ന്യൂയോർക്ക്– ദ്വിരാഷ്ട്ര പരിഹാരത്തെയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെയും പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. 142 രാജ്യങ്ങൾ പ്രഖ്യാപനത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. 10 രാജ്യങ്ങൾ എതിർക്കുകയും 12 രാജ്യങ്ങളുടെ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനാൻ ദ്വിരാഷ്ട്ര പരിഹാരത്തിന് സൗദി അറേബ്യയും ഫ്രാൻസും നേതൃത്വം നൽകി കഴിഞ്ഞ ജൂലൈയിൽ ഐക്യരാഷ്ട്രസഭയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഫലമാണ് ഏഴ് പേജുള്ള ഈ പ്രഖ്യാപനം.
അമേരിക്കയും ഇസ്രായിലും സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. ന്യൂയോർക്ക് പ്രഖ്യാപനം യു.എൻ ജനറൽ അസംബ്ലി അംഗീകരിക്കുന്നത് യുദ്ധം നീട്ടിക്കൊണ്ടുപോകുമെന്നും ചർച്ചകളെ ദുർബലപ്പെടുത്തുമെന്നും ഐക്യരാഷ്ട്രസഭയിലെ ഇസ്രായിൽ പ്രതിനിധി ഡാനി ഡാനോൺ പ്രതികരിച്ചു. സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്ന് അമേരിക്കൻ പ്രതിനിധി മോർഗൻ ഒർടാഗസ് പറഞ്ഞു.
2023 ഒക്ടോബർ ഏഴിന് ഹമാസ് ബന്ദിയാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്നും ഗാസയിലെ ഭരണം അവസാനിപ്പിച്ച് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര ലക്ഷ്യത്തിനായി ഫലസ്തീൻ അതോറിറ്റിക്ക് ആയുധം കൈമാറണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു. ഗാസയിലെ യുദ്ധം ഉടനടി അവസാനിപ്പിക്കുക, ആവശ്യ സാധനങ്ങളുടെ മേൽ ഇസ്രായിൽ ഏർപ്പെടുത്തിയ ഉപരോധത്തെയും പട്ടിണിയെയും അപലപിക്കുകയും യുഎൻ രക്ഷാ സമിതി അംഗീകാരത്തോടെ ഗാസയിൽ ഇടക്കാല അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതിനെയും പ്രഖ്യാപനം പിന്തുണക്കുന്നു. ഇസ്രായിൽ, അമേരിക്ക, അർജന്റീന, ഹംഗറി, പരാഗ്വേ എന്നീ രാജ്യങ്ങളാണ് പ്രഖ്യാപനത്തെ എതിർത്തത്. ദക്ഷിണ സുഡാൻ, നോർത്ത് മാസിഡോണിയ, എത്യോപ്യ, ഇക്വഡോർ, ചെക്ക് റിപ്പബ്ലിക്, കാമറൂൺ, അൽബേനിയ എന്നിവ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
193 യു.എൻ അംഗരാജ്യങ്ങളിൽ ഏകദേശം മുക്കാൽ ഭാഗവും 1988 ൽ പ്രഖ്യാപിച്ച ഫലസ്തീൻ രാഷ്ട്രത്തെ ഇതിനകം അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഗാസ യുദ്ധവും വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കോളനികളുടെ വിപുലീകരണവും ഫലസ്തീൻ രാഷ്ട്രത്തിന്റെ സാധ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന ആശങ്ക വർധിപ്പിക്കുകയാണ്. സ്വതന്ത്ര ഫലസ്തീൻ ഉണ്ടാവുകയില്ലെന്നും ഈ സ്ഥലമെല്ലാം നമ്മുടെതാണെന്നും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഫലസ്തീൻ-ഇസ്രായിൽ സംഘർഷത്തിന് ദ്വിരാഷ്ട്ര പരിഹാരത്തിന് പുതിയ പ്രചോദനം നൽകാൻ ലക്ഷ്യമിട്ടുള്ള ന്യൂയോർക്ക് പ്രഖ്യാപനം യു.എൻ പൊതുസഭ അംഗീകരിച്ചതിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വാഗതം ചെയ്തു. ഇത് സ്ഥിര സമാധാന പാതയിലേക്കുള്ള ചുവടുവെപ്പായി ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു. ഫ്രാൻസിന്റെയും സൗദി അറേബ്യയുടെയും നേതൃത്വത്തിൽ 142 രാജ്യങ്ങൾ ദ്വിരാഷ്ട്ര പരിഹാരത്തെ കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം അംഗീകരിച്ചു – മാക്രോൺ എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. സെപ്റ്റംബർ 22 ന് ഫ്രാൻസും സൗദി അറേബ്യയും സംയുക്തമായി അധ്യക്ഷം വഹിച്ച് ഐക്യരാഷ്ട്രസഭയിൽ നടക്കുന്ന ഉച്ചകോടിക്ക് പത്ത് ദിവസം മുമ്പാണ് യു.എൻ പൊതുസഭ ന്യൂയോർക്ക് പ്രഖ്യാപനം അംഗീകരിച്ചത്. സെപ്തംബർ 22 ന് നടക്കുന്ന ഉച്ചകോടിയിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിയിട്ടുണ്ട്.