ദുബൈ: യു എ ഇ യിലെ കോളേജ് ആലുംനികളുടെ സംയുക്ത കൂട്ടായ്മയായ അക്കാഫ് ഇവന്റ്സും മാതൃഭൂമി ബുക്‌സും ചേർന്ന് സംഘടിപ്പിച്ച പ്രൊഫസർ വർഗീസ് ഉമ്മൻ സ്മാരക “അക്കാഫ് – മാതൃഭൂമി കഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് മാതൃഭൂമിയിൽ വെച്ചുനടന്ന ചടങ്ങിൽ എഴുത്തുകാർ കല്പറ്റ നാരായണൻ, സുഭാഷ് ചന്ദ്രൻ, സിതാര.എസ് എന്നിവരടങ്ങിയ ജൂറിയാണ് പ്രഖ്യാപനം നിർവ്വഹിച്ചത്. അക്കാഫ് പ്രതിനിധികളായി പ്രസിഡന്റ് ചാൾസ് പോൾ, സെക്രട്ടറി മനോജ് കെ. വി, വൈസ് ചെയർമാൻ ബക്കർ അലി, മാതൃഭൂമി ബുക്സ് ഡെപ്യൂട്ടി ചീഫ് മാനേജർ നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അര ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കെ. അരുണ സാന്ദ്രയുടെ ‘ഒറ്റകോലത്തിനും’ കാൽ ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ബേസിൽ തോമസിന്റെ ‘ കുഴിക്കാണത്തിനും ‘ പതിനയ്യായിരം രൂപയുടെ മൂന്നാം സമ്മാനം രോഹിത് ഹരീന്ദ്രന്റെ ‘ തോറ്റത്തിനും’ ലഭിച്ചു.
പുരസ്‌കാരങ്ങൾ ഓഗസ്റ്റ് അവസാനം വിതരണം ചെയ്യും.പ്രമേയ വൈവിദ്ധ്യം കൊണ്ടും പ്രതിപാദന ചാരുതകൊണ്ടും മികച്ചുനിന്ന 15 കഥകളാണ് അവസാന റൗണ്ടിൽ പരിഗണിച്ചത്. ഈ കഥകളുടെ സമാഹാരം മാതൃഭൂമി ബുക്സ് പുസ്തകമാക്കി ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും.



