്ചറികളിലേക്ക് നീക്കി. അപകടത്തില്‍ മരണപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിനും അടിയന്തിര സഹായമായി അസ്‌യൂത്ത് സോഷ്യല്‍ സോളിഡാരിറ്റി ഫൗണ്ടേഷനില്‍ നിന്ന് 5,000 ഈജിപ്ഷ്യന്‍ പൗണ്ട് വീതം വിതരണം ചെയ്യാന്‍ സോഷ്യല്‍ സോളിഡാരിറ്റി മന്ത്രി മായാ മുര്‍സി നിര്‍ദേശിച്ചു. ആവശ്യമായ രേഖകള്‍ നേടിയ ശേഷം ഈ കുടുംബങ്ങള്‍ക്ക് നിയമാനുസൃത ധനസഹായം വിതരണം ചെയ്യും.