ഇസ്‌ലാമാബാദ്– പഹല്‍ഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ലഷ്‌കറെ തലവന്‍ ഹാഫിസ് സയീദിന്റെ സുരക്ഷ വര്‍ധിപ്പിച്ച് പാകിസ്ഥാന്‍. പാകിസ്ഥാന്‍ സൈന്യം, ഐ.എസ്.ഐ, ലഷ്‌കറെ ത്വയിബ എന്നീ സംഘടനകള്‍ സംയുക്തമായിട്ടാണ് സുരക്ഷാ വലയം തീര്‍ത്തിരിക്കുന്നത്. ലഹാറോറിലെ ഹാഫിസ് സയീദിന്റെ താമസസ്ഥലം നിരീക്ഷിക്കാന്‍ പ്രത്യേക ഡ്രോണ്‍ സംവിധാനം സൈന്യം ഒരുക്കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ലാഹോറിലെ ജനസാന്ദ്രതയുള്ള മൊഹല്ല ജൊഹര്‍ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീടിന് നാലിരട്ടി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനത്തിന് കെട്ടിടത്തിന് സമീപം സഞ്ചരിക്കാന്‍ അനുവാദമില്ലെന്നും പ്രദേശത്ത് ഡ്രോണുകളുടെ പ്രവര്‍ത്തനം നിരോധിച്ചിരിക്കുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടി.ആര്‍.എഫ് പരസ്യമായി ഏറ്റെടുത്തെങ്കിലും ഹാഫിസ് സയീദിനു പ്രധാന പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇന്ത്യന്‍ ഏജന്‍സികള്‍.
ഐക്രരാഷ്ട്രസഭയും അമേരിക്കയും ആഗോളഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് ലഷ്‌കര്‍ തലവനായ ഹാഫിസ് സയീദ്. ഇയാളെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 10 മില്യണ്‍ യു.എസ് ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ്.ഇതിനിടയിലാണ് ഹാഫിസ് പാകിസ്ഥാന്‍ സൈന്യത്തിന്റെ സുരക്ഷയില്‍ താമസിക്കുന്നത്. കഴിഞ്ഞ മാസം ഹാഫിസിന്റെ അടുത്ത സഹായി അബു ഖത്തലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഭീകരന്റെ സുരക്ഷ സൈന്യം വീണ്ടും ശക്തമാക്കിയിരുന്നു.