ന്യൂജേഴ്സി: ഗർഭിണികൾ ശ്വസിക്കുന്ന അന്തരീക്ഷവായുവിലൂടെ അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ (Polyamide-12/ പിഎ-12) ഗർഭസ്ഥ ശിശുക്കളുടെ പ്രധാന ആന്തരാവയവങ്ങളിലേക്ക് പ്രവേശിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പഠന റിപോർട്ട്. യു.എസിലെ ന്യൂജേഴ്സി റട്ജേഴ്സ് സർവകലാശാലയിലെ ഗവേഷകർ ഗർഭമുള്ള എലികളെ ഉപയോഗിച്ച് നടത്തിയ വിശദമായ പഠനത്തിലാണ് ഈ കണ്ടെത്തൽ. അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയ വായു ശ്വസിച്ച എലികൾ പ്രസവിച്ച കുഞ്ഞുങ്ങളുടെ തലച്ചോറിലും വൃക്കകളിലും ഹൃദയത്തിലും കരളിലുമാണ് പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. ജീവൻ നിലനിർത്തുന്നതിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ആന്തരാവയവങ്ങളിലെ പ്ലാസ്റ്റിക് സാന്നിധ്യം ഈ കുഞ്ഞുങ്ങളിൽ ദീർഘകാല ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗവേഷകർ പറയുന്നു. സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ് ജേണലിലാണ് ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചത്.
ആന്തരാവയവങ്ങളിൽ പ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടായിരിക്കരുത്. കരളിലും മറ്റു അവയവങ്ങളിലും ഇപ്പോൾ ഇതുണ്ടെന്ന് അറിഞ്ഞിരിക്കുന്നു. ഇതെങ്ങനെ വന്നു, എന്താണ് പ്രത്യാഘാതങ്ങൾ എന്നിവയെ കുറിച്ച് മനസ്സിലാക്കലാണ് അടുത്ത പടി, ഗവേഷണത്തിന് നേതൃത്വം നൽകിയ റട്ജേഴ്സ് ഏണസ്റ്റ് മാരിയോ സ്കൂൾ ഓഫ് ഫാർമസി ആന്റ് ടോക്സിക്കോളജിയിലെ അസോസിയേറ്റ് പ്രൊഫസർ ഫോബ് എ സ്റ്റേപ്ൾടൻ പറഞ്ഞു.
ഗർഭിണികളായ ആറ് എലികളെ ഫൂഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണങ്ങൾ അടങ്ങിയ വായു 10 ദിവസം ശ്വസിപ്പിച്ചാണ് സ്റ്റേപ്പിളും സംഘവും പഠനം നടത്തിയത്. ഗർഭകാലത്ത് അമ്മയുടേയും ഗർഭപിണ്ഡത്തിന്റേയും രക്തം നേരിട്ട് കൂടിക്കലരാത്ത രക്തചംക്രമണമാണ് സംവിധാനമാണ് മനുഷ്യരിലും എലികളിലുമുള്ളത്. ഈ സമാനത ഉള്ളതിനാൽ എലികളാണ് ഈ പരീക്ഷണത്തിന് ഏറ്റവും അനുയോജ്യം.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന നിത്യോപയോഗ വസ്തുക്കളിൽ നിന്നും ഉപകരണങ്ങളിൽ നിന്നും, ഓക്സിഡേഷനിലൂടേയുമാണ് അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ നാം ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ കലരുന്നത്. ഇങ്ങനെ മലീനികരിക്കപെടുന്ന വായു ശ്വസിക്കുന്നതിലൂടെയും ഭക്ഷണത്തിലൂടേയും സൂക്ഷ്മവും അതിസൂക്ഷ്മവുമായ പ്ലാസ്റ്റിക് കണങ്ങൾ മനുഷ്യരുടെ ഉള്ളിലുമെത്തുന്നു. ഈ പ്ലാസ്റ്റിക് മാലിന്യ കണങ്ങൾ പ്ലസന്റയെ മറികടന്ന് ഭ്രൂണ കോശങ്ങളിൽ വന്നടിയുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തിയത്. അതേസമയം, ജനനത്തിനും ശേഷവും എത്ര കാലം ഈ പ്ലാസ്റ്റിക് കണങ്ങൾ കോശങ്ങളിൽ തുടരുമെന്നതിനെ കുറിച്ച് വ്യക്തത ലഭിക്കാനുണ്ട്. ജനനശേഷം എലിക്കുഞ്ഞുകളിൽ ഇതു കാണപ്പെടുന്നുണ്ടെന്ന് പഠനം തീർച്ചപ്പെടുത്തുന്നു. ഇത് മനുഷ്യരിലും ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.