ഗാസ സിറ്റി– ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ദേശീയ ഫുട്ബോൾ ഗോൾകീപ്പർ സലിം അൽ-അഷ്കർ (32) കൊല്ലപ്പെട്ടു. ഈയാഴ്ച ഗാസ സ്ട്രിപ്പിൽ ഇസ്രായിൽ സേന നടത്തിയ ശക്തമായ ആക്രമണത്തിലാണ് സലിമിന് ജീവൻ നഷ്ടമായതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷൻ സ്ഥിരീകരിച്ചു. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകർ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനിടയിലാണ് കായിക ലോകത്തെ കണ്ണീരിലാഴ്ത്തിയ ഈ വിയോഗം.
വെറും അഞ്ച് മാസം മുൻപായിരുന്നു സലിമിന്റെ വിവാഹം കഴിഞ്ഞത്. ജനിക്കാൻ പോകുന്ന തങ്ങളുടെ ആദ്യത്തെ കൺമണിയെ ഒരുനോക്ക് കാണാൻ പോലും സാധിക്കാതെയാണ് സലിം യാത്രയായത്. സലിമിന്റെ അപ്രതീക്ഷിത വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെയും സഹതാരങ്ങളെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ചിലിയൻ ഫുട്ബോൾ ക്ലബായ ‘ഡിപ്പോർട്ടീവോ ഫലസ്തീനോ’ സലിമിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. നിരപരാധികൾ കൊല്ലപ്പെടുന്ന ഇത്തരമൊരു സാഹചര്യം ആവർത്തിക്കുന്നതിൽ കടുത്ത ആശങ്ക അറിയിച്ച ക്ലബ്, ഗാസയിൽ സമാധാനവും നീതിയും എത്രയും വേഗം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രായിൽ ആക്രമണം ആരംഭിച്ചതുമുതൽ ഇതുവരെ ആയിരത്തിലധികം ഫലസ്തീൻ കായികതാരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബോൾ അസോസിയേഷന്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സലിം അൽ അഷ്കറിന് പുറമെ ഒട്ടേറെ പ്രമുഖ കായിക വ്യക്തിത്വങ്ങൾക്കും നൂറുകണക്കിന് ഫുട്ബോൾ താരങ്ങൾക്കുമാണ് ഈ യുദ്ധത്തിൽ ഇതിനകം ജീവൻ നഷ്ടപ്പെട്ടത്. ഇസ്രായിൽ അധിനിവേശ സേനയുടെ നിരന്തരമായ ആക്രമണങ്ങൾ ഗാസയുടെ കായിക അടിസ്ഥാന സൗകര്യങ്ങളെയും പൂർണ്ണമായും തകർത്തിരിക്കുകയാണ്.



