ജിദ്ദ – ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിനു കീഴിലെ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഇസ്മായില്‍ ഖാആനിയെ ഇസ്രായില്‍ ചാരനെന്ന് സംശയിച്ച് ഇറാന്‍ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ അതിശക്തമായ ബോംബാക്രമണത്തിലൂടെ കൊലപ്പെടുത്താന്‍ ഇസ്രായിലിനെ സഹായിച്ചതില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഖാആനിയെ സുരക്ഷാ തടങ്കലിലാക്കിയതായും ഇദ്ദേഹത്തെ ചോദ്യം ചെയ്തുവരുന്നതായും വാര്‍ത്താ പോര്‍ട്ടലായ മിഡില്‍ ഈസ്റ്റ് ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇറാന്‍ വാര്‍ത്താ ഏജന്‍സി തസ്‌നീം നിഷേധിച്ചു. ഇസ്മായില്‍ ഖാആനിയെ മെഡല്‍ നല്‍കി ഇറാന്‍ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ വൈകാതെ ആദരിക്കുമെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി കണക്കാക്കപ്പെട്ട ഹാശിം സ്വഫിയുദ്ദീനെ ഇസ്രായില്‍ കൊലപ്പെടുത്തിയ ശേഷം ഇസ്മായില്‍ ഖാആനിയെ പരസ്യമായി കണ്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇസ്മായില്‍ ഖാആനിയെ കുറിച്ച് ഓണ്‍ലൈന്‍ പത്രങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പരസ്പര വിരുദ്ധ റിപ്പോര്‍ട്ടുകളുടെ പ്രളയമാണ്.
ഖാആനിയെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ചോദ്യം ചെയ്യുന്നതായി പത്തു അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ആയത്തുല്ല അലി ഖാംനഇയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഖാആനിയെ ചോദ്യം ചെയ്യുന്നതെന്നും മിഡില്‍ ഈസ്റ്റ് ഐ പറഞ്ഞു. ഖുദ്‌സ് ഫോഴ്‌സിനകത്ത്, വിശിഷ്യാ ലെബനോനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ ഇസ്രായിലി ചാരന്മാര്‍ നുഴഞ്ഞുകയറിയതായി ഇറാന്‍ അധികൃതര്‍ക്ക് ശക്തമായ സംശയമുണ്ടെന്ന് ഇറാഖിലെയും ലെബനോനിലെയും ഇറാനിലെയും അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ പറഞ്ഞു. അതുകൊണ്ടു തന്നെ ഖാആനി അടക്കം സംശയിക്കപ്പെടുന്ന എല്ലാവരെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
ഹസന്‍ നസ്‌റല്ലയുയുടെ വധവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡറായ ജനറല്‍ അബ്ബാസ് നില്‍ഫൊറൂഷാന്റെ നീക്കങ്ങള്‍ക്ക് ഇറാന്‍ ഊന്നല്‍ നല്‍കുന്നു. നസ്‌റല്ലക്കൊപ്പം അബ്ബാസ് നില്‍ഫൊറൂഷാനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം നസ്‌റല്ല ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശത്തിന് പുറത്തായിരുന്നു. നില്‍ഫൊറൂഷാനെയും ഹിസ്ബുല്ല നേതാക്കളെയും കാണാന്‍ നസ്‌റല്ല ഇവിടുത്തെ കണ്‍ട്രോള്‍ ആന്റ് കമാന്‍ഡ് സെന്ററില്‍ തിരിച്ചെത്തുകയായിരുന്നു. ഇസ്രായില്‍ ആക്രമണം നടന്ന അതേദിവസം രാത്രിയിലാണ് നില്‍ഫൊറൂഷാന്‍ വിമാന മാര്‍ഗം ബെയ്‌റൂത്തിലെത്തിയത്. വിമാനത്തില്‍ നിന്ന് നേരെ ഇദ്ദേഹത്തെ ഹാറ ഹരീക് ഡിസ്ട്രിക്ടിലെ ഹിസ്ബുല്ല സെന്ററിലെത്തിക്കുകയായിരുന്നു.
നസ്‌റല്ല എത്തുന്നതിനു മുമ്പായി നില്‍ഫൊറൂഷാന്‍ ഇവിടെ എത്തിയിരുന്നു. നസ്‌റല്ല കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമില്‍ പ്രവേശിച്ച് അല്‍പ സമയത്തിനകം യോഗത്തില്‍ പങ്കെടുത്തവരെ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തി. ഇതിനര്‍ഥം ഈ വിവരങ്ങളെല്ലാം 100 ശതമാനവും ഇസ്രായിലിന് ചോര്‍ന്ന് ലഭിച്ചു എന്നാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നസ്‌റല്ലയുടെ പിന്‍ഗാമിയായി മാറാനിരുന്ന, ഹിസ്ബുല്ല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പ്രസിഡന്റ് ഹാശിം സ്വഫിയുദ്ദീന്റെ ക്ഷണപ്രകാരം ഹിസ്ബുല്ല ശൂറാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനിരുന്ന ഇസ്മായില്‍ ഖാആനി യോഗത്തിന് അല്‍പം മുമ്പ് ക്ഷമാപണം നടത്തി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ലെബനോനിലുണ്ടായിട്ടും നസ്‌റല്ലയുടെ വധത്തിനു ശേഷം ചേര്‍ന്ന സുപ്രധാന യോഗത്തില്‍ ഖാആനി പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ യോഗം ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ ആക്രമണം നസ്‌റല്ലയെ ലക്ഷ്യമിട്ട് നടത്തിയതിലും പ്രഹരമേറിയതായിരുന്നു. ഹാശിം സ്വഫിയുദ്ദീന്‍ അടക്കം നിരവധി പേര്‍ ഈ ആക്രമണത്തിലും കൊല്ലപ്പെട്ടു.
എന്നാല്‍ മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് പരിഹാസ്യമാണെന്ന് ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നീം പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പീഡന മുറകളെ തുടര്‍ന്ന് ഖാആനിക്ക് ഹൃദയാഘാതമുണ്ടായി എന്ന്, അജ്ഞാതരായ പത്തു വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തതിനെ തസ്‌നീം പരിഹസിച്ചു. ഇസ്മായില്‍ ഖാആനിക്ക് കുഴപ്പമൊന്നുമില്ലെന്നും അലി ഖാംനഇയില്‍ നിന്ന് വൈകാതെ മെഡല്‍ സ്വീകരിക്കുമെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാന്‍ഡറുടെ ഉപദേഷ്ടാവ് ഇബ്രാഹിം ജബാരിയെ ഉദ്ധരിച്ച് തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.
നസ്‌റല്ല കൊല്ലപ്പെട്ട ശേഷം ലെബനോനിലേക്ക് പോയ ഇസ്മായില്‍ ഖാആനിയുമായുള്ള വാര്‍ത്താ വിനിമയ ബന്ധം മുറിഞ്ഞതായി ഇറാന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 ല്‍ ബഗ്ദാദില്‍ വെച്ച് ഡ്രോണ്‍ ആക്രമണത്തിലൂടെ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്നാണ് ഖുദ്‌സ് ഫോഴ്‌സ് കമാണ്ടറായി ഖാആനിയെ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് നിയമിച്ചത്. ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഖാആനിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഖാആനി കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്മായില്‍ ഖാആനിയെ കുറിച്ച കാര്യമായ വിവരങ്ങള്‍ ഇറാനിലെ ഔദ്യോഗിക വകുപ്പുകള്‍ പുറത്തുവിടാത്തത് നിഗൂഢത വര്‍ധിപ്പിക്കുകയാണ്.