സൻആ- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ ഭർത്താവ് ടോമി തോമസും മകൾ മിഷേലും യെമനിലെത്തി. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനും സുവിശേഷകനുമായ ഡോ. കെ.എ. പോളിനൊപ്പം ഇവർ സംസാരിക്കുന്ന വീഡിയോ ദേശീയ വാർത്ത ഏജൻസിയായ പി.ടി.ഐ പുറത്തുവിട്ടു.
നിമിഷയുടെ 13 വയസ്സുള്ള മിഷേലിനും ടോമി തോമസിനും ഒപ്പം കെ എ പോൾ നിമിഷയുടെ മോചനത്തിനായി സംസാരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ജൂലൈ പതിനാറിന് നിമിഷയുടെ വധശിക്ഷ തടഞ്ഞ യെമൻ ഭരണകൂടത്തിന്റെ നീക്കത്തെ പോൾ അഭിനന്ദിച്ചു. പത്തു വർഷമായി മിഷേൽ അമ്മയെ കണ്ടിട്ടില്ലെന്നും ഉടൻ കാണാനും നാട്ടിലേക്ക് വരാനുമുള്ള സഹചര്യം ഒരുക്കണമെന്നും മിഷേൽ വീഡിയോയിൽ അഭ്യർത്ഥിക്കുന്നുണ്ട്.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒരു ഭാഗത്ത് ചർച്ച നടക്കുന്നുണ്ടെങ്കിലും കുടുംബം ഇതേവരെ വഴങ്ങിയിട്ടില്ല. വധശിക്ഷ നടപ്പാക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.