ധാക്ക- ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിലുള്ളവർ വ്യാപകമായി അക്രമണത്തിന് ഇരയാകുന്നുവെന്ന തരത്തിൽ ഇന്ത്യൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബംഗ്ലാദേശ് നാഷണൽ ഹിന്ദു മഹാജോത്തിൻ്റെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഗോബിന്ദ പ്രമാണിക്. വീഡിയോ സന്ദേശത്തിലൂടെയാണ് ഗോബിന്ദ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ഷെയ്ഖ് ഹസീനയുടെ രാജിക്ക് ശേഷം ബംഗ്ലാദേശിലെ ഹിന്ദു സമൂഹം കരുതിയത് തങ്ങൾ വൻതോതിൽ ആക്രമിക്കപ്പെടുമെന്നും തീവെപ്പ് സംഭവങ്ങളുണ്ടാകുമെന്നുമായിരുന്നു. എന്നാൽ ഹിന്ദു ഭവനങ്ങൾ ആക്രമിക്കപ്പെടുന്നില്ലെന്നും ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെയും (ബി.എൻ.പി) ജമാഅത്തിൻ്റെയും നേതാക്കൾ അവരുടെ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. ക്ഷേത്രങ്ങൾ സംരക്ഷിക്കപ്പെടുന്ന കാഴ്ചയാണ് ബംഗ്ലദേശിൽ കണ്ടത്. ക്ഷേത്രങ്ങൾക്കും ഹിന്ദുക്കൾക്കും നേരെ ആക്രമണമുണ്ടായിട്ടില്ല. വളരെ സജീവമായിരുന്ന അവാമി ലീഗിലെ ചില ഹിന്ദു നേതാക്കളുടെയും ചില മുസ്ലീം നേതാക്കളുടെയും വീടുകൾ ആക്രമിക്കപ്പെട്ടു. ചില അവസരവാദികൾ ചില പ്രാദേശിക ക്ഷേത്രങ്ങൾ ആക്രമിച്ചെങ്കിലും വലിയ സംഭവമുണ്ടായില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ‘റിപ്പബ്ലിക്’ ടിവി കിംവദന്തികൾ പ്രചരിപ്പിക്കുകയും വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുകയുമാണ്.
ഇന്ന് അവർ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെക്കുറിച്ച് കഥകൾ മെനയുകയാണ്. ബംഗബന്ധു മുജീബ് റഹ്മാന്റെ പ്രതിമ തകർക്കപ്പെട്ടതിൽ അവർ അങ്ങേയറ്റം വേദനിക്കുകയാണത്രേ. “നിങ്ങൾക്ക് ഹസീനയെക്കുറിച്ച് അത്രയ്ക്ക് ആശങ്കയുണ്ടെങ്കിൽ, ദയവായി പ്രധാനമന്ത്രി മോഡിക്ക് പകരം അവരെ പ്രധാനമന്ത്രിയാക്കൂ എന്നാണ് ഇന്ന് എന്നെ വിളിച്ച ഒരു മാധ്യമപ്രവർത്തകനോട് ഞാൻ പറഞ്ഞത്. മോഡിയെ പുറത്താക്കി ഷെയ്ഖ് ഹസീനയെ നിങ്ങളുടെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുക. അവൾ ഇന്ത്യയെയും ഏഴ് സഹോദരിമാരെയും സംരക്ഷിക്കും. ഹസീനയുടെ ഏഴ് സഹോദരിമാർ ഇനി ഉണ്ടാകില്ലെന്ന് നിങ്ങൾ ദിവസവും പറയുകയാണ്. ദയവായി ഹസീനയെ പ്രധാനമന്ത്രിയാക്കൂ. ഇത് നിങ്ങൾക്ക് വലിയ അവസരമാണ്.- വീഡിയോ സന്ദേശത്തിൽ ഗോബിന്ദ പ്രമാണിക് പറഞ്ഞു.