റാമല്ല – കഴിഞ്ഞ ദിവസം ഗാസയിൽ ഹമാസ് നടത്തിയ കൂട്ടക്കൊലകളെ പലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻസി ഓഫീസ് അപലപിച്ചു. ഗാസ മുനമ്പില്‍ ഹമാസ് നടപ്പാക്കിയ പരസ്യ വധശിക്ഷകള്‍ ഹീനമായ കുറ്റകൃത്യങ്ങളും നിയമലംഘനവുമാണെന്ന് ഫലസ്തീന്‍ പ്രസിഡന്‍സി പറഞ്ഞു. ഇത്തരം ലംഘനങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്നും ഫലസ്തീന്‍ നിയമത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും ചട്ടക്കൂടിനുള്ളില്‍ നിന്ന് നിരായുധരായ പൗരന്മാരെ സംരക്ഷിക്കണമെന്നും ഫലസ്തീന്‍ പ്രസിഡന്‍സി ആവശ്യപ്പെട്ടു.
ഈ കുറ്റകൃത്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഹമാസിനാണ്. അവ ഫലസ്തീന്‍ ജനതയുടെ പരമോന്നത താല്‍പ്പര്യങ്ങള്‍ക്ക് മാരകമായി പരിക്കേല്‍പിക്കുകയും ആഭ്യന്തര വിഭജനം ശക്തമാക്കുകയും, ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണത്തെ തടസ്സപ്പെടുത്താനും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നത് തടയാനും ഇസ്രായിലിന് അധിക ന്യായീകരണങ്ങള്‍ നല്‍കുമെന്നും ഫലസ്തീന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു. ഗാസ നഗരത്തിലെ ശുജാഇയ ഡിസട്രിക്ടില്‍ ഇസ്രായിലുമായി സഹകരിക്കുന്നവര്‍ക്കെതിരെ ഹമാസ് സുരക്ഷാ സേന വലിയ തോതിലുള്ള സുരക്ഷാ കാമ്പയിന്‍ നടത്തിയതായി ഇന്നലെ അല്‍അഖ്സ ടി.വി റിപ്പോര്‍ട്ട് ചെയ്തിരുന്നു.