കറാച്ചി: പാക് അധീന കശ്മീരിലെ പ്രതിഷേധങ്ങള്‍ റിപോര്‍ട്ട് ചെയ്തതിന് പിന്നാലെ അല്‍ ജസീറയ്ക്ക് പാകിസ്ഥാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിച്ചുവെന്ന് പാക് സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍, രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.പാകിസ്ഥാന്‍ അധീന കശ്മീരിലെ (പിഒകെ) പ്രതിഷേധങ്ങളും സുരക്ഷാസേനയുടെ നടപടികളും സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഖത്തര്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാര്‍ത്താ ശൃംഖലയായ അല്‍ ജസീറയ്ക്ക് പാകിസ്ഥാനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അല്‍ ജസീറയ്ക്ക് എതിരെ സര്‍ക്കാര്‍ ഔദ്യോഗിക വിലക്ക് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, രാജ്യത്തിനകത്ത് അല്‍ ജസീറയുടെ ഇംഗ്ലീഷ് വെബ്സൈറ്റും മറ്റ് സേവനങ്ങളും ലഭ്യമാകുന്നില്ലെന്ന് നിരവധി ഉപയോക്താക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതോടെയാണ് വിഷയം ശ്രദ്ധ നേടിയത്.
സംഭവം വിവാദമായതിന് പിന്നാലെ പാകിസ്ഥാന്റെ വിവര-പ്രക്ഷേപണ മന്ത്രാലയം അല്‍ ജസീറയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. അടുത്തിടെ പിഒകെയില്‍ നടന്ന പാക് സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍, സുരക്ഷാസേനയുടെ നടപടികള്‍, പോലീസ് വെടിവെയ്പ്പിലെ മരണങ്ങള്‍, പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എന്നിവയെക്കുറിച്ച് അല്‍ ജസീറ തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണ നടപടികള്‍ വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം പാകിസ്ഥാനിലുള്ള വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇസ്ലാമാബാദ്, ലാഹോര്‍, കറാച്ചി എന്നീ പ്രധാന നഗരങ്ങള്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ നിര്‍ബന്ധമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തെ കൂടുതല്‍ നിയന്ത്രിക്കുന്ന നടപടിയാണെന്ന അഭിപ്രായമുയര്‍ന്നു. പാക് അധീന കശ്മീരില്‍ ആഴ്ചകളായി ഇന്റര്‍നെറ്റ് സേവനം തടപ്പെട്ടിരിക്കുകയാണ്. അതേസമയം, ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും പാക് അധീന കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ നിയമവിരുദ്ധമായി പാകിസ്ഥാന്‍ കൈവശം വച്ചിരിക്കുന്ന ഇന്ത്യന്‍ ഭൂപ്രദേശമാണെന്ന ഔദ്ധ്യോഗിക നിലപാട് ഇന്ത്യ വീണ്ടും ഉന്നയിച്ചു.






