ജിദ്ദ – 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ ഹമാസ് പോരാളികളില്‍ ഒരാളായ മുഹമ്മദ് അബൂഅതൈവിയെ വ്യോമാക്രമണത്തിലൂടെ വകവരുത്തിയതായി ഇസ്രായില്‍ സൈന്യവും ഇസ്രായിലി ആഭ്യന്തര സുരക്ഷാ ഏജന്‍സിയും അറിയിച്ചു. ഹമാസിനു കീഴിലെ ബുറൈജ് ബ്രിഗേഡിലെ എലൈറ്റ് ഫോഴ്‌സില്‍ കമാന്‍ഡറായി സേവനമനുഷ്ഠിച്ച മുഹമ്മദ് അബൂഅതൈവി 2022 ജൂലൈ മുതല്‍ യു.എന്‍ റിലീഫ് ഏജന്‍സിയിലും പ്രവര്‍ത്തിച്ചുവന്നതായി ഇസ്രായില്‍ സൈന്യം പറഞ്ഞു. ഗാസ അതിര്‍ത്തിക്കു സമീപം കിബ്ബട്ട്‌സ് റഈമിന് സമീപമുള്ള ഷെല്‍ട്ടറില്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് മുഹമ്മദ് അബൂഅതൈവിയായിരുന്നു.
ഒക്‌ടോബര്‍ ഏഴിന് ഫലസ്തീന്‍ പോരാളികള്‍ ആക്രമണം നടത്തിയ നോവ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുത്തവര്‍ ഓടിപ്പോയ റഈമിനു സമീപമുള്ള ഷെല്‍ട്ടറിനു നേരെയുള്ള ആക്രമണത്തിനാണ് അബൂഅതൈവി നേതൃത്വം നല്‍കിയതെന്ന് ഇസ്രായിലി സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു. ഷെല്‍ട്ടറില്‍ നിന്ന് നാലു ബന്ദികളെ ജീവനോടെ പിടിച്ചു. പതിനാറു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ ജീവനോടെ അവശേഷിച്ചു. ഇവരെ പിന്നീട് ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ രക്ഷിച്ചു.
ഗാസ യുദ്ധത്തിനിടെ ഇസ്രായില്‍ സൈന്യത്തിനെതിരെ ഏതാനും ഭീകരാക്രമണ പദ്ധതികള്‍ അബൂഅതൈവി നടപ്പാക്കിയതായും ഇസ്രായിലി സൈന്യം പറഞ്ഞു. ഒക്‌ടോബര്‍ ഏഴിനുണ്ടായ കൂട്ടക്കുരുതിയിലും ഇസ്രായിലിനെതിരായ ഭീകരപ്രവര്‍ത്തനങ്ങളിലും യു.എന്‍ റിലീഫ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പങ്കാളിത്തം വഹിച്ച പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹവും യു.എന്നും വിശദീകരണങ്ങള്‍ നല്‍കണമെന്നും അടിയന്തിര അന്വേഷണം നടത്തണമെന്നും ഇസ്രായില്‍ ആവശ്യപ്പെട്ടതായും സൈനിക വക്താവ് അവിചായ് അഡ്രഇ പറഞ്ഞു.