കയ്‌റോ – ഹമാസ് – ഇസ്രായിൽ ചർച്ചകൾക്കൊടുവിൽ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തും ഖത്തര്‍, ഇസ്രായില്‍ നേതാക്കള്‍. ഖത്തര്‍, തുര്‍ക്കി, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രായിലും തമ്മില്‍ നടത്തിയ ചർച്ചകൾ ഫലം കണ്ടതോടെയാണ് സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നേതാക്കൾ പരസ്പരം ആശ്ലേഷിച്ചത്. ഈജിപ്തിലെ ശറമുശ്ശൈഖ് നഗരത്തിൽ വെച്ചായിരുന്നു ചർച്ച. സമാധാന ചര്‍ച്ചകളില്‍ പങ്കെടുത്ത ഇസ്രായില്‍ സംഘത്തിന്റെ നേതാവ് റിട്ട. മേജര്‍ ജനറല്‍ നിറ്റ്‌സാന്‍ അലോണ്‍, ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയെ ആശ്ലേഷിക്കുകയും ഹസ്തദാനം ചെയ്യുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.


ചര്‍ച്ചകളില്‍ പങ്കെടുത്ത മറ്റു പ്രതിനിധികളും സന്തോഷം പ്രകടിപ്പിക്കുകയും ആലിംഗനം നടത്തുകയും ചെയ്തു. ശറമുശ്ശൈഖില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മധ്യസ്ഥര്‍ വഴി ഹമാസും ഇസ്രായിലും തമ്മില്‍ നടത്തിയ പരോക്ഷ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ഇന്നലെ രാവിലെ ശറമുശ്ശൈഖിലെത്തി ചര്‍ച്ചകളില്‍ സജീവ ഇടപെടലുകള്‍ നടത്തുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറില്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായില്‍ നടത്തിയ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഖലീല്‍ അല്‍ഹയ്യയായിരുന്നു ഹമാസ് പ്രതിനിധി സംഘത്തെ നയിച്ചത്.