ഇസ്‌ലാമാബാദ്– പാകിസ്താൻ തീരസംരക്ഷണ സേനയ്ക്ക് (കോസ്റ്റ് ഗാർഡ്) നേരെ ബലൂചിസ്താൻ വിഘടനവാദികൾ നടത്തിയ ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അറേബ്യൻ കടലിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബോട്ടിന് നേരെയാണ് ആക്രമണമുണ്ടായത്. കോസ്റ്റ് ഗാർഡിന്റെ പട്രോൾ ബോട്ടുകൾക്ക് നേരെ സമുദ്രപരിധിയിൽ വെച്ച് നടക്കുന്ന ആദ്യത്തെ ആക്രമണമാണിതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്താൻ-ഇറാൻ അതിർത്തിക്ക് സമീപമുള്ള തീരദേശ മേഖലയിൽ പതിവ് പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സംഭവം. സായുധരായ തീവ്രവാദികൾ ബോട്ടിന് നേരെ വെടിയുതിർക്കുകയായിരുന്നു. നിരോധിക്കപ്പെട്ട വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കരയിൽ നടത്തിവന്നിരുന്ന പോരാട്ടം സമുദ്ര അതിർത്തികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് തങ്ങളുടെ സൈനിക തന്ത്രത്തിലെ പുതിയ ഘട്ടമാണെന്ന് ബി.എൽ.എ പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായ ഗ്വാദർ തുറമുഖം ഉൾപ്പെടുന്ന മേഖലയിൽ അടുത്ത കാലത്തായി സുരക്ഷാ സേനയെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ വർദ്ധിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഔദ്യോഗിക പ്രതികരണത്തിന് അധികൃതർ തയ്യാറായിട്ടില്ല. ഭീകരവാദികൾക്ക് അഫ്ഗാനിസ്ഥാൻ താവളമൊരുക്കുന്നുവെന്ന് പാകിസ്താൻ ആരോപിക്കുമ്പോഴും താലിബാൻ സർക്കാർ ഇത് നിഷേധിക്കുകയാണ് ചെയ്യുന്നത്. ഫെബ്രുവരിയിൽ അഫ്ഗാൻ അതിർത്തിയിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തീരദേശ മേഖലയിൽ പുതിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് ആക്രമണം ഉണ്ടായിരിക്കുന്നത്.



