തെല്‍അവീവ് – ഗാസ നഗരത്തില്‍ കരയാക്രമണം വ്യാപിപ്പിക്കുന്നതിനു പകരം താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറില്‍ എത്തണമെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് രഹസ്യമായി ആവശ്യപ്പെടുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസ നഗരത്തിലെ സൈനിക നടപടി ഗാസ മുനമ്പില്‍ ഇസ്രായില്‍ സൈനിക ഭരണം ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചേക്കാമെന്ന് ചീഫ് ഓഫ് സ്റ്റാഫ് ഇയാല്‍ സാമിര്‍ ഞായറാഴ്ച വൈകുന്നേരം നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹുവിനും മറ്റ് മുതിര്‍ന്ന മന്ത്രിമാര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായി ഇസ്രായില്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറഞ്ഞു.
മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയും വിദേശ മന്ത്രി ഗിഡിയോന്‍ സാഅറും സമീപ ആഴ്ചകളില്‍ ഗാസ സിറ്റിയിലെ ആക്രമണവുമായി മുന്നോട്ടുപോകുന്നതില്‍ മടി പ്രകടിപ്പിച്ചു. ഗാസയില്‍ ശേഷിക്കുന്ന ഇസ്രായിലി ബന്ദികളില്‍ ചിലരെയെങ്കിലും മോചിപ്പിക്കാന്‍ സഹായിക്കുന്ന നിലക്ക് ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിലെത്തണമെന്ന് ഇയാല്‍ സാമിറിനൊപ്പം ചേര്‍ന്ന് ഇരുവരും ആവശ്യപ്പെട്ടു.
മരണസംഖ്യ വര്‍ധിച്ചുവരുന്നതിനെതിരെ അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍, യുദ്ധം തുടരുന്നതിന്റെ നയതന്ത്ര ചെലവിനെ കുറിച്ച് സാഅറിന് ആശങ്കയുണ്ടെന്നും ഇപ്പോള്‍ കഴിയുന്നത്ര ബന്ദികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് സാഅര്‍ വിശ്വസിക്കുന്നതായും ഇസ്രായിലി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ മധ്യസ്ഥര്‍ അവതരിപ്പിച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള ഇസ്രായിലിന്റെ പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഈ നിര്‍ദേശം ഹമാസും മറ്റു ഫലസ്തീന്‍ വിഭാഗങ്ങളും അംഗീകരിച്ചിട്ടുണ്ട്.
ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മുഴുവന്‍ ഗാസയില്‍ നിന്നും എല്ലാ അധിനിവേശ സേനയെയും പിന്‍വലിക്കുക, ഗാസയിലേക്ക് എല്ലാ അവശ്യവസ്തുക്കളുടെയും പ്രവേശനം അനുവദിക്കാനായി ക്രോസിംഗുകള്‍ തുറക്കുക, പുനര്‍നിര്‍മാണ പ്രക്രിയ ആരംഭിക്കുക എന്നിവക്കുള്ള കരാറിന്റെ ഭാഗമായി, പരസ്പരം സമ്മതിക്കുന്ന നിശ്ചിത എണ്ണം ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി മുഴുവന്‍ ഇസ്രായിലി ബന്ദികളെയും മോചിപ്പിക്കുന്ന സമഗ്ര കരാറില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് പ്രസ്താവനയില്‍ ആവര്‍ത്തിച്ചു.