ബഗ്ദാദ് – ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദില്‍ പുതിയ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്തിനു സമീപം മെയിന്‍ റോഡ് അടച്ച് ശിയാ രാഷ്ട്രീയ നേതാവിന്റെ സദ്യയൊരുക്കല്‍. റോഡില്‍ അടുപ്പുകള്‍ കൂട്ടി നൂറു കൂറ്റന്‍ ചെമ്പുകളിലാണ് ഭക്ഷണം പാകം ചെയ്തത്. റോഡില്‍ ഏറെ ദൂരത്തോളം ഇരുവശത്തും മധ്യത്തിലുമായി ചെമ്പുകളും പാത്രങ്ങളും നിരത്തിവെച്ചായിരുന്നു പാകം ചെയ്യല്‍. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത് നിരവധി പേരുടെ രോഷത്തിനിടയാക്കി.
തന്നെ വഞ്ചിക്കുകയും വധിക്കുകയും ചെയ്തവരുടെ പേരമക്കള്‍ ഭക്ഷണം ദാനം ചെയ്യുന്നതിന്റെ പുണ്യം പ്രവാചകന്റെ പേരമകന്‍ ഹുസൈന്‍ ബിന്‍ അലി (റ) ക്ക് ആവശ്യമില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. 100 ചെമ്പ് ഭക്ഷണമുണ്ടാക്കി വിതരണം ചെയ്യുന്നത് അന്ധവിശ്വാസമാണ്. ഇതിന് മതത്തില്‍ ഒരു അടിസ്ഥാനവുമില്ലെന്നും ഇയാള്‍ പറഞ്ഞു.
റോഡ് അടച്ച് അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുന്നതിന് പകരം തങ്ങളുടെ കേന്ദ്രത്തില്‍ വെച്ച് ഭക്ഷണം തയാറാക്കി പേക്ക് ചെയ്ത് ആളുകള്‍ക്കിടയില്‍ ഇവര്‍ക്ക് വിതരണം ചെയ്യാമായിരുന്നെന്ന് മറ്റൊരാള്‍ പറഞ്ഞു. റോഡ് എല്ലാവരുടെയും പൊതുസ്വത്താണ്, വീട്ടില്‍ വെച്ച് ഭക്ഷണം പാകം ചെയ്യണം. വെറുപ്പുളവാക്കുന്ന കാഴ്ചയാണിത് – മറ്റൊരാള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.