പാരീസ് – ഇസ്രായിലില്‍ തടവിലാക്കപ്പെട്ട ഡോ. ഹുസാം അബൂസഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍, യൂണിയന്‍ അംഗങ്ങള്‍, ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 50 പേര്‍ വ്യാഴാഴ്ച പാരീസില്‍ ഫ്രഞ്ച് വിദേശ മന്ത്രാലയത്തിന് മുന്നില്‍ പ്രകടനം നടത്തി. ഡോ. ഹുസാം അബൂസഫിയയുടെ ജീവന്‍ അപകടത്തിലാണെന്നും മോചിപ്പിക്കണമെന്നും പ്രകടനക്കാര്‍ മുദ്രാവാക്യം വിളിച്ചു. ഫ്രഞ്ച് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി ഫിസിഷ്യന്‍സ് പ്രസിഡന്റ് പാട്രിക് പെല്ലൂക്‌സും റാഡിക്കല്‍ ഇടതുപക്ഷ പാര്‍ട്ടിയായ ലാ ഫ്രാന്‍സ് ഇന്‍സൂമൈസ് (ഫ്രാന്‍സ് അണ്‍ബൗഡ്) പാര്‍ലമെന്റ് അംഗം ജെറോം ലെ ഗാവറും പ്രകടനത്തില്‍ പങ്കെടുത്തു. രണ്ട് മെഡിക്കല്‍ യൂണിയനുകളാണ് പ്രകടനം സംഘടിപ്പിച്ചത്. ഗാസയില്‍ താന്‍ ജോലി ചെയ്യുന്ന കമാല്‍ അദ്‌വാന്‍ ആശുപത്രി ഇസ്രായില്‍ സൈന്യം ഉപരോധിച്ചതിനെ അപലപിച്ച ഡോ. ഹുസാം അബൂസഫിയയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനക്കാരില്‍ ചിലര്‍ കെഫിയേ ധരിച്ച് ഫലസ്തീന്‍ പതാകകള്‍ വീശി.
2024 ഡിസംബര്‍ മുതല്‍ ഡോ. ഡോ. ഹുസാം അബൂസഫിയ ഇസ്രായിലിന്റെ തടവിലാണ്. 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലിനെതിരെ അഭൂതപൂര്‍വമായ ആക്രമണം അഴിച്ചുവിട്ട, ഗാസയില്‍ യുദ്ധത്തിന് കാരണക്കാരായ ഹമാസിന്റെ അംഗമാണ് ഡോ. ഹുസാം അബൂസഫിയയെന്നാണ് ഇസ്രായില്‍ ആരോപിക്കുന്നത്. യുദ്ധസമയത്ത് ആശുപത്രി വിടാന്‍ വിസമ്മതിച്ചതിന് അറസ്റ്റിലായ ഡോ. ഹുസാം അബൂസഫിയ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന്റെ പ്രതീകമാണെന്ന് അനസ്‌തേഷ്യോളജിസ്റ്റും തീവ്രപരിചരണ ഭിഷഗ്വരനും മെഡിക്കല്‍ യൂണിയന്‍ ഉദ്യോഗസ്ഥനുമായ സിറില്‍ വിഗ്‌നെ എ.എഫ്.പിയോട് പറഞ്ഞു. ലോകാരോഗ്യ സംഘടനയും ആംനസ്റ്റി ഇന്റര്‍നാഷണലും ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര സംഘടനകള്‍ ശിശുരോഗവിദഗ്ധനായ ഡോ. ഹുസാം അബൂസഫിയയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. മുമ്പ് ഡോ. ഹുസാം അബൂസഫിയ തന്റെ അഭിഭാഷകനെ കാണുകയും താന്‍ മരിക്കാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തിരുന്നു. ഈ സമയം അദ്ദേഹം വളരെ ക്ഷീണിതനായിരുന്നെന്ന് സിറില്‍ വിഗ്‌നെ കൂട്ടിച്ചേര്‍ത്തു.
ഡോ. ഹുസാം അബൂസഫിയയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും അദ്ദേഹത്തിന്റെ ഏകപക്ഷീയമായ തടങ്കല്‍ വധശിക്ഷയായി മാറുന്നത് തടയാനും സൈനികേതര പ്രതിനിധി സംഘമായി, അംഗീകൃത മെഡിക്കല്‍ പ്രതിനിധി സംഘത്തെ ഫ്രഞ്ച് വിദേശ മന്ത്രാലയം അയക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നതായി സിറില്‍ വിഗ്‌നെ കൂട്ടിച്ചേര്‍ത്തു. ഡോ. ഹുസാം അബൂസഫിയക്ക് ഫ്രഞ്ച് പൗരത്വം നല്‍കണമെന്ന് പാട്രിക് പെല്ലൂക്‌സ് ആവശ്യപ്പെട്ടു.
കമാല്‍ അദ്‌വാന്‍ ആശുപത്രിയിലെ രോഗികളുടെയും പരിക്കേറ്റവരുടെയും അഭയാര്‍ഥികളുടെയും ദുരിതത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിലൂടെ 52 വയസ്സുള്ള ശിശുരോഗവിദഗ്ധന്‍ വ്യാപകമായ പ്രശസ്തി നേടി. ഇസ്രായില്‍ സൈന്യത്തിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച്, ഉത്തര ഗാസയിലെ ബെയ്ത്ത് ലാഹിയയില്‍ സ്ഥിതി ചെയ്യുന്ന കമാല്‍ അദ്‌വാന്‍ ആശുപത്രി ഒഴിപ്പിക്കാനും അദ്ദേഹം വിസമ്മതിച്ചു. 2024 ഡിസംബര്‍ 27 ന്, ഹമാസിന്റെ ഭീകര കേന്ദ്രമാണെന്ന് വിശേഷിപ്പിച്ച് ഇസ്രായില്‍ സൈന്യം ആശുപത്രിയിലേക്ക് ഇരച്ചുകയറി ഡസന്‍ കണക്കിന് മെഡിക്കല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തു. അടുത്തിടെ ഐക്യരാഷ്ട്രസഭ നിയമിച്ച നാല് സ്വതന്ത്ര വിദഗ്ധര്‍ അബൂസഫിയയെ കുറ്റം ചുമത്താതെയും വിചാരണയില്ലാതെയും ഏകപക്ഷീയമായി തടങ്കലില്‍ വെച്ചതിനെ അപലപിച്ചു. ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകരെ ഇസ്രായില്‍ വ്യവസ്ഥാപിതമായി ലക്ഷ്യമിടുന്നതിനെ ഇത് പ്രതിഫലിപ്പിക്കുന്നതായും യു.എന്‍ വിദഗ്ധര്‍ പറഞ്ഞു.
അബൂസഫിയ കഠിനവും ആവര്‍ത്തിച്ചുള്ളതുമായ മോശം പെരുമാറ്റത്തിന് ഇരയായ ആളാണെന്ന വിശ്വസനീയമായ റിപ്പോര്‍ട്ടുകളില്‍ സ്വതന്ത്ര യു.എന്‍ അന്വേഷണ കമ്മീഷന്‍ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു. ഫലസ്തീന്‍ ഡോക്ടറെ നിയമപരമായാണ് തടങ്കലില്‍ വെച്ചിരിക്കുന്നതെന്ന് ജനീവയിലെ ഇസ്രായിലി നയതന്ത്ര മിഷൻ്റെ വാദം. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന കാര്യം ഇസ്രായിലി നയതന്ത്ര മിഷന്‍ നിഷേധിക്കുകയും ചെയ്തു.



