ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസയിലെ യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഖത്തർ വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് നയതന്ത്ര പരിഹാരം കാണാൻ ഇറാനും ഇസ്രായേലും ശാന്തത പാലിക്കണമെന്നും സംഘർഷം കുറയ്ക്കണമെന്നും പരമാവധി സംയമനം പ്രകടിപ്പിക്കണമെന്നും തുടർചർച്ചകൾ നടത്തണമെന്നും ഖത്തർ ആഹ്വാനം ചെയ്തു. സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും മേഖലയ്ക്കും ലോകത്തിനും ദുരന്തങ്ങൾ ഒഴിവാക്കാനും നയതന്ത്രത്തിനും സംഭാഷണത്തിനും പകരം മറ്റൊരു മാർഗമില്ലെന്ന് ഖത്തർ ചൂണ്ടിക്കാട്ടി
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഇറാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 585 ആയി ഉയർന്നു. 1,326 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ 239 പേർ സാധാരണക്കാരും 126 പേർ സുരക്ഷാ ഉദ്യോഗസ്ഥരുമാണെന്ന് വാഷിംഗ്ടണ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഓർഗനൈസേഷൻ വ്യക്തമാക്കി. 2022-ൽ മഹ്സ അമീനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളിലെ ആളപായ വിവരങ്ങൾ ശേഖരിച്ച സംഘടന, ഇറാനിലെ പ്രാദേശിക റിപ്പോർട്ടുകളും രാജ്യത്തെ സ്രോതസ്സുകളുടെ ശൃംഖലയും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണങ്ങളിലെ കൃത്യമായ കണക്കുകൾ നൽകുന്നത്.