സന്‍ആ – ഹൂത്തികളും അമേരിക്കയും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായിലിനെതിരായ ആക്രമണങ്ങള്‍ ഉള്‍പ്പെടുന്നില്ലെന്ന് യെമനിലെ ഹൂത്തികളുടെ മുഖ്യമധ്യസ്ഥനായ മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു. കരാറില്‍ ഇസ്രായിലിനെ ഒരു തരത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. ഒമാന്റെ മധ്യസ്ഥതയിലൂടെയാണ് അമേരിക്കക്കാരുമായി വെടിനിര്‍ത്തല്‍ കരാറിലെത്തിയത്. അമേരിക്കന്‍ കപ്പലുകളെ ലക്ഷ്യം വെക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും ഈ വെടിനിര്‍ത്തല്‍. അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും അത് യഥാര്‍ഥത്തില്‍ പാലിക്കുകയും ചെയ്യുന്നിടത്തോളം കാലം, ഞങ്ങളുടെ നിലപാട് പ്രതിരോധാത്മകമാണ്, തിരിച്ചടി അവസാനിക്കും – മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു.
ഹൂത്തികള്‍ക്കെതിരെ അമേരിക്ക നടത്തിയ വലിയ തോതിലുള്ള ആക്രമണത്തില്‍ ഡസന്‍ കണക്കിനാളുകള്‍ മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തികള്‍ പറയുന്നു. ഇറാനുമായി സഖ്യത്തിലുള്ള ഹൂത്തികള്‍ ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് 2023 നവംബര്‍ മുതല്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിവരികയാണ്. ഹൂത്തി ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ തടസ്സപ്പെടുത്തി.
തങ്ങളുടെ മധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി അമേരിക്കയും ഹൂത്തികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയതായി ഒമാന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ഹൂത്തികള്‍ കീഴടങ്ങിയതായും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുമെന്നും ഇതിനു പകരമായി, യെമനില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ നിര്‍ത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൊവ്വാഴ്ച അറിയിച്ചിരുന്നു.