ഗാസ – ഗാസയെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കിയ രണ്ട് വര്‍ഷം നീണ്ട യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നൂറിലേറെ യുവതീയുവാക്കള്‍ സമൂഹവിവാഹത്തിലൂടെ ദാമ്പത്യജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. സാധാരണ ജീവിതം നയിക്കാന്‍ ആവശ്യമായ എല്ലാം തകര്‍ന്നടിഞ്ഞ, ഇപ്പോഴും കടുത്ത ഉപരോധത്തില്‍ കഴിയുന്ന, പതിനായിരക്കണക്കിന് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഗാസ മുനമ്പിലെ ജനനങ്ങള്‍ക്ക് പ്രതീക്ഷയുടെ തിളക്കം തിരികെ നല്‍കിയ ആഘോഷമായി സമൂഹവിവാഹം മാറി. യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലുള്ള ജീവിതത്തിന്റെ ധിക്കാരപരമായ ആഘോഷം.
ഗാസ മുനമ്പിലെ രണ്ട് വര്‍ഷത്തെ സംഘര്‍ഷത്തിന്റെ പാടുകളായ തകര്‍ന്ന കെട്ടിടങ്ങളും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളും അടങ്ങിയ പശ്ചാത്തലം രക്തം ഘനീഭവിക്കുന്ന വ്യത്യസ്തമായ കഥ പറഞ്ഞു.
അവശിഷ്ടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വിരിച്ച ചുവന്ന പരവതാനിയിലൂടെ 54 ദമ്പതികള്‍ കൈകോര്‍ത്ത് ഡ്രമ്മുകളുടെ താളത്തില്‍ പരേഡ് ചെയ്ത് താല്‍ക്കാലിക വേദിയിലേക്ക് കയറി.
വര്‍ണാഭമായ ഫലസ്തീന്‍ നാടോടി ഡിസൈനുകള്‍ കൊണ്ട് എംബ്രോയ്ഡറി ചെയ്ത വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് അണിഞ്ഞൊരുങ്ങിയ വധുക്കള്‍ ചുവപ്പ്, വെള്ള, പച്ച നിറങ്ങളിലുള്ള ഫലസ്തീന്‍ പതാകയുടെ നിറങ്ങള്‍ അടങ്ങിയ പൂച്ചെണ്ടുകള്‍ കൈയിലേന്തി. വരന്മാര്‍ കറുത്ത സ്യൂട്ടുകളും ടൈകളും ധരിച്ച് അവരുടെ കൈപിടിച്ച് ചെറിയ പതാകകള്‍ വീശി നടന്നു. പരമ്പരാഗത സംഗീതത്തിന്റെയും നൃത്തങ്ങളുടെയും അകമ്പടിയോടെ നടന്ന ചടങ്ങ് നൂറുകണക്കിന് കാണികളെ നഗര ചത്വരത്തിലേക്ക് ആകര്‍ഷിച്ചു. രണ്ട് വര്‍ഷത്തെ വിനാശകരമായ യുദ്ധത്തിനും ഞെരുക്കുന്ന മാനുഷിക പ്രതിസന്ധിക്കും ശേഷം നവദമ്പതികള്‍ ജാഗ്രതയോടെയുള്ള ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ചുറ്റുമുള്ള വ്യാപകമായ നാശത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, എല്ലാ വേദനകളും ഉണ്ടായിരുന്നിട്ടും സമൂഹ വിവാഹത്തില്‍ പങ്കെടുത്തവര്‍ അവരുടെ അതിയായ സന്തോഷം പ്രകടിപ്പിക്കാന്‍ മടിച്ചില്ല. തകര്‍ന്ന കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ചത്വരരത്തിന്റെ മധ്യത്തിലാണ് ദമ്പതികള്‍ കയറിയ വേദി നിര്‍മ്മിച്ചത്. നൂറുകണക്കിന് ആഹ്ലാദഭരിതരായ ഗാസ നിവാസികള്‍ വധൂവരന്മാര്‍ക്കു മുന്നില്‍ ഇരുന്നു. ജനക്കൂട്ടത്തിനിടയില്‍ മുഴങ്ങിയ ഫലസ്തീന്‍ നാടോടി ഗാനങ്ങള്‍ക്കൊപ്പം അവര്‍ കൈകൊട്ടി. തകര്‍ന്നടിഞ്ഞ ചുറ്റുമുള്ള പ്രദേശങ്ങളിലൂടെ അത് പ്രതിധ്വനിച്ചു. യുവാക്കളും കുട്ടികളും അവശിഷ്ടങ്ങളില്‍ കയറിനിന്നു. പലരും ഫലസ്തീന്‍ പതാകകള്‍ വീശി. കുറഞ്ഞത് 70,117 പേരുടെ ജീവന്‍ അപഹരിക്കുകയും ഏകദേശം 1,71,000 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത യുദ്ധത്തില്‍ നിന്ന് അതിജീവിച്ച ദമ്പതികള്‍ക്കൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ സന്തോഷം പ്രകടമായിരുന്നു.
