ജിദ്ദ – സിറിയയിലെ പാൽമിറയിൽ അമേരിക്കൻ, സിറിയൻ സൈനികരെ ലക്ഷ്യമാക്കി ഐ.എസ്. ഭീകരൻ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ സിവിലിയനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അമേരിക്കൻ, സിറിയൻ സർക്കാരുകളെയും സൗദി വിദേശ മന്ത്രാലയം അനുശോചനം അറിയിച്ചു.
ഈ ആക്രമണത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇത് യു.എസ്.സിനെതിരെയുള്ള ഐ.എസ്. ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. മധ്യ സിറിയയിലെ പതിയിരുന്നാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. എന്നാൽ, പരിക്കേറ്റവരെല്ലാം സുഖമായിരിക്കുന്നതായി ട്രംപ് അറിയിച്ചു. ആക്രമണം നടത്തിയ ആയുധധാരിയെ യു.എസ്. സൈന്യം വധിച്ചു.
മുൻ പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ പതനത്തിനുശേഷം യു.എസ്. സൈനികർക്കെതിരായ ആദ്യത്തെ ആക്രമണമാണിത്. കൊല്ലപ്പെട്ട യു.എസ്. സിവിലിയൻ വിവർത്തകനായിരുന്നുവെന്ന് പെന്റഗൺ വക്താവ് ഷോൺ പാർനെൽ അറിയിച്ചു. മേഖലയിൽ നടക്കുന്ന തീവ്രവാദ വിരുദ്ധ പോരാട്ടത്തിൽ പങ്കെടുത്ത സൈനികരെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും ഊർജിത അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രപ്രസിദ്ധമായ പാൽമിറയ്ക്ക് അടുത്താണ് വെടിവെപ്പ് നടന്നത്. കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും അൽതൻഫ് ഗാരിസണിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി. ആക്രമണകാരി ഐ.എസ്സുമായി ബന്ധമുള്ള സിറിയൻ സുരക്ഷാ സേനാംഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. ലോകത്തെവിടെയും അമേരിക്കക്കാരെ ലക്ഷ്യം വെക്കുന്നവരെ യു.എസ്. ‘വേട്ടയാടുമെന്നും ക്രൂരമായി കൊല്ലുമെന്നും’ അമേരിക്കൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഐ.എസ്സിനെതിരെ പോരാടുന്ന സഖ്യത്തിന്റെ ഭാഗമായി കിഴക്കൻ സിറിയയിൽ യു.എസ്. സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അഞ്ച് പതിറ്റാണ്ടോളം നീണ്ട അസദ് കുടുംബഭരണത്തിന്റെ പതനത്തിനു ശേഷം സിറിയ-അമേരിക്ക ബന്ധം മെച്ചപ്പെട്ടു. കഴിഞ്ഞ മാസം പുതിയ സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅ് അമേരിക്കയിൽ ചരിത്രപരമായ സന്ദർശനം നടത്തി ട്രംപുമായി ചർച്ച നടത്തി. ജനുവരിയിലാണ് അഹ്മദ് അൽശറഅ് ഇടക്കാല നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അദ്ദേഹത്തിന് അൽഖാഇദയുമായി ബന്ധമുണ്ടായിരുന്നു.
കഴിഞ്ഞ മാസം ഐ.എസ്സിനെതിരെ പോരാടുന്ന അന്താരാഷ്ട്ര സഖ്യത്തിൽ സിറിയയും ചേർന്നു. 2019-ൽ പരാജയപ്പെട്ടെങ്കിലും, ഐ.എസ്സിന്റെ ‘സ്ലീപ്പർ സെല്ലുകൾ’ ഇപ്പോഴും സിറിയയിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. സിറിയയിലും ഇറാഖിലുമായി ഗ്രൂപ്പിന് 5,000 മുതൽ 7,000 വരെ പോരാളികളുണ്ടെന്ന് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു.



