വാഷിംഗ്ടണ്‍ – ഹമാസ് വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി വൈറ്റ് ഹൗസില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ട്രംപ്. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതയെ കുറിച്ച് തനിക്കറിയില്ല. ഹമാസ് കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് വെടിനിര്‍ത്തല്‍ വേണമെന്ന്, ഇസ്രായിലും ഹമാസും തമ്മില്‍ ഗാസയില്‍ നടക്കുന്ന പോരാട്ടം ഇരുപക്ഷവും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ തടസ്സപ്പെടുത്തുമോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ നിലവിലെ വാഗ്ദാനം അവസാനത്തേതായിരിക്കാമെന്നും ട്രംപ് പറഞ്ഞു.
സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് മികച്ച നേതാക്കളുണ്ട്. മിഡില്‍ ഈസ്റ്റിലെ കാര്യങ്ങള്‍ വൈകാതെ സ്ഥിരത കൈവരിക്കും. ഇറാന്‍ അമേരിക്കയുമായി കൂടിക്കാഴ്ച നടത്താനും സമാധാനം സ്ഥാപിക്കാനും ആഗ്രഹിക്കുന്നു. ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ ഒരു തീയതി നിശ്ചയിച്ചിട്ടുണ്ട്. അത് ഉടന്‍ പ്രഖ്യാപിക്കും. ഇറാനെതിരെ പുതിയ സൈനിക ആക്രമണങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇറാന്‍ ഒരു ആണവ രാഷ്ട്രമാകില്ല. ഇറാന്റെ ആണവ പദ്ധതി ഇല്ലാതാക്കിയ ശേഷം ഇറാനെ വീണ്ടും ആക്രമിക്കേണ്ടിവരില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇറാനെതിരായ ഉപരോധങ്ങള്‍ ഉചിതമായ സമയത്ത് പിന്‍വലിക്കും.
സിറിയക്കെതിരായ യു.എസ് ഉപരോധങ്ങള്‍ അടുത്തിടെ പിന്‍വലിച്ചത് സിറിയയെ മുന്നോട്ട് നയിക്കാന്‍ സഹായിക്കും. ഇറാന്‍ സമാനമായ നടപടി സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു. ഉചിതമായ സമയത്ത്, ഉപരോധങ്ങള്‍ നീക്കി അവര്‍ക്ക് അവരുടെ രാജ്യം പുനര്‍നിര്‍മിക്കാനുള്ള അവസരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അമേരിക്കക്ക് മരണം, യുനൈറ്റഡ് സ്റ്റേറ്റ്‌സിന് മരണം, ഇസ്രായിലിന് മരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനു പകരം ഇറാന്‍ സമാധാനപരമായ രീതിയില്‍ സ്വയം പുനര്‍നിര്‍മിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഉക്രൈനിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ അയക്കും. സമാധാനപരമായ സമീപനം സ്വീകരിക്കാത്തതിന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനോടുള്ള തന്റെ അതൃപ്തി ട്രംപ് ആവര്‍ത്തിച്ചു. ഉക്രൈനിലേക്കു ചില ആയുധ കയറ്റുമതി നിര്‍ത്തുമെന്ന് കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.
ഓവല്‍ ഓഫീസില്‍ ഔപചാരിക ചര്‍ച്ചകള്‍ക്ക് പകരം സ്വകാര്യ അത്താഴവിരുന്നിലാണ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ രാത്രി വാഷിംഗ്ടണില്‍ എത്തിയ ശേഷം, ട്രംപുമായുള്ള ചര്‍ച്ചകള്‍ക്ക് തയാറെടുക്കാനായി നെതന്യാഹു മിഡില്‍ ഈസ്റ്റിലേക്കുള്ള ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയുമായും കൂടിക്കാഴ്ച നടത്തി.
ജനുവരിയില്‍ ട്രംപ് വീണ്ടും അധികാരത്തിലെത്തിയ ശേഷം നെതന്യാഹുവിന്റെ വൈറ്റ് ഹൗസിലേക്കുള്ള മൂന്നാമത്തെ സന്ദര്‍ശനമാണിത്. ഇസ്രായിലിന്റെ വ്യോമാക്രമണങ്ങളെ പിന്തുണക്കാനായി ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യു.എസ് വ്യോമാക്രമണത്തിന് ട്രംപ് കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു. 12 ദിവസത്തെ ഇറാന്‍-ഇസ്രായില്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ ട്രംപ് പിന്നീട് സഹായിച്ചു. ഇതിനു പിന്നാലെയാണ് നെതന്യാഹു വാഷിംഗ്ടണിലെത്തി ട്രംപുമായി ചര്‍ച്ച നടത്തിയത്.