ഗാസ സിറ്റി- ഇസ്രായേൽ ഗാസയിൽ നടത്തുന്ന നരനായാട്ടിന് മറ്റൊരു മുഖം. മിസൈൽ ആക്രമണങ്ങളിലും ഇസ്രായേൽ നടത്തിയ വെടിവെപ്പിലുമായി ഏതാണ്ട് 59,029 ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ പട്ടിണി മരണങ്ങളും അധികരിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറം ലോകത്തെത്തുന്നത്. അൽ ജസീറയുടെ റിപ്പോർട്ടുകൾ പ്രകാരം നാല് കുട്ടികൾ അടക്കം ചുരുങ്ങിയത് 15 പേരാണ് പട്ടിണിയും പോഷകാഹാരക്കുറവ് മൂലവും മരണപ്പെട്ടത്.
ഇതിനുപുറമേ വിശപ്പ് മൂലം മരണം മുന്നിൽ കണ്ട് കഴിയുന്ന ഫലസ്തീനികൾ സഹായം തേടി എത്തുമ്പോൾ, കൊന്നു തള്ളുന്നതും ഗാസയിൽ ഒരു നിത്യ സംഭവമാകുകയാണ്. ദേർ എൽ-ബലായുടെ തെക്ക്, കിഴക്കൻ ഭാഗങ്ങളിലേക്ക് ആദ്യമായി ടാങ്കുകൾ ഇടിച്ചുകയറിയതിന് തൊട്ടുപിന്നാലെ, ചൊവ്വാഴ്ച പുലർച്ചെ മുതൽ ഗാസയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 10 സഹായം തേടിയെത്തിയവർ ഉൾപ്പെടെ കുറഞ്ഞത് 43 ഫലസ്തീനികൾ കൊല്ലപ്പെട്ടതായും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവരെ പരിചരിക്കുന്നത് മൂലം കഠിനമായ ജോലിയിലാണ് ഫലസ്തീനിലെ ആരോഗ്യ പ്രവർത്തകർ. രാപ്പകൽ ഇല്ലാത്ത കഠിനമായ പ്രവർത്തനങ്ങൾ മൂലം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ പട്ടിണിയും ക്ഷീണം മൂലവും തലകറങ്ങി വീഴുന്നതായി യു.എൻ.ആർ.ഡബ്ല്യു.എയുടെ ചീഫ് ആയ ഫിലിപ്പെ ലസ്സാറിനി പറയുന്നു
വിവിധങ്ങളായ 25 ഓളം രാജ്യത്തെ വിദേശകാര്യ വക്താക്കളും യൂറോപ്പ്യൻ യൂണിയൻ കമ്മീഷണറും അടിയന്തിരമായി യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ഗാസയിലെ അതിക്രമങ്ങൾ വേറെ തലങ്ങളിലേക്ക് കടന്നതായും അറിയിച്ചു. ഇസ്രായേൽ ഇന്നോളം നടത്തിയ യുദ്ധങ്ങളിൽ 59,029 ആളുകൾ കൊല്ലപ്പെടുകയും 142,135 ആളുകൾ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ ഏഴിന് ശേഷം മാത്രം 1,139 ഫലസ്തീനികൾ ആണ് കൊല്ലപ്പെട്ടിട്ടുള്ളത്. 200 ഓളം ഫലസ്തീനകളെ ബന്ധികളാക്കുകയും ചെയ്തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.