തെഹ്‌റാന്‍ – അമേരിക്കന്‍ ജനതയോട് ഇറാനികള്‍ക്ക് ശത്രുതയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. തന്റെ രാജ്യം അമേരിക്കന്‍ ജനതക്ക് ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ടക്കര്‍ കാള്‍സണുമായുള്ള ടെലിവിഷന്‍ അഭിമുഖത്തിനിടെ ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. വികലമായ മാധ്യമ വ്യവഹാരങ്ങളില്‍ വേരൂന്നിയ തെറ്റിദ്ധാരണയില്‍ നിന്നാണ് ഇറാനികള്‍ക്ക് അമേരിക്കയോട് ശത്രുതയുണ്ടെന്ന ധാരണ ഉടലെടുത്തത്.
അമേരിക്കക്ക് മരണം പോലെ ഇറാനില്‍ മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ അമേരിക്കന്‍ ജനതയെയോ അവരുടെ നേതാക്കളെയോ ലക്ഷ്യമിടുന്നില്ല. മറിച്ച്, ഇത് ആധിപത്യ നയങ്ങളെയും മേഖലയിലെ ജനങ്ങള്‍ക്കെതിരെ ചെയ്ത കുറ്റകൃത്യങ്ങളെയും നിരാകരിക്കുന്നതിന്റെ പ്രതീകാത്മക പ്രകടനമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടെ ഇറാന്‍ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല. അമേരിക്കക്കാര്‍ക്കെതിരായ ഏതെങ്കിലും ഭീകരാക്രമണത്തില്‍ ഒരു ഇറാന്‍ പൗരന്‍ ഉള്‍പ്പെട്ടതായി ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമങ്ങള്‍ക്ക് ഇറാന്റെ പിന്തുണയുണ്ടെന്ന ആരോപണങ്ങള്‍ ഇറാന്‍ പ്രസിഡന്റ് തള്ളിക്കളഞ്ഞു. ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അമേരിക്കയെ കൂടുതല്‍ യുദ്ധങ്ങളിലേക്ക് തള്ളിവിടാനും മേഖലയെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങള്‍. ട്രംപിനെതിരെ ഇറാനിലെ ചില മതനേതാക്കള്‍ പുറപ്പെടുവിച്ച ഫത്വകള്‍ ഏതെങ്കിലും പ്രത്യേക വ്യക്തിയെ ലക്ഷ്യമിട്ടുള്ള ഭീഷണിയല്ല. ഇത് മതത്തെയും മതനേതാക്കളെയും അപമാനിക്കുന്നതിനെ നിരാകരിക്കുന്നതിന്റെ പ്രകടനമാണെന്നും ഇറാന്‍ പ്രസിഡന്റ് സൂചിപ്പിച്ചു.