ഗാസ – ഇസ്രായിലിൽ തടവിൽ കഴിയുന്ന പ്രധാന ആറു ഫലസ്തീൻ നേതാക്കളെ ഒരിക്കലും വിട്ടയക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇവരുടെ മോചനത്തിനായി ഹമാസ് ഇസ്രായിലുമായി ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഒരിക്കലും അംഗീകരിക്കില്ല എന്നാണ് നെതന്യാഹു അറിയിച്ചത്. മർവാൻ അൽബർഗൂത്തി, അഹ്മദ് സഅദാത്ത്, അബ്ദുല്ല അല്‍ബര്‍ഗൂത്തി, ഇബ്രാഹിം ഹാമിദ്, അബ്ബാസ് അല്‍സയ്യിദ്, ഹസന്‍ സലാമ എന്നീ ഈ നേതാക്കളുടെ മോചനത്തിനായി ഹമാസ് ഏറെ ആഗ്രഹിക്കുന്നുണ്ട്.
2011 ലെ ഗിലാദ് ഷാലിറ്റ് കരാര്‍ എന്നറിയപ്പെടുന്ന എക്‌സ്‌ചേഞ്ച് കരാര്‍ മുതല്‍ ഇസ്രായില്‍ ശക്തമായ വീറ്റോ ഏര്‍പ്പെടുത്തിയ 50 തടവുകാരില്‍ ഇവരും ഉള്‍പ്പെടുന്നു. ഇസ്രായിലിന്റെ നിലപാട് ഒരിക്കലും മാറില്ലെന്നും സൈനിക ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മര്‍വാന്‍ അല്‍ബര്‍ഗൂത്തി
ഫതഹ് പ്രസ്ഥാനത്തിലെ പ്രമുഖ നേതാവാണ് മര്‍വാന്‍ അല്‍ബര്‍ഗൂത്തി. 1987 ല്‍ ഒന്നാം ഇന്‍തിഫാദയിലൂടെ പ്രധാന നേതാവായി മാറിയ മര്‍വാന്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ ഭരണത്തിനെതിരെ ബഹുജന പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആക്ടിവിസ്റ്റായിരുന്നു. ഒന്നാം ഇന്‍തിഫാദ കാലത്ത് ഇസ്രായില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജോര്‍ദാനിലേക്ക് നാടുകടത്തിയെങ്കിലും 1993 ല്‍ ഇസ്രായിലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മില്‍ ഒപ്പുവച്ച ഓസ്ലോ ഉടമ്പടി പ്രകാരം 1994 ല്‍ മര്‍വാന്‍ അല്‍ബര്‍ഗൂത്തി വെസ്റ്റ് ബാങ്കില്‍ തിരിച്ചെത്തി. രണ്ടു വർഷങ്ങൾക്ക് ശേഷം ലസ്തീന്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇദ്ദേത്തെ തെരഞ്ഞെടുത്തു.
രണ്ടാം ഇന്‍തിഫാദ ആരംഭിച്ചതോടെ പരസ്യമായി ഈ പ്രക്ഷോഭത്തെ പിന്തുണച്ച മാർവാനെ രണ്ടു തവണ ഇസ്രായിൽ കൊല്ലാനും ശ്രമിച്ചിരുന്നു. 2002 ഏപ്രില്‍ 15 ന് വെസ്റ്റ് ബാങ്ക് നഗരങ്ങള്‍ ആക്രമിച്ച സമയത്ത് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനിടെ മാസങ്ങളോളം പീഡനത്തിനും 1,000 ദിവസത്തിലധികം ഏകാന്ത തടവിനും അദ്ദേഹം വിധേയനായി. രണ്ടാം ഇന്‍തിഫാദക്കിടെ അഞ്ച് ഇസ്രായിലികളെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതിനും അതില്‍ പങ്കെടുത്തതിനും അദ്ദേഹത്തിന് അഞ്ച് ജീവപര്യന്തവും 40 വര്‍ഷത്തെ തടവും വിധിച്ചു. തടവിലിരിക്കെ, അദ്ദേഹം ഡോക്ടറേറ്റ് നേടി.ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
അബ്ദുല്ല അല്‍ബര്‍ഗൂത്തി
ഹമാസ് എന്‍ജിനീയര്‍ എന്നറിയപ്പെടുന്ന അബ്ദുല്ല അല്‍ബര്‍ഗൂത്തി എന്ന 53 വയസുകാരനാണ് രണ്ടാമത്തെ തടവുകാരൻ. 2001 ല്‍ ജറൂസലമിലെ സ്ബാരോ റെസ്റ്റോറന്റിലും 2002 ല്‍ മൊമെന്റ് കഫേയിലും നടത്തിയ ആക്രമണങ്ങള്‍ അടക്കം നിരവധി ഓപ്പറേഷനുകള്‍ക്കും അബ്ദുല്ല അല്‍ബര്‍ഗൂത്തി നേതൃത്വം നല്‍കിയെന്നാണ് ഇസ്രായില്‍ ആരോപിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 66 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും ഏകദേശം 500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പറയുന്നു.
