ഗാസ – ജീവിതം സാധാരണ നിലയിലായ ഗാസ മുനമ്പിലെ ജനങ്ങൾ പ്രാർത്ഥനകൾക്കായി പള്ളികളിലേക്ക്. ഇന്നലെ നടന്ന ജുമാ നിസ്കാരം നിർവഹിക്കാനായി ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. യുദ്ധത്തിന് മുമ്പുള്ളതുപോലെ സാധാരണ രീതിയില്‍ ജുമുഅ നടത്തിയത് ഇതാദ്യമായിരുന്നു. ഇസ്രായിൽ ആക്രമണത്തിൽ തകർന്നടിഞ്ഞ നിരവധി പള്ളികൾക്ക് പകരം നിർമ്മിച്ച കൂടാരങ്ങളിലാണ് പകുതിയിലധികം പേരും ജുമഅ നമസ്‌കാരം നിര്‍വഹിച്ചത്. യുദ്ധ സമയത്ത് ഇസ്രായിൽ സൈന്യം നിരന്തരമായി പള്ളികളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതിനെ തുടർന്ന് ജുമുഅ അടക്കമുള്ള നിസ്കാരങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ വിശ്വാസികൾ നിര്‍ബന്ധിതരായിരുന്നു.
ഗാസയുടെ വടക്ക് – തെക്ക് ഭാഗങ്ങളിലുള്ള നിരവധി പള്ളികൾ ഇസ്രായിൽ മനപ്പൂർവ്വം നശിപ്പിച്ചിരുന്നു. മധ്യഗാസയില്‍ വിരലിലെണ്ണാവുന്ന പള്ളികൾ മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ആക്രമണത്തിനിടെ വിശ്വാസികൾ ഉപയോഗിച്ച കൂടാരങ്ങൾ വരെ ഇസ്രായിൽ നശിപ്പിച്ചിരുന്നു. ഗവൺമെന്റിന്റെ കണക്കനുസരിച്ച് ആയിരത്തോളം പള്ളികളാണ് ഇസ്രായിൽ ആക്രമിച്ചത്. ഇതിൽ 700ലധികം പള്ളികൾ പൂർണ്ണമായോ, ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. 200 ലധികം പള്ളികൾക്കാണ് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചത്.