തെൽ അവിവ്: ഫലസ്തീൻ പ്രദേശമായ ഗാസ സൈനിക നീക്കത്തിലൂടെ പിടിച്ചെടുക്കാൻ സൈന്യത്തിന് അനുവാദം നൽകി ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിലെ ജനങ്ങളെ ബലമായി പുറത്താക്കുകയും ഭൂമി പിടിച്ചെടുക്കുകയും ചെയ്യുന്ന സൈനിക നീക്കത്തിന് വെള്ളിയാഴ്ച നടന്ന സുരക്ഷാ കാര്യ യോഗത്തിലാണ് നെതന്യാഹു അനുമതി നൽകിയതെന്ന് വിവിധ ഇസ്രായിലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശം കഴിഞ്ഞ ശേഷമായിരിക്കും സൈനിക നീക്കമെന്ന് ‘ടൈംസ് ഓഫ് ഇസ്രായിൽ’ റിപ്പോർട്ട് ചെയ്തു.
ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായങ്ങൾ തടഞ്ഞ് ജനജീവിതം ദുരിതത്തിലാക്കി രണ്ടു മാസത്തിനു ശേഷമാണ് മുനമ്പ് പൂർണമായി നിയന്ത്രണത്തിലാക്കാൻ ഇസ്രായിൽ ഒരുങ്ങുന്നത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ഇടക്കാല ബന്ദി കൈമാറ്റ – വെടിനിർത്തൽ കരാർ ഏകപക്ഷീയമായി ഇസ്രായിൽ റദ്ദാക്കിയ ശേഷം ഒന്നര മാസത്തിലേറെയായി ഗാസയിൽ ഇസ്രായേൽ അധിനിവേശം നടത്തുന്നുണ്ട്. മുനമ്പിൽ നിന്ന് സൈന്യത്തെ പൂർണമായി പിൻവലിച്ചാൽ ബന്ദികളെ വിട്ടുനൽകാമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ടെങ്കിലും നെതന്യാഹു ഭരണകൂടം അത് തള്ളിക്കളയുകയാണ് ചെയ്തത്. ഹമാസിനെ അധികാരത്തിൽ നിന്ന് നീക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായിൽ പറയുന്നു.
അതിനിടെ, ഇടക്കാല വെടിനിർത്തലിനുള്ള ഈജിപ്തിന്റെ നിർദേശം ഇസ്രായിൽ തള്ളിയതായി വെള്ളിയാഴ്ച അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മാർച്ച് ഒന്നു മുതൽ ഗാസയിലേക്ക് ദുരിതാശ്വാസ സഹായം എത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഇസ്രായേലി നടപടി വൻദുരിതത്തിനാണ് കാരണമായിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ഇക്കാലയളവിൽ 50 കുട്ടികളടക്കം 61 പേർ ഗാസയിൽ വിശന്നു മരിച്ചതായും 65,000 കുട്ടികൾ പോഷകാഹാരക്കുറവ് കാരണം മരണമുഖത്താണെന്നും ഗാസയിലെ മനുഷ്യാവകാശ പ്രവർത്തകനും ന്യൂസ് വീക്ക്, യു.എസ്.എ ടുഡേ കോളമിസ്റ്റുമായ ഹംസ ട്വീറ്റ് ചെയ്തു.