വെടിനിര്‍ത്തല്‍ ഗാസ നിവാസികളെ പതുക്കെയാണെങ്കിലും അവരുടെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് വര്‍ണിക്കാന്‍ കഴിയാത്ത ഒരു വികാരമാണ് – വരന്‍ ഹിക്മത്ത് ഉസാമ പറഞ്ഞു. യുദ്ധത്തിനും ഞങ്ങള്‍ അനുഭവിച്ച നാശത്തിനും ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനും ആഘോഷിക്കാനും പുതിയ ജീവിതം കെട്ടിപ്പടുക്കാനും ഞങ്ങള്‍ ശ്രമിക്കുകയാണ് – ഹിക്മത്ത് ഉസാമ പറഞ്ഞു.
ദി ഡ്രസ്സ് ഓഫ് ജോയ് എന്ന് പേരിട്ട സമൂഹ വിവാഹം, ഗാസ മുനമ്പിന് സഹായം നല്‍കിയ യു.എ.ഇയിലെ അല്‍ഫാരിസ് അല്‍ശഹം ഫൗണ്ടേഷന്‍ ആണ് സംഘടിപ്പിച്ചത്. ഗാസ മുനമ്പിലെ ജനങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന സന്ദേശം വ്യക്തമാക്കാനാണ് സമൂഹ വിവാഹത്തിന് അവശിഷ്ടങ്ങള്‍ക്കിടയിലെ സ്ഥലം തെരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന്‍ മീഡിയ ഓഫീസര്‍ ശരീഫ് അല്‍നൈറാബ് പറഞ്ഞു. ഗാസയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടി അവശിഷ്ടങ്ങളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. അങ്ങിനെ ഗാസ സന്തോഷിക്കും. ദൈവം അനുവദിച്ചാല്‍ ഞങ്ങള്‍ അതിന്റെ ഭാവി പുനഃസ്ഥാപിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും – ശരീഫ് അല്‍നൈറാബ് കൂട്ടിച്ചേര്‍ത്തു.
യുദ്ധത്തില്‍ ഗാസയിലുണ്ടായ അവശിഷ്ടങ്ങള്‍ക്ക് 5.35 കോടി ടണ്‍ ഭാരമുള്ളതായി കണക്കാക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ സാറ്റലൈറ്റ് സെന്റര്‍ പറഞ്ഞു. ഗാസയില്‍ 6.15 കോടി ടണ്‍ അവശിഷ്ടങ്ങളുള്ളതായി യു.എന്‍ ഡാറ്റകള്‍ വ്യക്തമാക്കുന്നതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക, ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഇസ്രായിലും ഹമാസും തമ്മില്‍ ഒക്ടോബര്‍ 10 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. എന്നിരുന്നാലും, അതിനുശേഷവും അക്രമം പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ഗാസയില്‍ 360 പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.



