റാമല്ല – വെസ്റ്റ് ബാങ്കിലെ തൂബാസ് നഗരത്തിന് തെക്കുള്ള തമ്മൂന്‍ ഗ്രാമത്തില്‍ ഇന്ന് രാവിലെ ഇസ്രായില്‍ സൈന്യം നാലംഗ ഫലസ്തീന്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തു. ഫലസ്തീന്‍ യുവാവിനെയും ഭാര്യയെയും രണ്ടു പിഞ്ചുമക്കളെയും സൈന്യം കാറിലിട്ട് വെടിവെച്ചാണ് കൊന്നത്. നാലംഗ കുടുംബം സഞ്ചരിച്ച കാറിനു നേരെ ഇസ്രായില്‍ സൈനികര്‍ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.
കൂട്ടക്കൊലയെ ഫലസ്തീന്‍ വിദേശ മന്ത്രാലയം ശക്തമായി അപലപിച്ചു. ഭീകരവും ഏകപക്ഷീയവുമായ വധശിക്ഷയാണിതെന്ന് മന്ത്രാലയം പറഞ്ഞു.
ഒരു കുടുംബത്തെ മുഴുവന്‍ ഇത്രയും ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തുന്നത്, കൊലപാതകം, വംശഹത്യ, നാശം, കുടിയിറക്കല്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഇസ്രായിലിന്റെ നയങ്ങളും യഥാര്‍ഥ മുഖവും വെളിപ്പെടുത്തുന്നതായി മന്ത്രാലയം പ്രസ്താവിച്ചു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാരുടെ ആക്രമണങ്ങളും സംഘടിത ഭീകരതയും വര്‍ധിക്കുന്നതിനൊപ്പം നടക്കുന്ന ഇസ്രായില്‍ സൈന്യത്തിന്റെ ഈ കുറ്റകൃത്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. മറിച്ച്, ഫലസ്തീന്‍ ജനതയുടെ ഉന്മൂലനവും കുടിയിറക്കവും ലക്ഷ്യമിട്ടുള്ള സമഗ്രവും വ്യവസ്ഥാപിതവുമായ ആക്രമണത്തിന്റെ ഭാഗമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഫലസ്തീനികള്‍ക്കെതിരെ ഇസ്രായില്‍ സൈന്യവും ജൂതകുടിയേറ്റക്കാരും നടത്തുന്ന വംശഹത്യ, യുദ്ധക്കുറ്റകൃത്യങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ അന്വേഷിക്കാനും കുറ്റക്കാരെ ഉത്തരവാദിത്തപ്പെടുത്താനും ഫലസ്തീന്‍ ജനതക്ക് അടിയന്തിര അന്താരാഷ്ട്ര സംരക്ഷണം നല്‍കാനും അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭ സ്ഥാപനങ്ങളോടും അന്താരാഷ്ട്ര കോടതികളോടും ഫലസ്തീന്‍ വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.



