റാമല്ല – വെസ്റ്റ് ബാങ്കിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് നടത്തിയ വ്യാപകമായ റെയ്ഡിൽ കുട്ടികളും ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി വിട്ടയച്ച തടവുകാരും ഉൾപ്പെടെ 22 ഫലസ്തീനികളെ ഇസ്രായിൽ സേന അറസ്റ്റ് ചെയ്തു. പ്രധാനമായും ഹെബ്രോൺ, ജെനീൻ, തൂൽകറം നഗരങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകൾ നടത്തിയത്. അധിനിവേശ സേന ഒരേസമയമാണ് വിവിധ നഗരങ്ങളിലും സ്ഥലങ്ങളിലും റെയ്ഡുകൾ നടത്തിയത്. ഇതിനിടെ വീടുകൾ റെയ്ഡ് ചെയ്യുകയും തിരച്ചിൽ നടത്തുകയും അവയിലെ സാധനങ്ങൾ കേടുവരുത്തുകയും ചെയ്തു. അറസ്റ്റ് ചെയ്തവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി.
ബെത്‌ലഹേം, ഹെബ്രോൺ നഗരങ്ങളിലും ജറൂസലമിന് വടക്കുള്ള ഖലന്ദിയ ഗ്രാമത്തിലും ഫലസ്തീൻ വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ട് അധിനിവേശ സേന വ്യാപകമായി പൊളിക്കൽ നടത്തി. കുടിയേറ്റ വ്യാപനം സുഗമമാക്കാനായി ഫലസ്തീൻ സ്വത്തുക്കൾക്ക് നേരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിത്.
2023 ഒക്ടോബർ ഏഴു മുതൽ ഗാസ മുനമ്പിലെ ഇസ്രായിലി ആക്രമണങ്ങളിൽ കുട്ടികളും സ്ത്രീകളും മുഴുവൻ കുടുംബങ്ങളും ഉൾപ്പെടെ കൊല്ലപ്പെവരുടെ എണ്ണം 71,441 ആയി ഉയർന്നതായി ഫലസ്തീൻ മെഡിക്കൽ വൃത്തങ്ങൾ അറിയിച്ചു. 1,71,329 പേർക്ക് പരിക്കേറ്റു. യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് വർഷത്തിന് ശേഷവും ഗാസ മുനമ്പിന്റെ വിവിധ ഭാഗങ്ങളിൽ തകർന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് മൃതദേഹങ്ങൾ വീണ്ടെടുക്കുന്നത് തുടരുകയാണ്. ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിച്ച് ഇസ്രായിൽ സേന നടത്തിയ ആക്രമണങ്ങളുടെ ഫലമായി 449 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,244 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ മെഡിക്കൽ സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തു.



