ദമസ്‌കസ്: സിറിയയില്‍ സുരക്ഷാ സേനയും പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബഷാറുല്‍ അസദിന്റെ അനുകൂലികളും തമ്മില്‍ രണ്ടു ദിവസമായി തുടരുന്ന പോരാട്ടത്തിലും പ്രതികാരക്കൊലകളിലുമായി ആയിരത്തിലേറെ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. 14 വര്‍ഷത്തിനിടെ സിറിയയില്‍ ഏറ്റവും കൂടുതല്‍ ജീവനഹാനിയുണ്ടാക്കിയ സംഘര്‍ഷമാണിതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന പറയുന്നു. കൊല്ലപ്പെട്ടവരില്‍ 745 പേര്‍ സാധാരക്കാരായ ജനങ്ങളാണ്. ഇവരിലേറെ പേരും കൊല്ലപ്പെട്ടത് തൊട്ടടുത്ത് നിന്ന് വെടിയേറ്റാണ്. 128 സര്‍ക്കാര്‍ സേനാംഗങ്ങളും അസദ് അനുകൂലികളായ 148 സായുധ അക്രമകാരികളും കൊല്ലപ്പെട്ടു.
ലതാകിയ നഗരത്തില്‍ മിക്കയിടത്തും വെള്ളം, വൈത്യുതി വിതരണം തടഞ്ഞിരിക്കുകയാണ്. വ്യാഴാഴ്ചയാണ് പോര് തുടങ്ങിയത്. ഇത് മൂന്ന് മാസം മുമ്പ് അസദിനെ പുറത്താക്കി വിമതരുടെ നേതൃത്വത്തില്‍ സിറിയയില്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വ്യാപക സംഘര്‍ഷങ്ങള്‍ക്കു കാരണം വ്യക്തിഗത പോരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അസദ് അനുകൂലികളുടെ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.
സുന്നികളും അലവൈറ്റ് ശിയ വിഭാഗവും തമ്മിലാണ് പ്രതികാരക്കൊലപാതകങ്ങള്‍ നടക്കുന്നത്. ന്യൂനപക്ഷമായ അലൈറ്റുകളുടെ ഗ്രാമങ്ങളില്‍ സുന്നി തോക്കുധാരികള്‍ വെടിവെപ്പ് നടത്തുകയായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. തെരുവുകളിലും വീട്ടുപടിക്കലുമായി നിരവധി പേരേയാണ് അക്രമകാരികള്‍ പ്രതികാരക്കൊല ചെയ്തത്. അലവൈറ്റുകളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുകുയം തീയിട്ടു നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെ വരെ ഈ പ്രതികാരക്കൊലകള്‍ നടന്നുവെന്ന് സിറയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് മേധാവി റമി അബ്ദുര്‍റഹ്‌മാന്‍ പറയുന്നു.