ബഗ്ദാദ് – കിഴക്കന്‍ ഇറാഖിലെ വാസിത് ഗവര്‍ണറേറ്റില്‍ പെട്ട കുട്ട് നഗരത്തിലെ കോര്‍ണിഷ് ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധയില്‍ 61 പേര്‍ മരണപ്പെട്ടു. സിവിൽ ഡിഫൻസ് ടീമുകൾ 45-ലധികം പേരെ രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഒരാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത ഈ അഞ്ചുനില കെട്ടിടത്തിൽ, ഹൈപ്പർമാർക്കറ്റിനൊപ്പം റെസ്റ്റോറന്റും സൂപ്പർമാർക്കറ്റും പ്രവർത്തിച്ചിരുന്നു.
കോര്‍ണിഷ് ഹൈപ്പര്‍മാര്‍ക്കറ്റിലെ തീ അണക്കാന്‍ സിവില്‍ ഡിഫന്‍സ് ടീമുകളെ പൂര്‍ണമായും അണിനിരത്തിയതായി വാസിത് ഗവര്‍ണറേറ്റ് പോലീസ് കമാണ്ട് അറിയിച്ചു. ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ വാസിത് ഗവര്‍ണര്‍ മുഹമ്മദ് അല്‍മയാഹി മേല്‍നോട്ടം വഹിച്ചു.


കുട്ട് നഗരത്തിന്റെ മധ്യഭാഗത്തുള്ള കോര്‍ണിഷ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായ തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ടീമുകള്‍ക്കൊപ്പം ഗവര്‍ണറേറ്റിലെ എല്ലാ സുരക്ഷാ, സേവന വകുപ്പുകളും അഗ്നിശമന ശ്രമങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതായും വാസിത് ഗവര്‍ണറേറ്റ് പോലീസ് കമാണ്ട് പറഞ്ഞു.
അഗ്നിബാധയുണ്ടായ കെട്ടിടത്തിന്റെ മുകള്‍ നിലകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സിവില്‍ ഡിഫന്‍സിന് സാധിച്ചതായി വാസിത് ഗവര്‍ണറേറ്റ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.