2003 മാര്‍ച്ചില്‍ അബ്ദുല്ല അല്‍ബര്‍ഗൂത്തിയെ അറസ്റ്റ് ചെയ്യുകയും 67 ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇസ്രായിലിന്റെ ചരിത്രത്തില്‍ ഒരു ഫലസ്തീന്‍ തടവുകാരന് വിധിക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷയായി ഇത് മാറി. 2009 ല്‍, ഇസ്രായിലി സൈനികന്‍ ഗിലാദ് ഷാലിറ്റിന്റെ കൈമാറ്റ കരാറില്‍ മോചിപ്പിക്കേണ്ട ഫലസ്തീന്‍ തടവുകാരുടെ പട്ടികയില്‍ അബ്ദുല്ല അല്‍ബര്‍ഗൂത്തിയുടെ പേര് നിര്‍ദേശിക്കപ്പെട്ടെങ്കിലും ഇസ്രായിൽ സമ്മതിച്ചില്ല.
ഇബ്രാഹിം ഹാമിദ്
രണ്ടാം ഇന്‍തിഫാദ കാലത്ത് വെസ്റ്റ് ബാങ്കിലെ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ കമാന്‍ഡറായിരുന്നുവെന്ന് ഇസ്രായില്‍ പറയുന്ന ഇബ്രാഹിം ഹാമിദും ഈ കൂട്ടത്തിൽ പെടുന്നു. 2002 ലെ റിഷോണ്‍ ലെസിയോണില്‍ നടന്ന ഷെഫീല്‍ഡ് ആക്രമണവും , ഹീബ്രു യൂണിവേഴ്‌സിറ്റി ആക്രമണവും ആസൂത്രണം ചെയ്ത ഇബ്രാഹിമിനെ 2012 ജൂണ്‍ 27 നാണ് അറസ്റ്റ് ചെയ്തത്. ശേഷം 54 ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
അഹ്മദ് സഅദാത്ത്
ആറു പേരിൽ നാലാമത്തെയാൾ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിക്കുന്ന അഹ്മദ് സഅദാത്താണ്. 2002 ല്‍ ഫലസ്തീന്‍ പ്രസിഡന്റ് യാസര്‍ അറഫാത്തിനെ ഉപരോധിച്ച ആസ്ഥാനത്ത് താമസിച്ചിരുന്ന അഹ്മദ് സഅദാത്തിനെ 2001 ഒക്ടോബര്‍ 17 ന് മുന്‍ ഇസ്രായിലി ടൂറിസം മന്ത്രി റെഹാവം സീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാൻ നിർബന്ധം പിടിച്ചു. എന്നാല്‍ 2006 മാര്‍ച്ച് 14 ന് ഇസ്രായില്‍ സൈന്യം ജെറിക്കോ ജയിലില്‍ അതിക്രമിച്ചു കയറി സഅദാത്തിനെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. ശേഷം അഹ്മദ് സഅദാത്തിനെ 30 വര്‍ഷം തടവിന് ശിക്ഷിച്ചു.
അബ്ബാസ് അല്‍സയ്യിദ്
തൂല്‍കറമിലെ ഹമാസ് സൈനിക വിഭാഗം കമാന്‍ഡറായിരുന്നു അബ്ബാസ് അല്‍സയ്യിദ്. 2002 ല്‍ നെതന്യയിലെ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ അദ്ദേഹത്തിന് പങ്കുള്ളതായി ഇസ്രായില്‍ ആരോപിക്കുന്നു. 35 ഇസ്രായിലികളുടെ കൊലപാതകത്തില്‍ പങ്കുള്ളതായി കുറ്റപ്പെടുത്തി അദ്ദേഹത്തിന് 35 ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ഹസന്‍ സലാമ
അല്‍ഖസ്സാം ബ്രിഗേഡ്‌സ് സ്ഥാപിതമായതു മുതല്‍ അതിന്റെ ഏറ്റവും പ്രമുഖ നേതാക്കളില്‍ ഒരാളായ ഹസന്‍ സലാമയാണ് അവസാനത്തെയാൾ. ആദ്യകാലങ്ങളില്‍ തന്നെ ഹമാസില്‍ ചേര്‍ന്ന ഹസന്‍ 1996ല്‍ ജറൂസലമിലെ റൂട്ട് 18 ല്‍ നടത്തിയ ആക്രമണത്തിൽ 45 ഇസ്രായിലികള്‍ കൊല്ലപ്പെട്ടു. കൂടാതെ മറ്റൊരു ആക്രമണത്തിന്റെയും ആസൂത്രകരില്‍ ഒരാളായി ഹസന്‍ സലാമയെ ഇസ്രായില്‍ വിശേഷിപ്പിച്ചു. ഹസന്‍ സലാമക്ക് 46 ജീവപര്യന്തം തടവാണ് ഇസ്രായില്‍ കോടതി ശിക്ഷ വിധിച്ചത്.